ഓർമയിൽ ഒരു ദശകം
Mail This Article
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പത്താം ചരമവാർഷിക ദിനമാണ് നാളെ. കരുണാകരൻ എന്ന ഭരണാധികാരിയെ, ലീഡറെ, പിതാവിനെ, രാഷ്ട്രീയ എതിരാളിയെ, തന്ത്രജ്ഞനെ ഓർത്തെടുക്കുകയാണ് അടുത്തുനിന്ന് അദ്ദേഹത്തെ അറിഞ്ഞവർ
സ്മരണയിൽ മധുരം, കളഭം
പത്മജ വേണുഗോപാൽ
ദൂരയാത്ര കഴിഞ്ഞു വരുമ്പോൾ മാത്രം അച്ഛന്റെ പെട്ടിയിൽ എന്തെങ്കിലും ഉണ്ടാകും. കശ്മീരിൽ പോയി വന്നപ്പോൾ എനിക്കു വെള്ളിമാല കൊണ്ടുവന്നിരുന്നു. ബംഗാളിൽപോയി വന്നപ്പോൾ രസഗുള.
വിമാനത്തിൽ എവിടെപ്പോയാലും എയർ ഹോസ്റ്റസുമാർ ചോക്ലേറ്റ് കൊണ്ടുവരുമ്പോൾ അച്ഛൻ ഒരുപിടി വാരും. അതു നാണക്കേടാണെന്നു ഞാൻ പറയും. പക്ഷേ, പേരക്കുട്ടികൾക്കു വേണ്ടി അച്ഛനൊരു പിടി വാരും. അവസാനയാത്രയിലും അതു ചെയ്തു.
ഓണത്തിന് എനിക്കു സാരിയും മുരളിയേട്ടനു മുണ്ടും ഷർട്ടും വാങ്ങിത്തരും; പേരക്കുട്ടികളായപ്പോൾ അവർക്കും. ഖാദി സ്റ്റോറിൽ അച്ഛൻതന്നെ പോയി വാങ്ങുകയാണു ചെയ്യുക. ഷർട്ട് തുന്നിക്കും. അവസാന ഓണത്തിനും അച്ഛൻ പോയി വാങ്ങിത്തന്നു. അന്ന് ഒന്നിനു പകരം രണ്ടു സാരി വാങ്ങിത്തന്നു. എന്തിനാണെന്നു ചോദിച്ചപ്പോൾ അടുത്ത ഓണത്തിന് ഇല്ലെങ്കിലോ എന്നു പറഞ്ഞു. മൂന്നു മാസത്തിനു ശേഷം അച്ഛൻ പോയി.
ഞാൻ വിദേശത്തു പോയി വരുമ്പോൾ അച്ഛനു ബാത്ത് റൂമിലേക്കുള്ള ചപ്പലും പിയേഴ്സ് സോപ്പും ബിൽക്രീമും കൊണ്ടുവരണമെന്നു നിർബന്ധമായിരുന്നു. ഞങ്ങൾ മക്കൾ കൊണ്ടുവരുന്ന സോപ്പേ ഉപയോഗിക്കൂ.
അച്ഛൻ പൂജാമുറിയിൽ വ്യാഴാഴ്ച മഞ്ഞയും ശനിയാഴ്ച നീലയോ കറുപ്പോ മുണ്ടുകളുമാണ് ഉടുത്തിരുന്നത്. വെള്ളിയും ചൊവ്വയും ചുവപ്പും.
വ്യാഴാഴ്ച ഗുരുവായൂരപ്പന്റെ ദിവസമാണ്. തലേന്നു ഗുരുവായൂരിൽ അച്ഛന്റെ ഉദയാസ്തമന പൂജയായിരുന്നു. അവിടെനിന്നു കൊണ്ടുവന്ന കളഭം തൊട്ട് മണിക്കൂറുകൾക്കകം അച്ഛൻ പോയി.
