ADVERTISEMENT

പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കലക്‌ഷനില്‍ വാസ്തവിരുദ്ധതയുണ്ടെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിൽ പിന്തുണയുമായി സംവിധായകൻ വിനയനും. ചില താരങ്ങൾ കാണിക്കുന്ന അഹങ്കാരത്തിന് ആ വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അതിന് ആ താരങ്ങളെ വിളിച്ചു വരുത്തി സംഘടന മുഖത്തു നോക്കി സംസാരിക്കാൻ ധൈര്യം കാണിക്കണമെന്ന് വിനയൻ പറയുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ നഷ്ടം വന്ന സിനിമയാണെന്ന കണക്ക് ഇറക്കിയത് തെറ്റു തന്നെയാണെന്നും സംവിധായകൻ വ്യക്തമാക്കി.

‘‘കുഞ്ചാക്കോ ബോബൻ ഇന്നത്തെ മനോരമയിൽ പറഞ്ഞ ചില കാര്യങ്ങൾ സത്യസന്ധമാണ്, വസ്തുതാപരമാണ്. മലയാള സിനിമയെ നന്നാക്കാനായി ഇറങ്ങി തിരിച്ച സംഘടനകൾ സദുദ്ദേശത്തുകൂടി ആയിരിക്കാം വിമർശനങ്ങൾ തുടങ്ങിയത്. പക്ഷേ ‘കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കുന്ന’ അവസ്ഥയിലേക്കു കാര്യങ്ങൾ പോകുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫിലിം ഇൻഡസ്ട്രിയെ നിലനിർത്തി പുരോഗതിയിലേക്കു നയിക്കുക എന്നതാണ് ഈ മേഖലയിലെ ഏതു സിനിമാ സംഘടനയുടേയും ബൈലോയിൽ പ്രധാനമായും പറഞ്ഞിട്ടുള്ളത്. എന്നാൽ ഇതൊരു കെണിയാണ് ആരും ഇങ്ങോട്ടു വരരുത് മാറിപ്പൊയ്കോളൂ എന്ന് സിനിമ നിർമിക്കാൻ വരുന്ന ഏതൊരു വ്യക്തിക്കും ഇൻവസ്റ്റർക്കും തോന്നുന്ന വിധം മാധ്യമങ്ങൾക്കു മുന്നിൽ വിഴുപ്പലക്കുന്നതും, പരസ്പരം പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ പത്ര സമ്മേളനം നടത്തി പറയുന്നതും ഈ ഇൻഡസ്ട്രിയെ തകർക്കാനേ സഹായിക്കുള്ളു. 

താരമേധവിത്വത്തിനെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. 1998ൽ ‘ആകാശഗംഗ’ എന്ന സിനി നിർമിക്കുന്ന സയത്താണ് ഞാൻ നിർമാതാക്കളുടെ സംഘടനയിൽ അംഗമാകുന്നത്. 2004ൽ താരങ്ങൾക്ക് എഗ്രിമെന്റ് നിർബന്ധമായും വേണം എന്ന ഫിലിം ചേമ്പറിന്റെ അഭിപ്രാത്തിന്റെ കൂടെ ഉറച്ചു നിൽക്കുകയും താരസംഘടനയായ ‘അമ്മ’യുടെ എതിർപ്പ് വക വയ്ക്കാതെ സത്യം എന്ന സിനിമ ചെയ്ത് താരങ്ങളുടെ സമരത്തെ തോൽപ്പിച്ച് എഗ്രിമെന്റ് നടപ്പാക്കുന്നതിൽ എന്റെ എളിയ സഹായം ഞാൻ നൽകുകയും ചെയ്തിരുന്നു. അതിന്റെ കൂടി പരിണിത ഫലമാണല്ലോ എനിക്കുണ്ടായ വിലക്കും മറ്റും.

