'നിർമാണച്ചെലവ് 13 കോടിയിൽ കൂടുതലാണ്, തിരിച്ചുകിട്ടിയത് 11 കോടിയല്ല, അവർ കണക്ക് കൃത്യമായി പറയണം'; കുഞ്ചാക്കോ ബോബൻ പ്രതികരിക്കുന്നു

Mail This Article
ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ കലക്‌ഷനെപ്പറ്റി ഇപ്പോൾ പുറത്തുകേൾക്കുന്ന കണക്കുകളോടും കഥകളോടും കുഞ്ചാക്കോ ബോബൻ പ്രതികരിക്കുന്നു. ഒപ്പം ജീവിതത്തിലെയും സിനിമയിലെയും മുഖംമാറ്റത്തെക്കുറിച്ചും...
‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഒരു പരാജയ ചിത്രമാണോ? നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ പുറത്തുവിട്ട കണക്ക് താങ്കൾ ശ്രദ്ധിച്ചുകാണുമല്ലോ?
മുടക്കുമുതലിനെപ്പറ്റിയോ വിജയത്തെപ്പറ്റിയോ സംസാരിക്കേണ്ടത് ചിത്രത്തിന്റെ നിർമാതാക്കളാണ്. ഞാനോ സംഘടനാ ഭാരവാഹികളോ അല്ല. എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറയാം. ചിത്രത്തിന്റെ നിർമാണച്ചെലവ് 13 കോടിയല്ല, അതിനേക്കാൾ വളരെ കൂടുതലാണ്. നിർമാതാക്കൾക്കു തിരിച്ചുകിട്ടിയത് 11 കോടിയല്ല; അതിന്റെ ഇരട്ടിയോ അതിൽ കൂടുതലോ ആയിരിക്കും. 11 കോടി രൂപ എന്ന് സംഘടനയുടെ പ്രതിനിധികൾ പറഞ്ഞത്, കേരളത്തിലെ തിയറ്ററുകളിൽനിന്നു മാത്രം നിർമാതാവിനു ലഭിച്ച വിഹിതമായിരിക്കും. എന്നാൽ, അങ്ങനെ ലഭിച്ച തുക പോലും 11 കോടിയിൽ കൂടുതലാണ്. അവരുടെ കണക്ക് കൃത്യവുമല്ല; വ്യക്തവുമല്ല. കണക്ക് പറയുകയാണെങ്കിൽ കൃത്യമായി പറയണം.
ചിത്രം 50 കോടി ക്ലബ്ബിൽ കയറി എന്നാണല്ലോ അവകാശവാദം?
കോടി ക്ലബ്ബിന്റെ അടിസ്ഥാനം സിനിമയുടെ മൊത്തം കലക് ഷനാണ്. തിയറ്റർ ഉടമകൾക്കു നൽകിയ വിഹിതവും സർക്കാരിലേക്ക് അടച്ച ടാക്സും ഉൾപ്പെടെയുള്ള തുകയാണിത്. ഞങ്ങളുടെ സിനിമ ഏതാണ്ട് 30 കോടിയോളം രൂപ കേരളത്തിലെ തിയറ്ററുകളിൽനിന്നുമാത്രം ഇതുവരെ കലക്ട് ചെയ്തുകഴിഞ്ഞു. കൂടാതെ, കേരളത്തിനു പുറത്തും നല്ല രീതിയിൽ ചിത്രം സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ കലക് ഷൻ കൂടി കണക്കാക്കുമ്പോൾ ഉറപ്പായും 50 കോടിക്കു മുകളിലെത്തിയിട്ടുണ്ടാവും. ഒടിടി, സാറ്റലൈറ്റ്, ഓഡിയോ റൈറ്റ്, ഡബ്ബിങ് റൈറ്റ് തുടങ്ങിയവയുടെ വിൽപനയിലൂടെ ലഭിച്ച വലിയ തുകകളും ഇതിനൊപ്പം വരില്ലേ? അതൊക്കെ എന്താണ് ഇവർ കണക്കിൽ ഉൾപ്പെടുത്താത്തത്? നിർമാതാവിന് ഏതൊക്കെ രീതിയിലാണ് വരുമാനം വരുന്നതെന്ന് അറിയാത്തവരാണോ സംഘടനയുടെ പ്രതിനിധികൾ?
ഇത്തരം വിൽപനകളിലൂടെ ഓഫിസർ ഓൺ ഡ്യൂട്ടിക്ക് എത്ര രൂപ ലഭിച്ചിട്ടുണ്ടാവും?