സൗമനസ്യത്തിന്റെ ക്രിസ്മസ് ഓർമ
രമേശ് ചെന്നിത്തല
ക്രിസ്മസിനു വീട്ടുകാർക്കൊപ്പം കഴിയണമെന്ന് ആഗ്രഹിച്ച തടവുപുള്ളിക്ക് അതിനു വഴിയൊരുക്കിയ കെ.കരുണാകരന്റെ സൗമനസ്യം മറക്കാനാവില്ല. കടുത്തുരുത്തി മേഖലയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്നു കഥാനായകൻ. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന അദ്ദേഹം ചെക്ക് കേസിൽ കുടുങ്ങി. കണ്ണൂർ ജയിലിലാണു പാർപ്പിച്ചിരുന്നത്. ക്രിസ്മസിന് ഒരാഴ്ച മുൻപ് അദ്ദേഹത്തിന്റെ കുടുംബം കോട്ടയം എംപിയായിരുന്ന എന്നെ കാണാൻ വന്നു. ക്രിസ്മസിനു കുടുംബനാഥൻ വീട്ടിലില്ലാത്തതിന്റെ സങ്കടം പറഞ്ഞ് അവർ കരഞ്ഞു. അവരെയും കൂട്ടി ഞാൻ മുഖ്യമന്ത്രി കരുണാകരനെ കണ്ടു.
നിവേദനം അടിയന്തരമായി ആഭ്യന്തര വകുപ്പിന് അയച്ചു. അവർ അദ്ദേഹത്തിന്റെ മോചനം അസാധ്യമെന്നു പറഞ്ഞു. നിയമ സെക്രട്ടറിക്ക് അയച്ചെങ്കിലും അനുകൂല റിപ്പോർട്ട് നൽകിയില്ല.
അപ്പോഴാണ്, തുകയും പിഴയും അടച്ചാൽ ശിക്ഷയിൽ ഇളവു നൽകാൻ ഗവർണർക്കു കഴിയുമെന്നു കരുണാകരൻ പറയുന്നത്. 1960കളിൽ ഇത്തരമൊരു സംഭവം നടന്നതും അദ്ദേഹം ഓർത്തു. ഉടൻ ഫയൽ വിളിപ്പിച്ച് ഗവർണർക്ക് എഴുതി. പിന്നാലെ ഫോൺ ചെയ്തു. ഞാനും കുര്യൻ ജോയിയും മറ്റു കോൺഗ്രസുകാരും ചേർന്ന് ഒന്നര ലക്ഷം രൂപ കണ്ടെത്തി അടച്ചതോടെ ക്രിസ്മസ് ദിവസം കഥാനായകൻ വീട്ടിലെത്തി.
‘പതറാത്ത പ്രമേയവും’ രഹസ്യ കൂടിക്കാഴ്ചകളും
കോടിയേരി ബാലകൃഷ്ണൻ
ഞാൻ ആദ്യമായി നിയമസഭയിലെത്തിയ കാലം. കരുണാകരൻ മുഖ്യമന്ത്രി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചപ്പോൾ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ എന്നെയും എം.വി.രാഘവനെയും കോലിയക്കോട് കൃഷ്ണൻ നായരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം കരുണാകരൻ വായിക്കാനൊരുങ്ങി. ഞങ്ങളുടൻ അദ്ദേഹത്തിന്റെ കയ്യിൽനിന്നു പ്രമേയം രേഖപ്പെടുത്തിയ കടലാസ് തട്ടിപ്പറിച്ചു. അദ്ദേഹം പതറിയില്ല. ആ കടലാസ് തിരികെ വാങ്ങാൻ ശ്രമിച്ചുമില്ല. അതിന്റെ സഹായമില്ലാതെ മനസ്സിൽ തോന്നിയ ഭാഷയിൽ പ്രമേയം അവതരിപ്പിച്ചു. അവസരത്തിനൊത്ത് ഉയരുക എന്നത് കരുണാകരന്റെ സവിശേഷ കഴിവായിരുന്നു.
നിയമസഭയ്ക്ക് അകത്തും പുറത്തും ഞങ്ങൾ നിശിതമായി വിമർശിച്ചിട്ടുണ്ടെങ്കിലും നേരിട്ടു കാണുമ്പോൾ അതൊന്നും കരുണാകരൻ പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല, നല്ലതുപോലെ പ്രസംഗിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു.
