നവകേരള പദ്ധതിയെക്കുറിച്ച് തീം സോങുമായി സർക്കാർ

Mail This Article
പിണറായി വിജയൻ സർക്കാർ 2016–ൽ ആരംഭിച്ച സമഗ്രവികസന പദ്ധതിയായ നവകേരള മിഷനെക്കുറിച്ചുള്ള തീം സോങ് പുറത്തിറങ്ങി. ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷൻ, ആർദ്രം എന്നിങ്ങനെ നാല് പദ്ധതികളാണ് നവകേരളത്തിലുള്ളത്. ഇവയിലൂടെ സേവനങ്ങൾ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തുന്നു എന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ഈ ഗാനം.
നവകേരളം എന്ന് തന്നെയാണ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. രണ്ട് കുട്ടികളിലൂടെയാണ് ഗാനം പുരോഗമിക്കുന്നത്. സർക്കാരിനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും നേരിട്ട് ചിത്രീകരിക്കാതെ രണ്ട് കുട്ടികളിലൂടെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ്. നവകേരളം എന്ന പദ്ധതിയെക്കുറിച്ച് ആളുകൾകളെ ബോധവാൻമാരാക്കുക എന്ന പ്രധാന ഉദ്ദേശത്തോടെയാണ് അഞ്ച് മിനിട്ടോളം ദൈർഘ്യമുള്ള ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ലൂക്ക എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ മലയാളത്തിന് സുപരിചിതനായ സൂരജ് കുറുപ്പ് ആണ് ഈ ഗാനത്തിന് സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. കേരളത്തിലെങ്ങും വലിയ തരംഗം സൃഷ്ടിച്ച സഖാവ് എന്ന കവിതയുടെ രചയിതാവ് സാം മാത്യുവിന്റേതാണ് വരികൾ. റോണി മാനുവൽ ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.