'മലയാളിക്കിഷ്ടമാണ്, അഭിമാനമാണ്'
Mail This Article
ആസിഫ് അലി-രമേശ് നാരായണൻ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് കല സാംസ്‌കാരിക രംഗത്തെ പ്രമുഖർ. മലയാളിയുടെ ഇഷ്ടവും അഭിമാനവുമാണ് ആസിഫ് എന്നാണ് എംപി ഷാഫി പറമ്പിൽ ആസിഫിനെ വിശേഷിപ്പിച്ചത്.
‘‘'മലയാളിക്കിഷ്ടമാണ്, അഭിമാനമാണ്’’ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽനടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്‌കാര ദാന ചടങ്ങിൽ ആണ് സംഭവം. രമേശ് നാരായണന് പുരസ്‌കാരം നൽകാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്. തെറ്റുപറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ഈ വിവാദങ്ങൾക്കു ശേഷം രമേശ് നാരായണൻ പ്രതികരിച്ചത്. ആസിഫ് ഫലകം തരാനാണ് എത്തിയതെന്ന് മനസിലായില്ലെന്നും രമേശ് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.