ഒരു കാര്യം ഞാൻ ഉറപ്പു പറയാം. ഷൂട്ടിങ് നടക്കുമ്പോൾ തന്നെ ഈ സിനിമ മുടക്കുമുതലിന്റെ മുക്കാൽപങ്കും തിരിച്ചുപിടിച്ചിരുന്നു. റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്കു കടന്ന ചിത്രമാണിത്.
ഒടിടി, സാറ്റലൈറ്റ് ബിസിനസുകൾ ഇപ്പോൾ നടക്കുന്നില്ല എന്നാണല്ലോ നിർമാതാക്കൾ പറയുന്നത്?
ആരാണ് അതിനു കാരണക്കാർ? നിർമാതാക്കൾ സ്വയം ചോദിക്കേണ്ട ചോദ്യമാണത്. ഇത്തരം കച്ചവടങ്ങളുടെ മാനദണ്ഡം മൂന്നു കാര്യങ്ങളാണ്. ഒന്ന്: താരങ്ങളുടെ സാന്നിധ്യം. രണ്ട്: സംവിധായകനും തിരക്കഥാകൃത്തും ഉൾപ്പെടെയുള്ള സാങ്കേതികപ്രവർത്തകരുടെ മുൻകാല ചിത്രങ്ങളുടെ വിജയക്കണക്ക്. മൂന്ന്: സിനിമയുടെ പ്രൊഡക് ഷൻ ക്വാളിറ്റി. താരങ്ങളെ ഗസ്റ്റ് അപ്പിയറൻസിൽ കൊണ്ടുവന്നിട്ട് അവർ നായകന്മാരാണെന്നു പറഞ്ഞ് കുടുതൽ തുകയ്ക്ക് ഡിജിറ്റൽ കച്ചവടങ്ങൾ നടത്തി പറ്റിച്ചത് ആരാണ്? 10 കോടിയുടെ പടം എന്നുപറഞ്ഞിട്ട് 3 കോടിയുടെ ക്വാളിറ്റിയില്ലാതെ പടം പിടിച്ച് ഡിജിറ്റൽ പാർട്നർമാരെ പറ്റിച്ചത് ആരാണ്? അവരുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചത് അവർ തന്നെയാണ്. അതുകൊണ്ടാണ് ക്വാളിറ്റിയുള്ള ചിത്രങ്ങളുമായി ചെന്നാൽപോലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ സിനിമകൾ വാങ്ങാത്തത്.
ഇങ്ങനെയൊക്കെ പറയുമ്പോഴും, താരങ്ങൾ ശമ്പളം കുറയ്ക്കണം എന്നു പറയുന്നത് ന്യായമല്ലേ?
പരാതി പറയുന്ന നിർമാതാക്കളുടെ ചിത്രത്തിൽ ഞാൻ സൗജന്യമായി അഭിനയിക്കാം. കേരളത്തിലെ തിയറ്ററുകളിൽനിന്നു ലഭിക്കുന്ന മുഴുവൻ വരുമാനവും അവർ എടുത്തോട്ടെ. കേരളത്തിനു പുറത്തെയും വിദേശത്തെയും കലക് ഷനും ഒടിടി, സാറ്റലൈറ്റ് തുടങ്ങിയ വകയിൽ കിട്ടുന്ന പണവും എനിക്കു തന്നാൽ മതി. അങ്ങനെ കിട്ടുന്ന തുക ഇവർ കണക്കിൽ കൂട്ടുന്നില്ലല്ലോ!
ഓഫിസർ ഓൺ ഡ്യൂട്ടിയിലൂടെ സ്ക്രീനിൽ ചാക്കോച്ചന്റെ ഇമേജ് മാറി. ജീവിതത്തിലും ഇമേജ് മാറുകയാണോ?
രണ്ടിനെയും രണ്ടായി കാണണം. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം എന്നത് നടൻ എന്ന നിലയിൽ എന്റെ ആഗ്രഹവും ആവശ്യവുമാണ്. അതുകൊണ്ടാണ് ഹരിശങ്കർ എന്ന ക്ഷോഭിക്കുന്ന പൊലീസുകാരന്റെ വേഷം ഏറ്റെടുത്തത്. സത്യം തുറന്നു പറയുന്നതും അതും തമ്മിൽ ബന്ധമൊന്നുമില്ല. ഞാൻ പണ്ടും ഇങ്ങനെ തന്നെയാണ്. എന്റെ അഭിപ്രായം സത്യസന്ധമായി തന്നെ പറയുന്നയാളാണ്. അത് മാന്യമായ ഭാഷയിലായിരിക്കുമെന്നു മാത്രം. ആരെയും വേദനിപ്പിക്കാനോ തോൽപിക്കാനോ അല്ല.
ഇത്തരം വേഷങ്ങൾ ഏറ്റെടുക്കുമ്പോൾ അതിലെ ‘റിസ്ക് ഫാക്ടറിനെപ്പറ്റി’ ആലോചിക്കാറുണ്ടോ?
ഉറപ്പായും. ഓഫിസറിലെ നായകൻ ഒരു ഹെവി ക്യാരക്ടറാണ്. അത് ഞാൻ താങ്ങുമോ എന്ന സംശയം എല്ലാവർക്കുമുണ്ടായിരുന്നു. ഈ കഥാപാത്രത്തിനായി ഇതിന്റെ അണിയറക്കാർ എന്നെ തിരഞ്ഞെടുത്തതാണ് ആദ്യത്തെ റിസ്ക്. ഞാൻ ഈ വേഷം ചെയ്യാനെടുത്ത തീരുമാനം പിന്നെയേ വരൂ. കഥയും കഥാപാത്രവും എന്താണെന്നു മനസിലാക്കിയതു കൊണ്ടു മാത്രം പെർഫോമൻസ് ശരിയാകണമെന്നില്ല. നമ്മൾ ആ ലൊക്കേഷനിലെത്തി വേഷം മാറി, മേക്കപ്പിട്ട് കൂടെയുള്ള അഭിനേതാക്കൾക്കൊപ്പം ചേരുമ്പോൾ ഉണ്ടാകുന്ന ഒരു ആംബിയൻസുണ്ട്. അത് സെറ്റാകുമ്പോഴാണ് പെർഫോമൻസ് കൃത്യമാകുന്നത്. എന്തായാലും ആദ്യസീനിൽത്തന്നെ സംവിധായകൻ ജിത്തു അഷ്റഫ് സംതൃപ്തനായി. മികച്ചൊരു സിനിമ ചെയ്യണം എന്ന ആഗ്രഹത്തോടെ മാർട്ടിൻ പ്രക്കാട്ടിന്റെ നേതൃത്വത്തിൽ നിർമാതാക്കൾ കൂടെനിന്നു. കൂടെ അഭിനയിച്ച ജഗദീഷേട്ടനും പ്രിയാമണിയും മുതൽ പുതിയ കുട്ടികൾ വരെ എല്ലാവർക്കും മികച്ച പെർഫോമൻസ് പുറത്തെടുക്കാനായി. ഷാഹി കബീറിന്റെ തിരക്കഥ, റോബി വർഗീസ് രാജിന്റെ സിനിമറ്റോഗ്രഫി, ചമൻ ചാക്കോയുടെ എഡിറ്റിങ്, ജേക്ക്സ് ബിജോയ് ചെയ്ത മ്യൂസിക് എല്ലാം പടത്തെ ഒരുപടി മുകളിലേക്കുയർത്തി.
താങ്കളുടെ പല ധീരമായ തീരുമാനങ്ങളുടെയും പിന്നിൽ ഭാര്യയാണെന്നു കേൾക്കുന്നു?
വേഷങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിലുള്ള തീരുമാനം എന്റേതുതന്നെയാണ്. ‘അഞ്ചാം പാതിര’ എനിക്കു ഫലിപ്പിക്കാൻ പറ്റുമെന്ന വിശ്വാസം പ്രിയയ്ക്ക് ഇല്ലായിരുന്നു. വേറെയും ചില സിനിമകളിൽ പ്രിയ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഞാൻ സമൂലമായ മാറ്റം നടത്തിയിട്ടുണ്ട്. എന്നാൽ, ഇതൊക്കെ ഏറ്റെടുക്കാനുളള ധൈര്യവും തന്റേടവും എനിക്കു കിട്ടിയതിന്റെ പിന്നിൽ പ്രിയയാണ്.
എന്നേക്കാളും നന്നായി ആൾക്കാരെ മനസ്സിലാക്കാനും ഇടപെടാനും സാഹചര്യങ്ങളെ നേരിടാനും അതിനെ മറികടക്കാനുമൊക്കെ കഴിവുള്ളയാളാണ് അവർ. ആഴം അളന്നു നോക്കാതെ ഏതു കുളത്തിലേക്കും എടുത്തുചാടാൻ എനിക്കു ധൈര്യം തരുന്നത് പ്രിയയുടെ സമീപനമാണ്. ഞാൻ മുങ്ങിപ്പോയാലും കൂടെച്ചാടി അവർ എന്നെ രക്ഷപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.