‘നേര്’ 50 കോടി; അഭയമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്
Mail This Article
50 കോടി ക്ലബിൽ കയറിയ നേരിന്റെ വിജയം ആഘോഷിച്ച് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്. കോട്ടയം സെൻട്രൽ സിനിമാസിൽ വച്ചു നടന്ന ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകരും സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികളും പങ്കെടുത്തു. കേക്കു മുറിച്ചും മധുരം പങ്കുവച്ചുമാണ് ആരാധകർ നേരിന്റെ വിജയം ആഘോഷിച്ചത്. ചിത്രത്തിൽ വില്ലനായി വേഷമിട്ട ശങ്കർ ഇന്ദുചൂഡൻ, എഡിറ്റർ വിനായക് എന്നിവർ വിശിഷ്ടാതിഥികളായി.
കോട്ടയത്ത് പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിലെ നൂറോളം അന്തേവാസികൾ നേര് കാണാൻ തിയറ്ററിലെത്തിയിരുന്നു. അവരിൽ പലരും ആദ്യമായിട്ടാണ് സിനിമ കാണാൻ തിയറ്ററിലെത്തുന്നതെന്ന് സ്നേഹക്കൂടിന്റെ കോർഡിനേറ്റർ പറഞ്ഞു. അഭയമന്ദിരത്തിന്റെ രജതജൂബിലിയും നേരിന്റെ വിജയ കൂട്ടായ്മയ്ക്കൊപ്പം ആഘോഷിച്ചു.
ബോക്സ്ഓഫിസിൽ കൊടുങ്കാറ്റായി മാറുകയാണ് ‘നേര്’. ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം കോടികളാണ് ഓരോ ദിവസവും ബോക്സ്ഓഫിസിൽ നിന്നും വാരിക്കൂട്ടുന്നത്. ഇതോടെ അൻപത് കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ ചിത്രമായി നേര് മാറി.
പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം, ഒടിയൻ എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രങ്ങൾ. ക്രിസ്മസ് അവധി വന്നതും മറ്റു വലിയ ചിത്രങ്ങൾ റിലീസിനെത്താത്തതും സിനിമയ്ക്കു ഗുണം ലഭിച്ചു. റിലീസിന് 200 സ്‍ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്‍ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്‍ക്രീനുകള്‍ ഇന്നു മുതല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ‘എലോണി’നുശേഷം തിയറ്ററുകളിലെത്തുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘നേര്’. രജനികാന്ത് ചിത്രം ‘ജയിലറി’ലെ മോഹൻലാലിന്റെ അതിഥിവേഷവും ആരാധകർ ആഘോഷമാക്കിയിരുന്നു.
അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേതെന്നും റിപ്പോർട്ട് ഉണ്ട്. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. സിദ്ദീഖ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം.
കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു. അതോടൊപ്പം ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ.