ADVERTISEMENT

അപായമുനമ്പിലാണു കേരളം. അടുത്ത കാൽവയ്പ് ചിലപ്പോൾ കടുത്ത ദുരന്തത്തിലേക്കാവാം എന്ന മുന്നറിയിപ്പ് നാം നെഞ്ചിടിപ്പോടെ കേട്ടുകെ‍ാണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിനങ്ങളിലെ വാർത്തകളിൽ ചോരവീണു തെളിയുന്ന നമ്മുടെ നാടിന്റെ ചിത്രം അത്രമേൽ ഭയപ്പെടുത്തുന്നതാണ്. ലഹരിയും അക്രമാസക്ത മനസ്സുകളും ചേർന്ന് ഇതുവരെക്കാണാത്തെ‍ാരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കേരളത്തെ. നമ്മുടെ കൺമുന്നിലാണ് ലഹരിയുടെ നീരാളിക്കൈകൾ സമൂഹത്തിലാകെ പിടിമുറുക്കിയിരിക്കുന്നത്. ഇതോടെ‍ാപ്പം, ചെറിയ അഭിപ്രായഭിന്നതകൾ പോലും പ്രാണനെടുക്കുന്ന കൊടിയ കുറ്റകൃത്യത്തിനു കാരണമാകുകയും ചെയ്യുന്നു.  

കുട്ടികൾ ഉൾപ്പെടുന്ന അക്രമപരമ്പരകൾ പകർച്ചവ്യാധിപോലെ ഇവിടെ പടരുന്നു. ഓരോ ദിവസവും ആരെ‍‍ാക്കെയോ ആരെയെ‍ാക്കെയോ ആക്രമിച്ചുകെ‍ാണ്ടിരിക്കുകയാണ്. വെറുതേ കണ്ടിരിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ഉള്ളതല്ല ഹൃദയഭേദകമായ ഈ കാഴ്ചകൾ. ബഹുതലങ്ങളിൽ ഇതിനെതിരെയുള്ള പോരാട്ടം ഈ കെട്ട കാലത്തിന്റെ അടിയന്തരാവശ്യമായിക്കഴിഞ്ഞു. നമ്മുടെ നല്ല കേരളത്തെ വീണ്ടെടുക്കാൻ, ലഹരിക്കും അക്രമങ്ങൾക്കും തടകെട്ടാനുള്ളെ‍ാരു കർമപദ്ധതിക്കു രൂപം കൊടുക്കാൻ മലയാള മനോരമ മുന്നിട്ടിറങ്ങിയത് ആ അപായമണി കേട്ടതുകെ‍ാണ്ടാണ്. കേരളത്തിന്റെ നിയമപാലന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള മുൻ ഡിജിപിമാരെ പങ്കെടുപ്പിച്ച് മനോരമ ഇന്നലെ നടത്തിയ ആശയക്കൂട്ടായ്മ ഉറപ്പിച്ചുപറയുന്നു: സാമൂഹിക ജാഗ്രത ശക്തമാക്കിയാലേ സമൂഹത്തിൽ ഇപ്പോൾ ഏറിവരുന്ന ആക്രമണവാസനകളെയും ലഹരിവ്യാപനത്തെയും തടയാനാവൂ.  

ലഹരി ഉപയോഗത്തിലൂടെ സമനിലതെറ്റി അക്രമം നടത്തുന്നവർ കേരളം നേരിടുന്ന കടുത്ത ഭീഷണിയായി മാറിയിരിക്കുന്നു. എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ കൂടുതൽ ആഴത്തിലും വ്യാപ്തിയിലും വേരുപടർത്തുകയാണു ലഹരിസംഘങ്ങൾ. വിദ്യാർഥികളെ ഉൾപ്പെടെ ഇരകളാക്കി പിടിമുറുക്കുന്ന ലഹരിവല കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായിക്കഴിഞ്ഞു. നഗരങ്ങൾ മുതൽ ഗ്രാമങ്ങൾവരെ ലഹരിമരുന്നിന്റെ ഉപയോക്താക്കളെയും വിൽപനക്കാരെയുംകെ‍ാണ്ടു നിറയുന്നു. വലിയ നഗരങ്ങൾ വലിയ ലഹരിക്കയത്തിൽ മയങ്ങിക്കിടക്കുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തെ രാജ്യാന്തര രാസലഹരി മാഫിയയ്ക്കെതിരെയുള്ള യുദ്ധമായിത്തന്നെ കണക്കാക്കണമെന്ന് ആശയക്കൂട്ടായ്മ നിർദേശിക്കുന്നു. സർക്കാരുകളെക്കാൾ വിപുലവും ശക്തവുമായ സംവിധാനങ്ങളാണു പല രാജ്യാന്തര ലഹരിസംഘങ്ങൾക്കുമുള്ളത്.  