കോൺഗ്രസ് വിട്ട് എൽഡിഎഫുമായി സഹകരിക്കുന്നതിന് അദ്ദേഹം പലപ്പോഴും ചർച്ച നടത്തിയത് ഞാനുമായിട്ടായിരുന്നു. രഹസ്യ കൂടിക്കാഴ്ചകളായിരുന്നു. അദ്ദേഹം ഫോണിൽ വിളിച്ച് സ്ഥലവും സമയവും പറയും. അവിടേക്കു ഞാനെത്തും. വിശദ ചർച്ചകൾ നടത്തി പിരിയും. ആ സ്ഥലങ്ങൾ ഏതൊക്കെയെന്ന് ഇപ്പോൾ പറയുന്നതു ശരിയല്ല. രാജ്യത്തിന്റെ നല്ല ഭാവിക്ക് ദേശീയതലത്തിൽ കോൺഗ്രസ് - സിപിഎം ബന്ധം വേണ്ടിവരുമെന്ന് അദ്ദേഹം അന്നേ പറയുമായിരുന്നു. അതിന് ഇന്നേ തുടക്കം കുറിക്കാം എന്നു പറഞ്ഞാണ് ഞങ്ങളുമായി അടുത്തത്.
ജയിലഴിക്കുള്ളിൽവച്ച് അറിഞ്ഞ കരുതൽ
ഒ. രാജഗോപാൽ
കെ.കരുണാകരന്റെ വിമർശകനായിരുന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ ആ നന്മയുടെ സ്വാദ് അനുഭവിക്കാൻ എനിക്ക് അവസരമുണ്ടായി. അടിയന്തരാവസ്ഥയ്ക്കെതിരെ ജനസംഘം – ആർഎസ്എസ് പ്രവർത്തകർ പാലക്കാട്ടു നടത്തിയ സമരത്തിന്റെ പേരിൽ എന്നെയുൾപ്പെടെ അറസ്റ്റ് ചെയ്തു ജയിലിലാക്കി.
കൂടെയുള്ളവരെ പാലക്കാട് ജയിലിലാക്കിയപ്പോൾ എന്നെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്കു മാറ്റി. പൂജപ്പുരയിൽ എകെജിയും ശിവരാമഭാരതിയുമൊക്കെ കൂട്ടിനുണ്ടായിരുന്നു. പാർലമെന്റ് സമ്മേളനത്തിനായി എകെജിയെ പിന്നീടു ജയിൽമോചിതനാക്കി.
അക്കാലത്തു ജയിലിലുള്ളവരെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾ വരും. എന്നെ കാണാൻ ആരും വന്നില്ല. ചെറിയ കുട്ടികളായ വിവേകാനന്ദിനെയും ശ്യാമപ്രസാദിനെയും കൂട്ടി തിരുവനന്തപുരം വരെ വരാൻ ഭാര്യ ശാന്തയ്ക്കു സാധിക്കില്ലായിരുന്നു. ചിങ്ങത്തിലെ തിരുവോണം നാളിലാണ് എന്റെ പിറന്നാൾ. കുടുംബാംഗങ്ങളോടൊത്തു പിറന്നാളിന് ഊണു മുടക്കാത്ത ആളാണു ഞാൻ. ജയിലഴിക്കുള്ളിൽ പിറന്നാൾദിനം കടന്നുപോയി.
അതിനു ശേഷമാണ് കുടുംബാംഗങ്ങൾക്ക് എന്നെ സന്ദർശിക്കാൻ സൗകര്യമൊരുക്കണമെന്ന് അഭ്യർഥിച്ച് ഞാൻ സർക്കാരിനു കത്തെഴുതിയത്. കരുണാകരൻ പ്രത്യേക താൽപര്യമെടുത്ത് അത് അനുവദിച്ചു. ആറു മാസം കഴിഞ്ഞപ്പോൾ തൃശൂരിലെ വിയ്യൂർ ജയിലിലേക്ക് എന്നെ മാറ്റി. അതോടെ എന്നെ കാണാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വന്നു.
രാമനിലയ സന്ധ്യകൾ
രൺജി പണിക്കർ - തിരക്കഥാകൃത്ത്, നടൻ
എറണാകുളം ടൗൺഹാളിൽ കെ.കരുണാകരന്റെ ശതാഭിഷേക സമ്മേളനം നടക്കുന്നു. പ്രസംഗകരിലൊരാൾ ഞാനാണ്. ഞാനെഴുതിയ സിനിമകളിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ അത്തരമൊരു യോഗത്തിൽ ഞാൻ പങ്കെടുക്കേണ്ടവനല്ല. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം എഴുപതുകളിൽ കടന്നുപോയ പ്രതിസന്ധികളെ അതിജീവിച്ചതു കരുണാകരന്റെ പൊളിറ്റിക്കൽ ബ്രില്യൻസ് കൊണ്ടാണെന്ന് ഞാൻ പ്രസംഗിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം യുവതുർക്കികൾ വിട്ടൊഴിഞ്ഞ പാർട്ടിയെ കൈവിടാതെ ലീഡർ കാത്തുവെന്ന് ഞാൻ പറഞ്ഞപ്പോൾ ടൗൺഹാളിൽ വലിയ കരഘോഷം മുഴങ്ങി.
