പാൽ വിൽക്കേണ്ടവർ ഐസ്ക്രീം വിൽക്കുമ്പോൾ...
Mail This Article
കൊച്ചി∙ ‘മിൽമയും അമുലും ഉൾപ്പെടെയുള്ള ഡെയറികൾ പാലിനു പകരം കൂടുതലായി ഐസ്ക്രീമും ചീസും ഉൽപാദിപ്പിക്കുന്നതെന്തിന്? പാലിനല്ലേ രാജ്യത്ത് ആവശ്യക്കാർ കൂടുതൽ. സാധാരണക്കാർ ഐസ്ക്രീമും ചീസുമാണോ കഴിക്കുന്നത്?’ ചോദ്യം സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.രഥിൻ റോയിയുടേത്. മനോരമ ബജറ്റ് പ്രഭാഷണത്തിനിടെ ചോദ്യോത്തര വേളയിലായിരുന്നു അദ്ദേഹത്തിന്റെ കുസൃതി നിറഞ്ഞ ചോദ്യം.
സദസ്സിനെ ചിരിയിലാഴ്ത്തിയെങ്കിലും അദ്ദേഹത്തിന്റെ ഉത്തരം ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. ‘പാൽ ഉൽപാദിപ്പിച്ച് അതു കേടുകൂടാതെ സൂക്ഷിച്ചു ജനങ്ങളിലെത്തിക്കുന്നതിനെക്കാൾ വളരെ എളുപ്പവും ലാഭകരവുമാണ് ഐസ്ക്രീമും ചീസും ഉൽപാദിപ്പിച്ചു വിൽക്കാൻ. കുറഞ്ഞ പ്രയത്നം, കൂടുതൽ ലാഭം. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവരാണ് ഉപഭോക്താക്കൾ എന്നതിനാൽ നഷ്ടത്തിന്റെ പ്രശ്നവുമില്ല. പക്ഷേ, ഇതു ക്ഷീരകർഷകനു ഗുണം ചെയ്യുമോ...’
കർഷകരുടെ വരുമാനം 2022ൽ ഇരട്ടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പാഴ്‌വാക്കാകാനിടയില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. കാരണം, ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. കർഷകർക്കിടയിൽ നിന്നുയർന്നുവന്ന രാഷ്ട്രീയ നേതാക്കളുടെ അഭാവം കാർഷിക മേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നു. ഒത്തൊരുമയില്ലാതെ കർഷകർ വിഘടിച്ചു നിൽക്കുന്നതിനു പിന്നിൽ പ്രധാനമായും രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ ചൂണ്ടിക്കാട്ടി ഇപ്പോഴും സർക്കാരിനെ കുറ്റം പറഞ്ഞു സമയം പാഴാക്കുകയാണു രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളും. എന്നാൽ സർക്കാർ ചെയ്യുന്നതെല്ലാം തെറ്റാണെന്നു പറയാനാകില്ല. ഒട്ടേറെ നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, തങ്ങൾക്കു യഥാർഥത്തിൽ എന്താണു വേണ്ടതെന്നു തിരിച്ചറിയുകയും അതിനായി ശബ്ദമുയർത്തുകയും ചെയ്യാൻ സമൂഹവും തയാറായാലേ ഗുണപരമായ മാറ്റം പ്രകടമാകൂ.
കൃത്യവും വ്യക്തവുമായ ആവശ്യങ്ങൾ ഉന്നയിക്കാത്ത സമൂഹത്തിന് അവ ഒരിക്കലും ലഭിക്കില്ല എന്നതാണു സത്യം.’ കേരളത്തിൽ ആരോഗ്യ രംഗത്തുണ്ടായിട്ടുള്ള കുതിപ്പ് അത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നവർക്കു മാത്രമേ വോട്ട് ചെയ്യൂ എന്ന കേരളീയരുടെ നിലപാട് മൂലമാണ്.
പ്രവാസി വ്യവസ്ഥ ശരിയായ ദിശയിൽ
പ്രവാസികൾക്കുള്ള നികുതിയുമായി ബന്ധപ്പെട്ടും അവർ നാട്ടിൽ ചെലവഴിക്കുന്ന കാലാവധി സംബന്ധിച്ചുമുള്ള ബജറ്റ് നിർദേശങ്ങൾ സർക്കാരിന്റെ ശരിയായ പാതയിലുള്ള നീക്കമാണെന്നും പ്രവാസിക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കു മാത്രമേ പുതിയ നയം പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രവാസി പശ്ചാത്തലം മുൻനിർത്തിയുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജിഡിപി എന്നതു വെറും അക്കങ്ങൾ മാത്രമാണെന്ന ആക്ഷേപം ശരിയല്ലെന്നും രാജ്യത്തിന്റെ വളർച്ചയുടെ തോത് നിർണയിക്കാനുള്ള ഒരു കണക്കുകൂട്ടൽ തന്നെയാണതെന്നും അദ്ദേഹം പറഞ്ഞു.