ആദായനികുതി സങ്കീർണമാക്കിയ ബജറ്റ്
Mail This Article
കൊച്ചി ∙ എല്ലാവർക്കും ഒരേ നിരക്ക് എന്നതിനു പകരം രണ്ടു തരം നികുതി ഘടന പ്രഖ്യാപിച്ചതോടെ വ്യക്തിഗത ആദായ നികുതി സമ്പ്രദായം കൂടുതൽ സങ്കീർണമായെന്നു സാമ്പത്തിക വിദഗ്ധൻ ഡോ.രഥിൻ റോയ്. നികുതി സമ്പ്രദായം പരിഷ്കരിക്കുന്നതു കൂടുതൽ ലളിതവും സുതാര്യവും ആകുന്നതിനു വേണ്ടിയാണ്. നികുതി നടപടികളുടെ ഓട്ടമേഷനും രഹസ്യാത്മകതയ്ക്കും ഊന്നൽ നൽകുന്നുണ്ടെങ്കിലും അതു നികുതി സമ്പ്രദായം ലളിതമാകുന്നതിനോ വരുമാനം വർധിക്കുന്നതിനോ സഹായിക്കുന്നില്ല.
ഫലത്തിൽ, ഓരോ വർഷവും ബജറ്റിൽ ലക്ഷ്യമിടുന്ന നികുതി വരുമാനം പിരിച്ചെടുക്കുന്നതിലെ പരാജയം തുടർസംഭവമായി മാറുന്നു. നിലവിൽ ലഭിക്കുന്ന ചില ആദായ നികുതി ഇളവുകൾ വേണ്ടെന്നു വച്ചാൽ കുറഞ്ഞ നികുതി നിരക്ക് അനുവദിക്കുന്ന പുതിയ ഘടനയാണു ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. അതേസമയം, ആനുകൂല്യങ്ങൾ നിലനിലനിർത്താൻ തീരുമാനിക്കുന്നവർക്കു പഴയ രീതിയിൽ തുടരുകയും ചെയ്യാം. ആദായ നികുതി ഇളവിനായി നൽകിയിട്ടുള്ള പല വ്യവസ്ഥകളും തുടരും.
ഒട്ടേറെ വ്യവസ്ഥകൾ ധനമന്ത്രി നീക്കിയിട്ടുണ്ടു താനും. ചിലതെല്ലാം തുടരുമോയെന്നു പക്ഷേ, വ്യക്തതയില്ല. ബജറ്റ് പാർപ്പിടങ്ങൾക്കുള്ള നികുതി ഇളവുകൾ ഒരു വർഷം കൂടി നിലനിർത്തി. എന്നാൽ, അതിനുശേഷമെന്തെന്നു വ്യക്തമല്ല. സ്റ്റാർട്ടപ് ജീവനക്കാർക്ക് അവരുടെ സ്ഥാപനങ്ങൾ നൽകുന്ന ഓഹരികൾക്കുള്ള (ഇഎസ്ഒപി) നികുതി ഇളവു പരിധി ദീർഘിപ്പിട്ടുണ്ട്. പക്ഷേ, അതെല്ലാം ഭാവിയിലും തുടരുമോയെന്നു പറയാനാകില്ല. ഇളവുകളെല്ലാം ഒഴിവാക്കി കുറഞ്ഞ ഏകീകൃത ആദായ നികുതി നിരക്കു നടപ്പാക്കാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.