അന്നു രാത്രി തന്നെ കാണണമെന്ന് അദ്ദേഹം അറിയിച്ചു. ഞാൻ പനമ്പിള്ളിനഗറിലെ വീട്ടിലെത്തി. സാധാരണ വയ്പുപല്ല് ഊരിയാൽ അദ്ദേഹം ആരെയും കാണില്ല. എന്നെ സ്വീകരിച്ചിരുത്തി. അതൊരു വലിയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പല കഥകളും തൃശൂർ ‘രാമനിലയ’ത്തിലിരുന്നു കേട്ടു.
പാർട്ടിയുടെ മുഖ്യധാരയിൽ അദ്ദേഹത്തിനു വലിയ തിരക്കില്ലാത്ത കാലം. 2004ൽ തിരുവനന്തപുരം ടഗോർ ഹാളിൽ കോൺഗ്രസ് വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങിപ്പോയ ലീഡർക്ക് അന്നതിനു കഴിഞ്ഞില്ല. അതിനു മറ്റു പല കാരണങ്ങളുമുണ്ട്. പാർട്ടിക്കു പേരുമിട്ട് കൊടിയുമൊരുക്കി വലിയ ഒരുക്കങ്ങളോടെ സമ്മേളനത്തിനു പോയി ഒന്നും പ്രഖ്യാപിക്കാതെ അദ്ദേഹം മടങ്ങി. വീട്ടിലെത്തിയ ഉടൻ എന്നെ വിളിച്ചു. ഞാൻ ഓടിയെത്തി. അക്ഷോഭ്യനായിരുന്നു ലീഡർ. ചർച്ചകൾ മുഴുവൻ ഭാവി രാഷ്ട്രീയ തീരുമാനങ്ങളെക്കുറിച്ചായിരുന്നു. ഇതിനിടെ ടിവിയിലേക്കു ചൂണ്ടി അദ്ദേഹം പറഞ്ഞു– ‘‘മുൻഷി വയ്ക്ക്... അതിൽ ഞാനായിരിക്കും കഥാപാത്രം.’’ അതാണ് ലീഡർ. പ്രതിസന്ധികളെ ലളിതമാക്കുന്ന ചിരി.
പുതിയ ആശയങ്ങളോട് എന്നും അടുപ്പം
വി.ജെ.കുര്യൻ (മാനേജിങ് ഡയറക്ടർ, സിയാൽ)
ഭരണാധികാരിയെന്ന നിലയിൽ കെ.കരുണാകരനെപ്പറ്റി ആലോചിക്കുമ്പോൾ, നെടുമ്പാശേരി വിമാനത്താവള നിർമാണത്തെക്കുറിച്ചു തന്നെ പറയാം. നാട്ടുകാരിൽനിന്നു പണം പിരിച്ചു വിമാനത്താവളം നിർമിക്കുകയെന്ന ‘ഫണ്ണി ഐഡിയ’ എല്ലാവരും എതിർത്തപ്പോഴും അദ്ദേഹം മുന്നോട്ടു പോകാൻ തയാറായി. 5,000 രൂപ വീതം പൊതുജനങ്ങളിൽനിന്നു പിരിച്ചെടുക്കാമെന്ന ആശയം അദ്ദേഹം സ്വീകരിച്ചു. പുതിയ ആശയങ്ങൾ സ്വീകരിക്കാൻ അദ്ദേഹം എപ്പോഴും ഒരുക്കമായിരുന്നു.
വിമാനത്താവള നിർമാണത്തിനു പിപിപി (പൊതു സ്വകാര്യ പങ്കാളിത്തം) എന്ന ആശയം 1992ൽ മുന്നോട്ടു വയ്ക്കുമ്പോൾ രാജ്യാന്തര തലത്തിൽപോലും അത്തരമൊരു മാതൃക ഉണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തോട് ഈ ആശയം പറഞ്ഞപ്പോൾ ആദ്യം അദ്ദേഹത്തിനും നേരിയ സംശയമുണ്ടായിരുന്നു. വീണ്ടും പറഞ്ഞപ്പോൾ അംഗീകാരം നൽകി. നിർമാണത്തിനു പണം കണ്ടെത്താൻ പ്രയാസം വന്നപ്പോൾ സർക്കാർ ഗാരന്റി നൽകാനും തയാറായി.
