താടിയുള്ള ചില പ്രതിസന്ധികൾ!

Mail This Article
രസകരമായ ഒരു താടി വളർച്ചയുടെ കഥയാണിത്! കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയിലാണെന്നു നമുക്കറിയാം. ആദ്യദിനങ്ങളിൽ കേരളത്തിലൂടെ യാത്ര കടന്നുപോയപ്പോൾ രാഹുലിനെ നമ്മളിൽ ചിലർ നേരിട്ടും അല്ലാത്തവർ പത്രമാധ്യമങ്ങളിലൂടെയും കണ്ടതാണ്. അപ്പോൾ അദ്ദേഹത്തിന്റെ താടി തീരെ ചെറുതായിരുന്നു. യാത്ര മുന്നോട്ടു പോകുന്തോറും താടിയും വളർന്നു. ഇപ്പോൾ സാമാന്യം നീണ്ട താടിയുണ്ട്.
ഇക്കാലയളവിൽ, രാഹുലിന്റെ ആയിരക്കണക്കിനു ചിത്രങ്ങൾ സ്വാഭാവികമായും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതിൽ, വ്യാജ ചിത്രങ്ങൾ പലതുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒക്ടോബർ പകുതിയോടെ രാഷ്ട്രീയ എതിരാളികളിൽ ചിലർ ഷെയർ ചെയ്ത ചിത്രത്തിൽ രാഹുലിന്റെ താടിയിൽ ചില കള്ളപ്പണികൾ ചെയ്തിരുന്നു: ഫോട്ടോഷോപ് ഉപയോഗിച്ചു താടി അൽപം നീട്ടിയെടുത്തു! പ്രായം കൂടുതൽ തോന്നിപ്പിക്കാനും കാൾ മാർക്സ്, സദ്ദാം ഹുസൈൻ എന്നിവരുടെ താടിയുമായി സാമ്യമുണ്ടാക്കാനുമൊക്കെയായിരുന്നു ഈ ഫോട്ടോഷോപ് കളി. ഒക്ടോബർ 18ന് കോൺഗ്രസും മാധ്യമങ്ങളും പങ്കുവച്ച രാഹുലിന്റെ യഥാർഥ ചിത്രത്തിലെ താടിയും അതേദിവസവും പിറ്റേന്നുമൊക്കെയായി എതിരാളികൾ പ്രചരിപ്പിച്ച ചിത്രത്തിലെ താടിയും പരിശോധിച്ചാൽ ഫോട്ടോഷോപ്പിന്റെ വിക്രിയ മനസ്സിലാകും. കൃത്രിമ ചിത്രത്തിലെ താടിക്കു നീളവും നരയും കൂടുതലാണ്!
പക്ഷേ, രസകരമായ കാര്യം, ഒക്ടോബർ 18ലെ വ്യാജ ചിത്രത്തിൽ രാഹുലിന്റെ മുഖത്തു നമ്മൾ കണ്ട താടിയുടെ വലുപ്പം ഒന്നരമാസത്തോളം പിന്നിട്ടു കഴിഞ്ഞപ്പോൾ ‘യാഥാർഥ്യമായി’ മാറി എന്നതാണ്! അതായത്, ഇന്നലത്തെ രാഹുൽ ഗാന്ധിയുടെ യഥാർഥ ചിത്രം ഇവിടെ ചേർത്തിട്ടുള്ളതു നോക്കൂ. ഒക്ടോബറിൽ എതിരാളികൾ പ്രചരിപ്പിച്ച വ്യാജചിത്രത്തിലെ താടിയുടെ ഏതാണ്ട് അതേ വലുപ്പമുണ്ട് ഇപ്പോഴത്തെ താടിക്ക്! ഈയൊരു നിസ്സാരകാര്യം എന്തിനിത്ര നീട്ടിപ്പിടിച്ച് എഴുതിയെന്ന സംശയം ന്യായം. എന്നാൽ, പലപ്പോഴും ഇത്തരം ഫോട്ടോഷോപ് വിദ്യകൾ അത്ര നിഷ്കളങ്കമാകണമെന്നില്ല. സമൂഹത്തിൽ സ്പർധയും അസമാധാനവും വളർത്താൻ ഫോട്ടോഷോപ് ചിത്രങ്ങൾ കാരണമായിട്ടുണ്ടെന്നത് ഈ കോളത്തിലും പലവട്ടം സൂചിപ്പിച്ചിട്ടുണ്ടല്ലോ. സമീപകാലത്തെ ഏതാനും കൃത്രിമ ചിത്രങ്ങൾ ചേർത്തിരിക്കുന്നതു നോക്കുമല്ലോ.
Content Highlight: Rahul Gandhi viral photo