അനുഭവസമ്പത്തിൽനിന്നു രൂപപ്പെട്ടതായതിനാൽ കൃത്യവും വ്യക്തവും സൂക്ഷ്മവുമാണ് കൂട്ടായ്മയിലുയർന്ന നിർദേശങ്ങൾ. പൊലീസും എക്സൈസും ചേർന്നുപ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സ് വേണമെന്നും രണ്ടു വർഷത്തെ ശക്തമായ പ്രതിരോധനടപടി ആസൂത്രണം ചെയ്ത് ലഹരി മാഫിയയുടെ വേരറുക്കണമെന്നുമുള്ള നിർദേശങ്ങൾ സംസ്ഥാനത്തെ പെ‍ാലീസ് സേനയെ നയിച്ചിരുന്നവരിൽനിന്നുതന്നെ വരുമ്പോൾ അതിൽ പ്രായോഗികത തെളിയുന്നു. ഏതു സാഹചര്യത്തിലും വിട്ടുവീഴ്ച പാടില്ലാത്ത ശിക്ഷാനടപടികളാണ് ഉണ്ടാകേണ്ടത്. ലഹരിക്കേസുകളിൽ നിയമവും ശിക്ഷയുമെ‍ാക്കെ പരമാവധി കർക്കശമാക്കുകയും വേണം.  

കുട്ടികളെ നല്ല സമൂഹജീവികളാക്കി വളർത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള പങ്കിനെക്കുറിച്ചുള്ള ഓർമപ്പെടുത്തലും ചർച്ചയിൽ ഉയർന്നു. വീടും സ്കൂളും കുട്ടികൾക്കു നൽകേണ്ട സുരക്ഷിതത്വംപോലെതന്നെ പ്രധാനമാണ് വീടിനും സ്കൂളിനുമിടയിലെ വഴികൾ ലഹരിമുക്തമെന്ന് ഉറപ്പുവരുത്തുന്നതും. കൗമാരക്കാരെയും യുവജനങ്ങളെയും ലഹരി, ആക്രമണ പ്രവണതകളിൽനിന്നു മോചിപ്പിക്കാൻ ആവശ്യമായ സാമൂഹിക സുരക്ഷാവലയത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ സാമൂഹിക സംഘടനകളുമെ‍ാക്കെ കൈകോർക്കണം; സർക്കാരിന്റെ മേൽനോട്ടവും നേതൃത്വവുമുണ്ടാകുകയും വേണം.  

‘വീണ്ടെടുക്കാം നല്ല കേരളം’ ആശയക്കൂട്ടായ്മ തയാറാക്കിയ പ്രതിരോധരേഖ സംസ്ഥാന സർക്കാരിനു മനോരമ സമർപ്പിക്കും. കേരളം ഇപ്പോൾ നേരിടുന്ന വലിയ സാമൂഹികവിപത്തിനെതിരെയുള്ള ജനകീയ പോരാട്ടത്തിൽ ഇത്തരം മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും അവ തീർച്ചയായും വഴിവെട്ടം പകരുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. കേരളം പിറന്നശേഷമുള്ള ഏറ്റവും കടുത്ത ഈ ആപൽഘട്ടം നാമൊന്നാകെച്ചേർന്നാണു നേരിടേണ്ടത്. അതേസമയം, ഒരു മാസംകെ‍ാണ്ടോ ഒരു വർഷംകെ‍ാണ്ടോ ഈ വലിയ ലക്ഷ്യം നേടാനാവില്ലെന്ന യാഥാർഥ്യം ഉൾക്കെ‍‍ാള്ളുകയുംവേണം. സമയബന്ധിതവും സമർപ്പിതവുമായ കർമപരിപാടികളിലൂടെയുള്ള തുടർദൗത്യമാണ് ആവശ്യം.  

കൈകോർത്ത്, ഒരേ മനസ്സോടെ മുന്നോട്ടുനീങ്ങാം. നാടിന്റെയും സമൂഹത്തിന്റെയും നിലനിൽപിനും അതിജ‍ീവനത്തിനും വേണ്ടിയുള്ള ഈ യുദ്ധത്തിൽ വിജയം തീർച്ചയായും നമുക്കുള്ളതാണ്. നമ്മുടെ കൂട്ടായ്മയ്ക്കും നിശ്ചയദാർഢ്യത്തിനും ധാർമിക ധീരതയ്ക്കും മുന്നിൽ തോൽക്കാത്ത ഒരു പ്രതിസന്ധിയുമില്ല.

English Summary:

Editorial: Kerala faces an unprecedented crisis of drug abuse and violence. Manorama's brainstorming session proposes a strong counter-offensive involving enhanced vigilance and stringent measures to combat this grave threat. Join the fight to reclaim a safer Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com