എന്നാൽ ചില താരങ്ങൾ കാണിക്കുന്ന അഹങ്കാരത്തിന് ആ വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഏതാണ്ട് പതിനഞ്ചു വർഷങ്ങൾക്കു മുൻപ് മലയള സിനിമാ ഇൻഡസ്ട്രിക്ക് ഇതിനേക്കാൾ മോശമായ ഒരവസ്ഥ ഉണ്ടായിരുന്നു സി ക്ളാസ് തിയറ്ററുകളും ബി ക്ളാസ് തിയറ്ററുകളും ഒക്കെ നഷ്ടം കെണ്ടു പൂട്ടിപ്പോയ കാലം. പല മെയിൻ തിയറ്ററുകൾ പോലും കല്യാണ മണ്ഡപമായി മാറിയ കാലം. അന്ന് സൂപ്പർ താരങ്ങളുടെ പിടിയിലായിരുന്നു മലയാള സിനിമ. 2010ൽ പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്റെ ഒരു ജനറൽ ബോഡിയിൽ വലിയ താരങ്ങൾക്കായി സിനിമയ്ക്കുണ്ടാകുന്ന അമിത ചെലവു കുറയ്ക്കാൻ കർശന നടപടി എടുക്കണമെന്നും അതിനായി ‘അമ്മ’ സംഘടനയ്ക്കു കത്തു കൊടുക്കണമെന്നും ഞാൻ ശക്തമായി വാദിച്ചപ്പോൾ അതൊന്നും സാധ്യമാകില്ല എന്നു പറഞ്ഞ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും വഴക്കിട്ടിറങ്ങിപ്പോയ അന്നത്തെ പ്രസിഡന്റാണ് ഇന്ന് ശക്തമായ വിമർശനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം എനിക്കു രസകരമായി തോന്നുന്നു. ആ ഇറങ്ങിപ്പോക്കും ബഹളവും ഒക്കെ ആ യോഗത്തിൽ പങ്കെടുത്ത എന്റെ സുഹൃത്തുക്കളായ പല നിർമാതാക്കളും ഇന്നും ഓർക്കുന്നുണ്ടാവുമല്ലോ?

അന്ന് സിനിമാ നിർമാണത്തിൽ കുറച്ചു കൂടി സജീവമായിരുന്നു അന്നത്തെ പ്രസിഡന്റും കൂട്ടരും, പ്രമുഖ താരങ്ങളുമായുള്ള ചങ്ങാത്തം അന്ന് അവർക്കു വ്യക്തിപരമായി ഗുണം ചെയ്തിരുന്നു. അതുകൊണ്ടായിരിക്കാം അങ്ങനെ പെരുമാറിയത്. കാലങ്ങൾ എത്രയോ കഴിഞ്ഞു. അതൊക്കെ മറക്കാം. ഞാൻ ഈ പറഞ്ഞവരെല്ലാം തന്നെ മലയാള സിനിമയ്ക്കു വേണ്ടി ചെയ്ത സംഭാവനകളെ മറന്നു കൊണ്ടല്ല ഈ കുറിപ്പ് എഴുതുന്നത്. അവരൊക്കെ ബഹുമാനിക്കപ്പെടേണ്ടവർ തന്നെയാണ്. അതിന്റെ കൂടെ ചില സത്യമായ അനുഭവം പറഞ്ഞുവെന്നു മാത്രം.

ഇന്നും ഒരു മലയാളസിനിമയുടെ തിയറ്റർ വരുമാനവും മറ്റു റൈറ്റ്സുകളുടെ വരുമാനവും പരമാവധി എത്രയെന്നു മനസ്സിലാക്കാതെ രണ്ടു സിനിമാ ഹിറ്റായി ഓടിക്കഴിയുമ്പോൾ കൊട്ടത്താപ്പിനു കോടികൾ ശമ്പളം ചോദിക്കുന്ന ചില യുവതാരങ്ങളെ  നിയന്ത്രിച്ചേ മതിയാകൂ എന്നുതന്നെയാണ് എന്റ അഭിപ്രായം. അതിന് ആ താരങ്ങളെ വിളിച്ചു വരുത്തി മുഖത്തു നോക്കി സംസാരിക്കണം. കാശുമുടക്കുന്ന നിർമാതാക്കളുടെ സംഘടനയ്ക്ക് അതിനുള്ള തന്റേടം ഉണ്ടാകണം. അല്ലാതെ ആരോടോ വൈരാഗ്യം തീർക്കുന്ന രീതിയിൽ മീഡിയയിലൂടെ മലർന്നു കിടന്നു തുപ്പുകയല്ല വേണ്ടത്.

‘ഓഫിസർ’ സിനിമ നഷ്ടം വന്ന സിനിമയാണന്ന് കണക്ക് ഇറക്കിയത് തെറ്റു തന്നെയാണ്. ഓടിടി, ഓവർസീസ്, സാറ്റലൈറ്റ്, ഡബ്ബിങ് മുതലായ  റൈറ്റ്സുകൾ കൂടി കൂട്ടുമ്പോൾ ഓഫിസർ നല്ല ലാഭം നേടും എന്നാണ് പറയേണ്ടിയിരുന്നത്.. അതാണ് സത്യവും.. എങ്കിലേ ആ കണക്ക് പറച്ചിൽ വിശ്വസനീയമാകു. ഒടിടി സാറ്റലൈറ്റ് കച്ചവടത്തിന്റെ കാര്യത്തിലും കുഞ്ചാക്കോ ബോബൻ പറഞ്ഞതിൽ വസ്തുതയുണ്ട്.