പിച്ച തെണ്ടിയാണ് എയർപോർട്ട് പണിയുന്നതെന്ന് ആദ്യം ചിലർ കളിയാക്കിയപ്പോഴും അദ്ദേഹം പദ്ധതിക്കൊപ്പം നിന്നു. അങ്ങനെ, എയർപോർട്ട് സെക്ടറിൽ ആദ്യ പിപിപി പദ്ധതി നമ്മുടേതായി. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഉറച്ച പിന്തുണ നൽകിയില്ലായിരുന്നെങ്കിൽ പദ്ധതി നടക്കില്ലായിരുന്നു.
ശരിക്കൊപ്പം, മുഖം നോക്കാതെ
സി.പി.നായർ, മുൻ ചീഫ് സെക്രട്ടറി
ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ മുഖവും രാഷ്ട്രീയവും നോക്കാതെ തീരുമാനമെടുക്കുന്ന സ്വഭാവമായിരുന്നു കരുണാകരന്റേത്. അതുകൊണ്ടാണ് ജയിലറയിൽ കിടന്നു മരിക്കാൻ വിധിക്കപ്പെട്ട കൊല്ലം മുണ്ടയ്ക്കൽ സ്വദേശി രാമചന്ദ്രൻ എന്ന പൊലീസ് കോൺസ്റ്റബിളിനു മോചനം കിട്ടിയത്. ഞാനന്ന് മുഖ്യമന്ത്രി കരുണാകരന്റെ സെക്രട്ടറിയാണ്.
ഒരു ദിവസം അന്നത്തെ ഇന്ത്യൻ എക്സ്പ്രസ് ബ്യൂറോ ചീഫ് മാധവൻ കുട്ടി എന്നെ കാണാൻ വന്നു. രാമചന്ദ്രനെക്കുറിച്ചു പറയാനാണു വന്നത്. 21–ാം വയസ്സിൽ കോൺസ്റ്റബിളായി ജോലി കിട്ടിയ രാമചന്ദ്രൻ, അച്ഛന്റെ മദ്യപാനത്തിൽ ദുഃഖിതനായിരുന്നു. ഒരു ദിവസം ചാരായ ഷാപ്പിൽ പോയി അച്ഛന് ഇനി ചാരായം കൊടുക്കരുതെന്ന് ഷാപ്പുടമയോട് ആവശ്യപ്പെട്ടു. ഒന്നും രണ്ടു പറഞ്ഞു വഴക്കായി. ഷാപ്പുടമ കുത്തേറ്റു മരിച്ചു. രാമചന്ദ്രൻ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. അന്നത്തെ ഗവർണർ എൻ.എൻ.വാഞ്ചുവിനു നൽകിയ ദയാഹർജിയിന്മേൽ അതു ജീവപര്യന്തമാക്കി. പക്ഷേ, ഉത്തരവിൽ ഗവർണർ എഴുതിയത് മരണം വരെ ജയിലിൽ കിടക്കണം എന്നാണ്. ഇതിനിടെ പരോളിലിറങ്ങിയ രാമചന്ദ്രൻ വിവാഹവും കഴിച്ചിരുന്നു.
വിവരം അറിഞ്ഞപ്പോൾ നിയമവശങ്ങൾ പഠിച്ച് ഗവർണർക്കു നല്ലൊരു കത്തു തയാറാക്കാൻ കരുണാകരൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ കത്തു തയാറാക്കി. ഇതിനിടെ പുതിയ ഗവർണർ വന്നിരുന്നു. പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി, രാമചന്ദ്രനുവേണ്ടി ശുപാർശ ചെയ്യരുതെന്ന് കരുണാകരനോട് കൊല്ലത്തെ ചില കോൺഗ്രസുകാർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഗൗനിച്ചില്ല. കത്തു കയ്യോടെ പുതിയ ഗവർണർക്ക് എത്തിച്ചു. ഉത്തരവ് ഭേദഗതി ചെയ്തു. രാമചന്ദ്രൻ 9 വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിതനായി.
