ADVERTISEMENT

തൃശൂർ പൂരം ആഘോഷം മാത്രമല്ല, കേരളത്തിന്റെ സമാനതകളില്ലാത്ത സാംസ്‌കാരിക ഉത്സവംകൂടിയാണ്. ഓരോ വർഷവും പൂരം കൂടാനുള്ള കാത്തിരിപ്പിനുപോലും എന്തെ‍ാരു മധുരം! എന്നാൽ, സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച തിരുവമ്പാടി– പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതികരണവും പൂരം പ്രദർശനത്തിന്റെ സ്ഥലവാടക സംബന്ധിച്ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാടും അടുത്ത വർഷത്തെ പൂരം പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണു പൂരപ്രേമികൾ. 

പൂരത്തിന്റെ ഭാഗമായുള്ള പ്രദർശനം നടക്കുന്ന, കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ (തേക്കിൻകാട്) സ്ഥലവാടക (തറവാടക) ഗണ്യമായി കൂട്ടിയതാണ് ഏപ്രിൽ 19നു നടക്കേണ്ട പൂരത്തെ  പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പൂരം ഭംഗിയായും ആഘോഷമായും നടത്താനുള്ള ഇരുദേവസ്വങ്ങളുടെയും പ്രധാന വരുമാന മാർഗമാണു പൂരം പ്രദർശനം. 40 ദിവസം നീളുന്ന പ്രദർശനത്തിൽനിന്നാണ് പൂരത്തിനുള്ള എല്ലാ ചെലവും കണ്ടെത്തേണ്ടത്.  

തറവാടക 36 ലക്ഷത്തിൽനിന്ന് 2 കോടിയോളം രൂപയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഒന്നരക്കോടിയോളം രൂപയുടെ കുടിശികയും ദേവസ്വം ബോർഡ് ചോദിച്ചിട്ടുണ്ട്. വാടക കൂട്ടിയാൽ അതു പൂരംനടത്തിപ്പിനെ ബാധിക്കുമെന്നും ബോർഡ് വർധന പിൻവലിച്ചില്ലെങ്കിൽ പൂരം ചടങ്ങു മാത്രമായി നടത്താൻ തങ്ങൾ നിർബന്ധിതരാകുമെന്നും പാറമേക്കാവ്– തിരുവമ്പാടി ദേവസ്വങ്ങൾ ഈയിടെ വ്യക്തമാക്കുകയുണ്ടായി. 

എന്നാൽ, മുൻവർഷങ്ങളിലെ പൂരം പ്രദർശനത്തിലൂടെ തിരുവമ്പാടി– പാറമേക്കാവ് ദേവസ്വങ്ങളുടെ വരുമാനം കുത്തനെ ഉയർന്നുവെന്നും ഇരുവിഭാഗവും വരവുചെലവുകൾ സംബന്ധിച്ച കൃത്യമായ കണക്കു പുറത്തുവിടണമെന്നുമാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ ആവശ്യപ്പെടുന്നത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ നിർദേശമനുസരിച്ചാണു പ്രദർശനത്തിന്റെ തറവാടക കൂട്ടിയതെന്നും കോടതി പറഞ്ഞാൽ തുക കുറയ്ക്കുമെന്നും സുദർശൻ വ്യക്തമാക്കുന്നു. 

പൂരപ്രേമികൾക്ക് ഓരോ വർഷവും പുതുമകൾ നൽകാൻ തിരുവമ്പാടി– പാറമേക്കാവ് ദേവസ്വങ്ങൾ മാസങ്ങൾക്കു മുൻപേ ഒരുക്കം തുടങ്ങാറുണ്ട്. ഈ ഒരുക്കങ്ങൾക്കും പൂരത്തിനും കൃത്യമായ കണക്കു സൂക്ഷിക്കുക എളുപ്പമല്ലെന്നു ദേവസ്വങ്ങൾ പറയുന്നു. ഒട്ടേറെ ആളുകളുടെ പ്രതിഫലമില്ലാത്ത സേവനങ്ങളും കൂടിച്ചേരുന്നതാണു പൂരം. എഴുന്നള്ളിപ്പിനുള്ള ആനകൾ, കുടകൾ തുടങ്ങിയവയ്ക്കു സ്പോൺസർഷിപ് ലഭിക്കുമെങ്കിലും പൂരത്തിൽനിന്നു സാമ്പത്തിക നേട്ടമില്ലെന്നാണ് സംഘാടകരായ ദേവസ്വങ്ങൾ പറയുന്നത്. 

പൂരം പ്രദർശനത്തിൽനിന്നു പരമാവധി 6 കോടി രൂപയാണു ലഭിക്കുന്നതെന്നു ദേവസ്വങ്ങൾ പറയുന്നു. അനുകൂല സാഹചര്യങ്ങളാണെങ്കിൽ ഓരോ ദേവസ്വത്തിനും 30 ലക്ഷം വരെ നീക്കിയിരിപ്പുണ്ടാകാറുണ്ട്. പക്ഷേ, പൂരം തീയതി നേരത്തേയാകുന്ന വർഷങ്ങളിൽ വരവു കുറയും. പൂരം കഴിയുന്നതോടെ പ്രദർശനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുകയും സന്ദർശകർ കുറയുകയും ചെയ്യും. പൂരത്തിനു േവണ്ടിവരുന്നതിൽ പലതും അപ്രതീക്ഷിത ചെലവുകളാണുതാനും. 

പൂരം പ്രദർശനം ദേവസ്വങ്ങളിൽനിന്നു പിടിച്ചെടുക്കാനായി രാഷ്ട്രീയ നേതൃത്വം നടത്തുന്ന നീക്കമാണിതെന്ന ആരോപണം ശക്തമാണ്. ഈ വലിയ പ്രതിസന്ധിയിലും സർക്കാരോ ദേവസ്വം മന്ത്രിയും തൃശൂർ ജില്ലക്കാരനുമായ കെ.രാധാകൃഷ്ണനോ ഇടപെട്ടിട്ടില്ലെന്നതു ശ്രദ്ധേയമാണ്. സിപിഎം നേതൃത്വം നൽകുന്ന ബോർഡാണിപ്പോൾ ഭരിക്കുന്നത്. സിപിഎം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു പ്രശ്നപരിഹാരം ഉണ്ടാവണമെന്നാണു ദേവസ്വങ്ങളുടെ ആവശ്യം. 

പ്രതിസന്ധി രൂക്ഷമാകുന്നതിനുമുൻപു ദേവസ്വം ബോർഡിനെ പറ‍ഞ്ഞു മനസ്സിലാക്കേണ്ട ചുമതല സർക്കാരിനുണ്ട്. തിരുവമ്പാടി, പാറമേക്കാവു ദേവസ്വങ്ങളില്ലാതെ പൂരം നടത്തുമെന്ന തരത്തിലുള്ള പ്രസ്താവനകൾ പ്രശ്നം രൂക്ഷമാക്കുകയേയുള്ളൂ. ആയിരക്കണക്കിനു വാദ്യ, സംഗീത, കരകൗശല വിദഗ്ധരുടെ സമ്മേളനവേദികൂടിയാണു പൂരമെന്നതു മറക്കാനാകില്ല. തൃശൂർ പൂരം എന്നതു കേരളത്തിന്റെ അടയാളമാണ്; അതു ഭംഗിയായി നടത്തേണ്ടതു നാടിന്റെ ആവശ്യവും.

English Summary:

Editorial about thrissur pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com