‘വാലിബന്’ ക്ലീൻ യു/എ സർട്ടിഫിക്കറ്റ്; ദൈർഘ്യം 2 മണിക്കൂർ 35 മിനിറ്റ്

Mail This Article
മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ മലയാളം പതിപ്പിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിനു നൽകിയത്. 2 മണിക്കൂർ 35 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ചിത്രത്തിന്റെ ട്രെയിലർ ഇന്നു വൈകിട്ട് റിലീസ് ചെയ്യും.
അതേസമയം സിനിമ രണ്ട് ഭാഗങ്ങളിലാണ് ഒരുങ്ങുന്നുതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഒരു സിനിമയിൽ അവസാനിക്കുന്ന ചിത്രമല്ല വാലിബനെന്നും അതിന്റെ കഥ രണ്ടു ഭാഗങ്ങളായാകും പ്രേക്ഷകരിലേക്കെത്തുന്നതെന്നുമാണ് സൂചനകൾ. വാലിബന്റെ കഥ പ്രേക്ഷകരിലേക്ക് പൂർണമായി എത്താൻ രണ്ടു ഭാഗങ്ങൾ വേണ്ടിവരുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.
നേരത്തെ ‘റംബാൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം മോഹൻലാൽ വീണ്ടും ലിജോയുമായി കൈ കോർക്കുന്നുവെന്ന് വാർത്ത വന്നിരുന്നു. വാലിബന്റെ രണ്ടാം ഭാഗത്തിനായാകും ഇരുവരും വീണ്ടും കൈകോർക്കുക.
ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നു നിർമിച്ച ചിത്രം 25നു തിയറ്ററുകളിലെത്തും. പിആർഓ പ്രതീഷ് ശേഖർ.