സയനോര ഈണം കൊടുത്തു, അർജുൻ അശോകൻ ശബ്ദവും; ആഹായിലെ പാട്ടിന് ആരാധകരുടെ കയ്യടി

Mail This Article
ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലി പ്രമേയമായ ‘ആഹാ’യിലെ തീം സോങ് റിലീസ് ചെയ്തു. ഗായിക സയനോര ഫിലിപ് സംഗീതം നൽകിയ പാട്ട് അർജുൻ അശോകൻ ആണ് ആലപിച്ചത്. മമ്മൂട്ടി, മോഹൻലാൽ, കാർത്തി, വിജയ് സേതുപതി എന്നിവർ ചേർന്നാണ് ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്. മനോരമ മ്യൂസിക് ആണ് പാട്ട് ആസ്വാദകർക്കരികിൽ എത്തിച്ചത്.
സയനോര സംഗീതസംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വ്യത്യത തരത്തിലുള്ള നാല് പാട്ടുകളാണ് ആഹായിൽ ഉള്ളത്. സയനോരയും ജുബിത് നമ്രടത്തും ടിറ്റോ പി തങ്കച്ചനും ചേർന്നാണ് പാട്ടുകൾക്കു വരികൾ കുറിച്ചിരിക്കുന്നത്. തീം സോങ് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മഹാമാരിക്കപ്പുറം നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ചാണ് പാട്ട് പ്രേക്ഷകരിലേയ്ക്കെത്തിയത്.
സാസാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ് ആഹാ. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശാന്തിബാലചന്ദ്രനാണ് ഇന്ദ്രജിത്തിന്റെ നായിക. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരാണ് ‘ആഹാ’യിലെ മറ്റു പ്രധാന താരങ്ങൾ