മോഹൻലാൽ സർ ഈ സിനിമയ്ക്ക് പ്രതിഫലം വാങ്ങിയിട്ടില്ല: പൃഥ്വിരാജ് പറയുന്നു

Mail This Article
‘എമ്പുരാൻ’ സിനിമയ്ക്കു വേണ്ടി മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനു പുറമെ ഹോളിവുഡ് താരങ്ങളായ ജെറോം ഫ്ലിൻ ഉൾപ്പടെയുള്ളവർ ചിത്രത്തിനു വേണ്ടി നിലകൊണ്ടുവെന്നും താരം പറഞ്ഞു. പിങ്ക്‌വില്ലയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വി.
‘‘മോഹൻലാൽ സർ ഈ സിനിമയ്ക്കായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതുകൊണ്ടാണ് ഈ സിനിമ സാധ്യമായത്. ‘എമ്പുരാന്’ വേണ്ടി ചെലവ് ചെയ്യാൻ കഴിയുന്ന ഫണ്ട് അതിന്റെ നിർമാണത്തിന് വേണ്ടി തന്നെ ചെലവഴിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു സിനിമ നിർമിക്കാൻ 100 കോടി ചെലവഴിച്ചിട്ട് അതിൽ 80 കോടിയും താരങ്ങളുടെ പ്രതിഫലം കൊടുത്ത് ബാക്കി 20 കോടിയിൽ സിനിമ നിർമിക്കുന്ന ആളല്ല ഞാൻ.
ഞങ്ങൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾക്കെല്ലാം പൂർണ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് എത്രത്തോളം മികച്ചതാക്കാൻ പറ്റും എന്നാണ് ഞങ്ങൾ ചിന്തിച്ചത്. വിദേശ അഭിനേതാക്കളായ ജെറോം ഫ്ലിൻ, ആൻഡ്രിയ തുടങ്ങിയവരും ഞങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ അന്തസത്ത മനസ്സിലാക്കിയിരുന്നു, അവരും ഒരു ‘ഉപകാരം’ എന്ന നിലയിലാണ് വന്നു അഭിനയിച്ചു പോയത്. ഇതുപോലെ തന്നെ മുൻപ് ഞാൻ നിർമിച്ച സിനിമയിൽ അഭിനയിച്ച നടൻ അക്ഷയ് കുമാറും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല. സിനിമ ലാഭമുണ്ടാക്കിയാൽ മാത്രമേ ഞാൻ എന്റെ പ്രതിഫലം എടുക്കൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ സിനിമ നന്നായി ഓടിയില്ല അതുകൊണ്ട് അദ്ദേഹം പണമൊന്നും വാങ്ങിയതുമില്ല.’’ പൃഥ്വിരാജ് പറഞ്ഞു.
‘‘ഞാൻ മാത്രമല്ല, പൃഥ്വിയും അങ്ങനെ തന്നെ. ഈ സിനിമയിൽ ഞങ്ങൾ എത്ര പണം ചെലവഴിച്ച്ു എന്നത് നിങ്ങൾക്ക് സ്‌ക്രീനിൽ കാണാൻ കഴിയും. ചില സിനിമകളിൽ അത് സ്‌ക്രീനിൽ വരില്ല. പക്ഷേ ഈ സിനിമ കാണുമ്പോൾ തീർച്ചയായും നമ്മൾ എത്ര പണം മുടക്കി എന്ന് നിങ്ങൾക്ക് മനസ്സിലാകും.’’–മോഹൻലാൽ കൂട്ടിച്ചേർത്തു.