‘ബില്ലുകൾ വൈകിപ്പിച്ചതിന്റെ കാരണം ഗവർണർ പറയണം’: തമിഴ്നാട് ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Mail This Article
ന്യൂഡൽഹി ∙ തമിഴ്നാട് നിയമസഭ പാസാക്കിയ 14 ബില്ലുകളിൽ മൂന്നു വർഷമായി തീരുമാനമെടുക്കാത്ത ഗവർണർ ആർ.എൻ. രവിയെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. മൂന്നു വർഷമെടുത്ത് കണ്ടെത്താൻ മാത്രം ഗൗരവമേറിയ എന്തു കാര്യമാണ് ബില്ലുകളുള്ളതെന്ന് കോടതി ഗവർണറോടു ചോദിച്ചു. തീരുമാനം വൈകിയതിന്റെ കാരണം
വസ്തുതാപരമായി അറിയിക്കാനും ആവശ്യപ്പെട്ടു. സഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്കു വിടുന്നതു വൈരാഗ്യത്തിന്റെ പേരിൽ വൈകിച്ചതിലും ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ബില്ലുകൾ തിരിച്ചയച്ചിട്ടില്ലെന്നും പിടിച്ചുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണറർക്കു വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വാദിച്ചു. ഇതിലെ യുക്തിയും കോടതി ചോദ്യം ചെയ്തു. ബില്ലുകളിൽ സ്വന്തം രീതി രൂപപ്പെടുത്തിയതു പോലെയുണ്ടെന്നും നിരീക്ഷിച്ചു. ഗവർണറുടെ ഓഫിസ് നടത്തിയ പരിശോധനയുടെ രേഖകൾ, കണ്ടെത്തിയ പോരായ്മകൾ എന്നിവയും അറിയിക്കണം. ബില്ലുകൾ പിടിച്ചുവച്ച് നിയമസഭ നിർമാണ സഭയെ വീറ്റോ ചെയ്യാൻ ഗവർണർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് പുതിയ സംഭവങ്ങളെന്നും നിരീക്ഷിച്ചു. ദുരുദ്ദേശ്യത്തോടെയും വൈരാഗ്യത്തോടെയുമാണ്
ഗവർണർ പ്രവർത്തിക്കുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണമെന്നും പറഞ്ഞു. വി.സി പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നത് ഉൾപ്പെടെയുള്ള ബില്ലുകളാണെന്ന് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. പശ്ചാത്തലമല്ല ഗവർണർക്കുള്ള അധികാരമാണ് വിഷയമെന്നു ഓർമിപ്പിച്ചു.
ഗവർണറുടെ അധികാരവുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ട വിഷയങ്ങളുണ്ടെന്നു പറഞ്ഞാണ് വാദം തുടങ്ങിയത്; 8 ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഹർജിയിൽ ഇന്നും വാദം തുടരും.