റിലീസിന് മുമ്പേ നമ്പർ വൺ; ഐഎംഡിബിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി ‘ഗെറ്റ് സെറ്റ് ബേബി’

Mail This Article
ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയായി ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’. ബോളിവുഡ് മുൻനിര നായകൻമാരുടെ ചിത്രങ്ങളെ കടത്തിവെട്ടി 45.4 റേറ്റിങ്ങോടെയാണ് സിനിമ ടോപ് വണ്ണിലെത്തിയത്. റിലീസിനു മുന്നേയാണ് ഒരു മലയാള ചിത്രം ഈ നേട്ടത്തിലെത്തുന്നത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഫാമിലി എന്റർടെയ്നർ’ ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തും. സാമൂഹിക പ്രസക്തിയുള്ള ഒരു ഫാമിലി എന്റർടൈനറാണിത്.
പാൻ ഇന്ത്യൻ സിനിമയായ മാർക്കോയ്ക്ക് ശേഷം ആക്ഷനും വയലൻസും മാറ്റിവച്ച് കുടുംബ നായകനായാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചിത്രത്തിൽ ഗൈനോക്കോളജിസ്റ്റ് ആയാണ് താരം വേഷമിടുന്നത്. നിഖില വിമലാണ് നായിക. മാർക്കോ സിനിമ ആസ്വദിക്കാൻ പറ്റാഞ്ഞതിൽ കുടുംബ പ്രേക്ഷകർക്ക് പരാതിയായിരുന്നു. എന്നാൽ കുടുംബ പ്രേക്ഷകരെ മുൻനിർത്തിയുള്ള സിനിമയായ ഗെറ്റ് സെറ്റ് ബേബി പൊട്ടിച്ചിരിയും തമാശയുമായി എത്തുന്ന ചിത്രം കൂടിയാണ്. ഐവിഎഫ് ചികിത്സരീതി വാടക ഗർഭപാത്രം എന്നീ വിഷയങ്ങളെ പറ്റിയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഉണ്ണി മുകുന്ദന്റേതായി വരുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്.
ആർഡിഎക്സിനു ശേഷം അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സ്കന്ദാ സിനിമാസും കിങ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യ സംരംഭമാണ് ഈ സിനിമ. ചെമ്പൻ വിനോദ്, ജോണി അന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.