‘കരളിലെ മുറിവുമായ് പതറുമീ പാലായനം....’; ഹൃദയങ്ങൾ തൊട്ട് ജോബ് കുര്യന്റെ സംഗീതം

Mail This Article
ഗായകൻ ജോബ് കുര്യൻ ഒരുക്കിയ ‘പാലായനം’ എന്ന സംഗീത വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ജോബ് തന്നെയാണ് പാട്ടിന് ഈണം പകർന്ന് ആലപിച്ചത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പാട്ടിനു ഹൃദ്യമായ വരികൾ കുറിച്ചു. ജോബ് കുര്യന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ‘പാലായനം’ പ്രേക്ഷകർക്കു മുന്നിലെത്തിയത്.
‘താരം മറഞ്ഞുപോയ് താരും പൊഴിഞ്ഞുപോയ്
നനവാർന്ന ചില്ലയിൽ അലിവാർന്ന നാദമായ്
കനലിലെ പാതയിൽ കനിവിനായ് യാത്രയായ്
ഓർമ തൻ തേരതിൽ മനസ്സിലെ തേങ്ങലായ്
നെഞ്ചിലെ മുഖങ്ങളെ ചിതറുമീ പാലായനം
കരളിലെ മുറിവുമായ് പതറുമീ പാലായനം....’
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പാലായനത്തെക്കുറിച്ചാണ് പാട്ടിൽ പറയുന്നത്. മെച്ചപ്പെട്ട ജീവിതം തേടിയോ, സാമ്പത്തിക പ്രതിസന്ധിയിൽ കരകയറാനോ ഒക്കെയായി സ്വന്തം നാട്ടിൽ നിന്നും മറ്റിടങ്ങളിലേക്കു കുടിയേറിയവർക്കു വേണ്ടിയുള്ളതാണ് ഈ ഗാനം. നാടിനെ പിരിഞ്ഞു നിൽക്കുന്നവരുടെ വേദനയും പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
അതിമനോഹര കാഴ്ചയുമായാണ് ‘പാലായനം’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ജോബ് കുര്യൻ തന്നെയാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. ആതിര ജോബ് ദൃശ്യങ്ങൾ ചിത്രീകരിച്ചു. പൂർണമായും ഐ ഫോണിൽ ആണ് ഗാനരംഗങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്. ചന്ദ്രകാന്ത് സി.കെ എഡിറ്റിങ്ങും കളറിങ്ങും നിർവഹിച്ചു. റെക്സ് വിജയൻ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്.