ADVERTISEMENT

‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘പാപ്പച്ചാ പാപ്പച്ചാ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. സിന്റോ ആന്റണി വരികൾ കുറിച്ച പാട്ടിന് ഔസേപ്പച്ചൻ ഈണമൊരുക്കി. റിച്ചുക്കുട്ടന്‍, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്, സാഗരിക എന്നീ കൊച്ചുഗായകർക്കൊപ്പം ചിത്രത്തിലെ നായകനായ സൈജു കുറുപ്പും ആലാപനത്തിൽ പങ്കുചേർന്നിരിക്കുന്നു. 

 

അനിമേറ്റഡ് വിഡിയോ ആയാണ് പാട്ട് പുറത്തിറക്കിയത്. ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മുത്തുക്കുടമാനം പന്തലൊരുക്കീലേ’, ‘കയ്യെത്തും ദൂരത്ത്’ എന്നീ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

 

‘പൂക്കാലം’ എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിക്കുന്നു. സൈജു കുറുപ്പിനൊപ്പം ‘സോളമന്റെ തേനീച്ചകൾ’ ഫെയിം ദർശന, ശ്രിന്ദ, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 

 

മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സിനിമയിൽ സൈജു കുറുപ്പ് എത്തുന്നത്. ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥ പറയുന്ന ചിത്രത്തിൽ പാപ്പച്ചന്‍റെ സ്വകാര്യജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളും ദൃശ്യവൽക്കരിച്ചിരിക്കുന്നു. ഓണത്തോടനുബന്ധിച്ച് ചിത്രം പ്രദർശനത്തിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com