ഇന്ന് ഏതു വമ്പൻ താരത്തിന്റെ ചിത്രമാണങ്കിലും തിയറ്ററിൽ റിലീസു ചെയ്ത് റിസൾട്ട് അറിഞ്ഞ ശേഷമേ ഓടിടി പോകുകയുള്ളു എന്നു വന്നിരിക്കുന്നു. അതിനു കാരണം എന്താണന്ന് എല്ലാരും സ്വയം ചിന്തിക്കു. കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യം മുതലാക്കി യാതൊരു ക്വാളിറ്റിയുമില്ലാത്ത കണ്ടന്റുകൾ പിടിപാടിന്റെയും മറ്റ് ബന്ധങ്ങളുടെയും പേരിൽ ഒടിടി കമ്പിനികൾക്കു കൊടുത്ത് വലിയ ലാഭം നേടിയ ചില നിർമാതാക്കൾക്കും സൂപ്പർ താരങ്ങൾക്കും ഇന്നത്തെ ഈ ദുരവസ്ഥയിൽ ഉത്തരവാദിത്വമുണ്ട്.. മൂന്നു കോടി ചെലവായ ചിത്രത്തിന് പത്തു കോടി ചെലവായെന്നു പറഞ്ഞ് വലിയ ലാഭം നേടിയപ്പോൾ ഭാവിയിൽ  പിന്നാലെ വരുന്ന നിർമാതാക്കളെ അതു വലുതായി ബാധിക്കും എന്നവർ ചിന്തിച്ചില്ല. മലയാളം ഇൻഡസ്ട്രിയുടെ വിശ്വാസ്യതയാണ് അവർ ഇല്ലാതാക്കിയത്.

സാറ്റലൈറ്റു കച്ചവടത്തിലും കുറേ നാളു മുൻപുവരെ ഇത്തരം ചില കള്ളക്കളികൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. കേരളത്തിലെ ഏറ്റവും വലിയ ഒരു ചാനലിന്റെ തലപ്പത്തിരുന്ന ആൾ മാറിയതോടെ  വലിയ താരങ്ങളുടെയും ചില നിർമാക്കളുടെയും ഒക്കെ വൻ തുകയ്കുള്ള സാറ്റലൈറ്റ് കച്ചവടം അവതാളത്തിലായി.  എത്ര മോശം സിനിമയാണങ്കിലും ഒന്നു വിളിച്ചു പറഞ്ഞാൽ ചിലർക്ക് കച്ചവടം ഭംഗിയായി നടക്കുമായിരുന്നു. ഈ സൗകര്യങ്ങളൊന്നും സാധാരണ നിർമാതാക്കൾക്ക് കിട്ടിയിരുന്നില്ല എന്നതോർക്കണം..

അതൊക്കെ ഓരോരുത്തരുടെ കഴിവല്ലേ നമുക്കെന്തു ചെയ്യാൻ കഴിയും എന്ന നിലപാടാണല്ലോ പലപ്പോഴും നിർമാതാക്കളുടെ സംഘടനാ നേതാക്കൾ പറയാറുള്ളത്. അതു ശരിയല്ല... ഇത്തരം കാര്യങ്ങളിൽ എല്ലാ നിർമാതാക്കൾകും തുല്യ നീതി കിട്ടാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ശ്രമിക്കണ്ടത്..അതിനാണ് സംഘടന. ‘എമ്പുരാൻ’ പോലുള്ള ബ്രമ്മാണ്ഡ സിനിമ വല്ലപ്പോഴും ഉണ്ടാകുന്നതാണല്ലോ?

മലയാളം ഇൻഡസ്ട്രിയിൽ ഇത്രയും പണം മുടക്കി ഇത്ര വലിയ ഒരു സിനിമയെടുക്കാൻ വന്ന നിർമാതാക്കളെ മലയാള സിനിമാലോകം ഒന്നടങ്കം അഭിനന്ദിക്കണം. കന്നഡയിൽ ഇതുപോലെ ചിലർ കാണിച്ച തന്റേടം കൊണ്ടാണല്ലോ അവിടൊരു ‘കെജിഎഫ്’ വന്നത്. അവരെടുത്ത വെല്ലുവിളിയുടെ ഫലമായിരുന്നു അത്. അതോടെ കന്നഡ ഇൻഡസ്ട്രിക്ക് വലിയ വളർച്ചയല്ലേ ഉണ്ടാത്. നമുക്കും അങ്ങനെ വളരാനാകട്ടേ എന്ന പ്രാർഥനയോടെ നിർത്തുന്നു

English Summary:

Director Vinayan supports actor Kunchacko Boban's statement that the Malayalam Film Producers Association's monthly collection figures are inaccurate.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com