കോവിഡ് വാക്സീൻ സ്വീകരിക്കാൻ നൽകിയ സർവ വിവരവും പുറത്ത്; ആർക്കുമെടുക്കാം

Mail This Article
ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ എടുക്കാനായി കോവിൻ പോർട്ടലിൽ നാം നൽകിയ വ്യക്തിഗത വിവരങ്ങൾ ആർക്കുമെടുക്കാൻ പാകത്തിൽ ടെലിഗ്രാം ആപ്പിൽ ലഭ്യം! വൻ സുരക്ഷാപിഴവാണു പുറത്തുവന്നിരിക്കുന്നത്.
വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര്, വാക്സിനേഷനായി നൽകിയ തിരിച്ചറിയൽ രേഖയുടെ (ആധാർ / പാസ്‍പോർട്ട് / പാൻ കാർഡ് തുടങ്ങിയവ) നമ്പർ, ജെൻഡർ, ജനനത്തീയതി, വാക്സീൻ എടുത്ത കേന്ദ്രം എന്നിവ ഞൊടിയിടയിൽ ടെലിഗ്രാം ചാനലിൽ മറുപടിയായി ലഭിക്കും. ഫോൺ നമ്പറിനു പകരം ആധാർ നമ്പർ നൽകിയാലും വിവരങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്കായി കോവിൻ പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തവരുടെ പാസ്പോർട്ട് നമ്പറാണു പുറത്തായത്.
ഒരു നമ്പറിൽ ആരൊക്കെ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ, അവരുടെയെല്ലാം വിവരം ഒറ്റയടിക്കു ലഭിക്കും. പല കുടുംബങ്ങളിലെയും അംഗങ്ങൾ ഒറ്റ നമ്പറിലാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇതുവഴി ലഭിക്കും.
കോവിൻ പോർട്ടലിൽ സ്വന്തം നമ്പർ നൽകി ഫോണിൽ ഒടിപിയും നൽകിയാൽ മാത്രമേ ഈ വിവരങ്ങൾ ലഭിക്കൂ. ടെലിഗ്രാം ചാനലിൽ ഒടിപിയില്ലാതെ വിവരങ്ങൾ എങ്ങനെ ലഭ്യമായെന്ന് ഇനിയും വ്യക്തമല്ല.

ആരോഗ്യ സെക്രട്ടറിയുടെ വിവരവും ടെലിഗ്രാമിൽ
കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നമ്പർ നൽകിയപ്പോൾ അദ്ദേഹത്തിന്റെ ജനനത്തീയതി, ആധാറിന്റെ അവസാന നാലക്കം എന്നിവയ്ക്കു പുറമേ ഭാര്യയും ഉത്തരാഖണ്ഡിലെ കോട്ദ്വാർ മണ്ഡലത്തിലെ എംഎൽഎയുമായ ഋതു ഖണ്ഡൂരി ഭൂഷണിന്റെ ആധാറിന്റെ അവസാന നാലക്കം, ജനനത്തീയതി, വാക്സീനെടുത്ത സ്ഥലം എന്നിവയും ലഭ്യമായി.
English Summary: Covid vaccination; Data leaked