ജയ്ഷ് ഭീകരരെന്ന് സൂചന; യുപിയിൽ 2 പേർ അറസ്റ്റിൽ

Mail This Article
ലക്നൗ∙ പുൽവാമ ആക്രമണം നടത്തിയ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിലേക്ക് യുവാക്കളെ ചേർക്കുന്നവരെന്നു സംശയിക്കുന്ന 2 പേരെ ഉത്തർപ്രദേശ് സഹറൻപുർ ജില്ലയിലെ ദേവ്ബന്ദിൽ അറസ്റ്റ് ചെയ്തു. കശ്മീരിലെ കുൽഗാം സ്വദേശി ഷാനവാസ് അഹമ്മദ് തേലി, പുൽവാമ സ്വദേശി ആഖിബ് അഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. 2 പിസ്റ്റളും തിരകളും പിടിച്ചെടുത്തു; ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും വിഡിയോകളും ഫോട്ടോകളും കണ്ടെടുത്തു.
രാജ്യത്തെ പ്രമുഖ മുസ്‌ലിം മതപണ്ഡിത പരിശീലനകേന്ദ്രമായ ദാറുൽഉലൂം പ്രവർത്തിക്കുന്നത് ദേവ്‌ബന്ദിലാണ്. പിടിയിലായവർ മതപാഠശാലയിൽ പ്രവേശനം നേടിയവരല്ല; വിദ്യാർഥികളെന്ന വ്യാജേന ഇവിടെ കഴിയുകയായിരുന്നുവെന്ന് യുപി ഡിഐജി ഒ.പി. സിങ് അറിയിച്ചു.
ബാരാമുല്ലയിൽ 2 ഭീകരരെ വധിച്ചു
ശ്രീനഗർ ∙ കശ്മീരിലെ ബാരാമുല്ലയിൽ 2 ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തര കശ്മീരിലെ സൊപോർ വാർപോറയിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരാൾ ജയ്ഷ് കമാൻഡർ ആണെന്നു സൂചനയുണ്ട്.