മങ്കേഷി ഗ്രാമം സംഗീതമായി
Mail This Article
ലതാ മങ്കേഷ്കറുടെ വേർപാടിന്റെ വേദനയിലാണ് പനജിക്കടുത്തുള്ള മങ്കേഷി ഗ്രാമം. ഇൗ ഗ്രാമപ്പേരിൽ നിന്നാണ് മങ്കേഷ്കർ എന്ന കുടുംബപ്പേരിന്റെ ഉദയം. ഹാർദിക്കർ എന്ന വീട്ടുപേരുപേക്ഷിച്ച് ലതയുടെ പിതാവ് ദീനാനാഥ്, മങ്കേഷ്‌കർ എന്ന നാമം സ്വീകരിക്കുകയായിരുന്നു. ആ പേരാണ് പിന്നീട് സംഗീത ലോകത്ത് അനശ്വരമായത്.
മങ്കേഷി ഗ്രാമത്തിലെ പൂജാരിയായ ഗണേഷ് ഭട്ട് ഹാർദിക്കറുടെയും യശുഭായി റാണെയുടെയും മകനാണ് ലതാ മങ്കേഷ്കറുടെ പിതാവായ ദീനാനാഥ്. മങ്കേഷി ക്ഷേത്രത്തിനോടു ചേർന്നു തന്നെയായിരുന്നു ഹാർദിക്കർ കുടുംബത്തിന്റെ വീടും. സുന്ദരനും ഗായകനുമായിരുന്ന ദീനാനാഥ് ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ചു. കൗമാരത്തിൽ മറാഠി നാടകലോകത്ത് തന്റെ സ്ഥാനമുറപ്പിക്കാൻ ഗോവയോട് വിടപറഞ്ഞ അദ്ദേഹം ആ യാത്രയിലാണ് മങ്കേഷി ഗ്രാമത്തെ തന്റെ പേരിനോട് ചേർത്തുവച്ചത്.ദീനനാഥ് 22–ാം വയസ്സിൽ വിവാഹിതനായി. വധു നമ്രത. ലതികയെന്നൊരു മകൾ പിറന്നെങ്കിലും ആയുസ്സില്ലായിരുന്നു വൈകാതെ ഭാര്യയും മരിച്ചു. ഭാര്യയുടെ സഹോദരി ശിവന്തിയെപിന്നീടു കല്യാണം കഴിച്ചു. ലതാ മങ്കേഷ്കറിന് അച്ഛൻ ആദ്യമിട്ട പേര് ഹേമയെന്നായിരുന്നു ലതികയുടെ ഓർമയ്ക്കുകൂടിയാണ് ഹേമയുടെ പേര് ലതയെന്നു പുതുക്കിയത്.
1930 കളിൽ 3 സിനിമ നിർമിച്ച ദീനനാഥ്, അതിൽ പാടി അഭിനയിച്ചു. ഉയർച്ചയുടെ നാളുകളിൽ ലഹരി അദ്ദേഹത്തിന്റെ ജീവനെടുക്കുമ്പോൾ 42 വയസ്സു തികഞ്ഞിരുന്നില്ല. പിന്നീടു മക്കൾ അച്ഛന്റെ സ്മരണയ്ക്ക് പുണെയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിച്ചു- ‘മാസ്റ്റർ ദീനാനാഥ് മങ്കേഷ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ’.ശാന്തമായ ക്ഷേത്രനഗരമാണ് മങ്കേഷി. ക്ഷേത്രത്തിന്റെ വലിയ ഹാൾ നിന്നിടത്തായിരുന്നു ദീനാനാഥിന്റെ കുടുംബവീടെന്ന് കടക്കാരിലൊരാൾ പറഞ്ഞു.
ദീനാനാഥ് മങ്കേഷിയിലേക്കു തിരികെ പാർക്കാനെത്തിയില്ല. അദ്ദേഹത്തിന്റെ അഞ്ചു മക്കളും സംഗീതത്തിന്റെ പ്രകാശ ഗോപുരങ്ങളായി മഹാനഗരത്തിൽ വളർന്നു. 15 വർഷം മുൻപാണ് ലതാ മങ്കേഷ്കർ അവസാനം ഇവിടെയെത്തിയത്.