ലക്ഷ്യം കണ്ട ഓട്ടം!

Mail This Article
മൻമോഹൻ സിങ്ങിനെ കാണാൻ വിമാനത്താവളത്തിലെ റൺവേയിലേക്ക് ഓടിക്കയറിയ ഞാൻ പിന്നീട് അദ്ദേഹത്തിന്റെ കൂടെ ഓടാൻ നിയോഗിക്കപ്പെട്ടു. 1994 ൽ, കേരള ധനസെക്രട്ടറിയായിരുന്നു ഞാൻ. ഓണക്കാലമെത്തി. ഖജനാവിൽ നീക്കിയിരിപ്പില്ല. ചിങ്ങം കടക്കുന്നത് എങ്ങനെ? അടുത്തയാഴ്ച കേന്ദ്ര ധനമന്ത്രി മൻമോഹൻ സിങ് കേരളത്തിൽ! അതിന്റെ ആവേശത്തിൽ മന്ത്രിയെ സ്വീകരിക്കാൻ ഞാനും പോയിരുന്നു. സുരക്ഷാ ജീവനക്കാരുടെ അനുമതിക്കു കാത്തുനിൽക്കാതെ റൺവേയിലേക്ക് ഓടിയ ഞാൻ മന്ത്രിക്കു കൈ കൊടുത്തു. പിറ്റേന്നു ധനമന്ത്രി സി.വി.പത്മരാജനൊപ്പം ഞാനും മൻമോഹനെ കണ്ടു. ഉറപ്പൊന്നും ലഭിക്കാത്തതിനാൽ ഞങ്ങൾ നിരാശരായാണു മടങ്ങിയത്. പക്ഷേ, മടങ്ങിപ്പോയ മൻമോഹൻ പ്ലാൻ ഫണ്ടിൽനിന്ന് അധികതുക അനുവദിച്ച് ഞങ്ങളെ ഞെട്ടിച്ചു. തൊട്ടടുത്ത ചിങ്ങത്തിൽ കേന്ദ്ര എക്സ്പെൻഡിച്ചർ സെക്രട്ടറി എൻ.കെ.സിങ് എന്നെ വിളിച്ചു, ‘ഓണക്കാലത്തേക്കു സഹായം വേണോയെന്നു ചോദിക്കാൻ മന്ത്രി മൻമോഹൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.’ അതാണു ശരിക്കുള്ള കരുതൽ.
നടപ്പാക്കാൻ സാധിക്കാത്ത, കയ്യടി നേടാനുള്ള പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്താറില്ല. അധികാരത്തിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും മനുഷ്യത്വത്തിന്റെ മാർദവം മറക്കാത്ത മനുഷ്യൻ. ഒപ്പം, രാഷ്ട്രീയക്കാരന്റെ കാർക്കശ്യവും ഉണ്ടായിരുന്നു. സാമ്പത്തികകാര്യങ്ങളിൽ പ്രണബ് കുമാർ മുഖർജി, സി.രംഗരാജൻ, പി.ചിദംബരം, മൊണ്ടേക് സിങ് അലുവാലിയ എന്നിവരുമായി ചർച്ച നടത്തും. അവരുടെ നിർദേശങ്ങൾക്കൊപ്പം മൻമോഹൻ, തന്റെ അറിവും അനുഭവവും ചേർത്തൊരു തീരുമാനമെടുക്കും. അതിൽനിന്ന് അണുവിട ചലിക്കുകയുമില്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പോലെ ദീർഘവീക്ഷണത്തോടെ കോൺഗ്രസ് തയാറാക്കിയ പരിപാടികൾ നടപ്പാക്കണമെന്ന നിർബന്ധം മൻമോഹനുണ്ടായിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഭരണത്തിന്റെ നിത്യകാര്യങ്ങളിൽ ഇങ്ങോട്ടു നിർദേശങ്ങൾ വയ്ക്കുകയോ മൻമോഹൻ അങ്ങോട്ട് അഭിപ്രായം ചോദിക്കുകയോ ചെയ്തിരുന്നില്ല.
അമേരിക്കയുമായുള്ള ആണവ കരാറിനെ മുന്നണിക്കുള്ളിൽ നിന്നവർപോലും എതിർത്തു. മൻമോഹനിലെ പാകം വന്ന രാഷ്ട്രീയക്കാരനെ അപ്പോഴാണു രാജ്യം തിരിച്ചറിയുന്നത്. ലക്ഷ്യമിട്ട കാര്യം അദ്ദേഹം നടത്തിയെടുത്തു. അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനമനസ്സുകളെ കലക്കിമറിക്കുന്നതിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ തീരുമാനിച്ചപ്പോൾ അതു നടപ്പുള്ള കാര്യമല്ലെന്നു വിധിയെഴുതിയവരായിരുന്നു കൂടുതൽ. കടം എഴുതിത്തള്ളുന്നതു ദോഷകരമാകുമെന്ന വിലയിരുത്തലുകൾ കാലം തള്ളിക്കളഞ്ഞെന്നു മാത്രമല്ല, കാർഷികമേഖലയിൽ പുത്തൻ ഉണർവിനും അതു വഴിവച്ചു.