തീരുമാനങ്ങളിലെ വേഗം, സ്നേഹം
പി.ടി.ഉഷ
ചിരിക്കുമ്പോൾ കണ്ണുകൾ ചെറുതായി ഇറുക്കിയടയ്ക്കുന്ന കെ.കരുണാകരന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വിളമ്പിത്തന്ന ഭക്ഷണം എത്രയോ തവണ കഴിച്ചിട്ടുണ്ട്.
രാജ്യാന്തര മെഡലുമായെത്തുന്ന കായികതാരത്തിന് രാജ്യത്ത് ആദ്യമായി കാഷ് അവാർഡ് നൽകിത്തുടങ്ങിയതു കേരളത്തിലാണ്. അതിനു തുടക്കമിട്ടതു മുഖ്യമന്ത്രി കരുണാകരനാണ്. 1984ൽ ഒളിംപിക്സിൽ തലനാരിഴയ്ക്കു മെഡൽ നഷ്ടപ്പെട്ടെങ്കിലും ആ മെഡൽ കിട്ടിയതായി കണക്കാക്കണമെന്നു പറഞ്ഞാണ് അദ്ദേഹം ഒരുലക്ഷം രൂപ സമ്മാനമായി തന്നത്.
1986 ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേട്ടവുമായി തിരിച്ചെത്തിയപ്പോൾ അദ്ദേഹം പിന്നെയും ഗംഭീര സ്വീകരണമൊരുക്കി. അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കാർ തന്നെ സമ്മാനമായി നൽകണമെന്ന് അദ്ദേഹം തീരുമാനിച്ചു. സ്റ്റാൻഡേഡ് 2000 കാറാണു തന്നത്. വീട്ടിലേക്കു കാറോടിച്ചു വരാൻ സർക്കാർ ഡ്രൈവറായ മണിയെയും ചുമതലപ്പെടുത്തി. മറ്റൊരു ഡ്രൈവറെ കണ്ടെത്തും വരെ, രണ്ടാഴ്ച മണിയാണു വണ്ടിയോടിച്ചത്.
എന്തെങ്കിലും കാര്യം ആവശ്യപ്പെട്ടാൽ ‘നോക്കട്ടെ’, ‘ആലോചിക്കട്ടെ’ എന്നൊന്നും കെ. കരുണാകരൻ പറയാറില്ലായിരുന്നു. ആലോചിക്കുന്നതിനെക്കാൾ വേഗത്തിൽ തീരുമാനമെടുത്തിരിക്കും.
നീണ്ടുനിൽക്കാത്ത പിണക്കം
ജിജി തോംസൺ, മുൻ ചീഫ് സെക്രട്ടറി
കെ. കരുണാകരൻ എല്ലാ കാലത്തും എന്നോട് അങ്ങേയറ്റത്തെ സ്നേഹവും വാത്സല്യവും കാണിച്ചിട്ടുണ്ട്. പ്രത്യേക താൽപര്യമെടുത്താണ് എന്നെ അവസാനത്തെ മന്ത്രിസഭയുടെ കാലത്ത് സിവിൽ സപ്ലൈസ് കോർപറേഷൻ എംഡിയാക്കിയത്. എന്നാൽ, പാമൊലിൻ കേസിനെത്തുടർന്ന് ഞങ്ങൾ തമ്മിൽ അകന്നു. ഫയലിൽ ഞാനെഴുതിയ ഒരു കുറിപ്പു മാറ്റണമെന്ന അദ്ദേഹത്തിന്റെ നിർദേശം അംഗീകരിക്കാത്തതിന്റെ പേരിലായിരുന്നു അത്.
രോഗാവസ്ഥയിൽ നന്തൻകോട്ട് പത്മജയുടെ വസതിയിൽ കഴിയുമ്പോൾ ഒരു ദിവസം ഞാൻ അദ്ദേഹത്തെ കാണാൻ പോയി. ‘‘എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തുനിന്നു വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’’ എന്നു ഞാൻ പറഞ്ഞു.
‘‘താങ്കൾ ചെയ്തതിൽ ഒരു തെറ്റുമില്ല. എന്നെ ചതിച്ചതു മറ്റു ചിലരാണ്’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ കൈ പിടിച്ച് ഇതു പറയുമ്പോൾ ഞാൻ വല്ലാതായി. അദ്ദേഹത്തിനു സ്ഥിരമായി ആരോടും പിണക്കമില്ലായിരുന്നു.
English Summary: K. Karunakaran 10th death anniversary