അഭിനേതാക്കളെ ആക്ഷേപിക്കുന്ന വിഡിയോ; 23 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് തെലുങ്ക് താര സംഘടന
Mail This Article
തെലുങ്ക് സിനിമ താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വിഡിയോകള്‍ പങ്കുവച്ച 23 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് തെലുങ്ക് താര സംഘടന. വിഷ്ണു മഞ്ചുവിന്റെ നേതൃത്വത്തിലുള്ള മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (MAA) ഈ വിഷയത്തിൽ ഡിജിപിക്കു നേരിട്ടു പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടി ആരംഭിച്ചത്.
അടുത്തിടെ സിനിമ താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്‍റെ പേരില്‍ യൂട്യൂബർ പ്രണീത് ഹനുമന്തു അറസ്റ്റിലായിയിരുന്നു. ഇതിനു പിന്നാലെയാണ് മാ സംഘടനയുടെ നീക്കം. അഭിനേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആക്ഷേപിക്കുക, നടീനടന്മാരെ ട്രോളുക എന്നിങ്ങനെയുള്ള വിഡിയോകൾ പങ്കുവയ്ക്കുന്ന ചാനലുകൾക്കെതിരെയാണ് ആദ്യ ഘട്ട നടപടി ആരംഭിച്ചിരിക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ മാ സംഘടന ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ചും പിന്നീട് ബാക്കിയുള്ള ചാനലുകളും യൂട്യൂബ് നീക്കം ചെയ്തുവെന്നാണ് വിവരം. പൂട്ടിച്ച ചാനലുകളുടെ ലിസ്റ്റും തെലുങ്ക് താര സംഘടന പുറത്തുവിട്ടിട്ടുണ്ട്.
ജൂലൈ 10 ന് താര സംഘടനയുടെ തലവനും നടനും നിര്‍മാതാവുമായ വിഷ്ണു മഞ്ചു തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ വിഷയവുമായി ബന്ധപ്പെട്ടൊരു വിഡിയോ പങ്കുവച്ചിരുന്നു. തെലുങ്ക് താര സംഘടനയുടെ നടപടിയെ പ്രശംസിച്ച് നടി മീന, രാധിക ശരത്കുമാർ അടക്കമുള്ളവർ രംഗത്തുവന്നു.