‘ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ വീഴ്ച’: പാർട്ടി ശക്തിപ്പെടുത്തൽ പാളുന്നെന്ന് സിപിഎം ഏറ്റുപറച്ചിൽ

Mail This Article
മധുര ∙ തെറ്റുതിരുത്തൽ പ്രക്രിയയിലൂടെ അംഗത്വ ഗുണനിലവാരം മെച്ചപ്പെടുത്തി പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള തീരുമാനം വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാനാകുന്നില്ലെന്ന ഏറ്റുപറച്ചിലുമായി സിപിഎം. എന്തുകൊണ്ട് ഇതു സാധിക്കുന്നില്ലെന്ന പരിശോധനയ്ക്കു പാർട്ടി കോൺഗ്രസ് വേദിയാകും. സംഘടന ശുദ്ധീകരിച്ചു ശക്തിപ്പെടുത്താതെ ബിജെപിയെ പ്രതിരോധിക്കാനോ രാഷ്ട്രീയമുന്നേറ്റമുണ്ടാക്കാനോ കഴിയില്ലെന്ന തിരിച്ചറിവ് 20–ാം പാർട്ടി കോൺഗ്രസ് മുതലുണ്ടെങ്കിലും 24–ാം കോൺഗ്രസിലും ഇതാണു ചർച്ച.
താഴെത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലെ വീഴ്ചയാണു പാർട്ടിയുടെ മുരടിപ്പിനു കാരണമെന്നാണു സിപിഎം കാണുന്നത്. ചോരുന്ന സംഘടനാശേഷി ശക്തിപ്പെടുത്താൻ 2015ൽ കൊൽക്കത്ത പ്ലീനം തീരുമാനിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പാർട്ടിയുടെ ബലഹീനത ബിജെപിക്ക് അനുകൂലമാകുന്നെന്ന യാഥാർഥ്യം സിപിഎം മറച്ചുവയ്ക്കുന്നില്ല. ബംഗാളിലെയും ത്രിപുരയിലെയും കനത്ത തിരിച്ചടിയും കേരളത്തിലെ ബിജെപി വളർച്ചയുമാണു സമഗ്ര പരിശോധനയ്ക്കു പ്രേരിപ്പിക്കുന്നത്. ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെയും മുന്നണിയുടെയും പുനർനിർമാണം ലക്ഷ്യമിടുന്നു.
കേരളത്തിൽ തുടർഭരണം നേടിയെങ്കിലും എൽഡിഎഫ് സർക്കാർ കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണു വിലയിരുത്തൽ. ബിജെപിയെ നേരിടുന്നതിൽ ബലഹീനതയുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ന്യൂനപക്ഷങ്ങൾക്കിടയിലെ പാർട്ടി സ്വാധീനം ഇല്ലാതാക്കാൻ ശ്രമിക്കുന്നതും വിലങ്ങുതടിയാണ്. ഈഴവ വോട്ടുകൾ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. ബിജെപി നയങ്ങൾക്ക് എതിരായ സമരങ്ങളിൽ സിപിഎമ്മുമായി ബന്ധപ്പെട്ട വിവിധ സംഘടനകളെ അണിനിരത്താൻ കഴിയുന്നുണ്ടെങ്കിലും അതിലുള്ളവരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്നും വിലയിരുത്തുന്നു.
∙ ‘സംഘടന ശക്തിപ്പെടുത്താനുള്ള തീരുമാനം എന്തുകൊണ്ടു നടപ്പായില്ല എന്നതു സംബന്ധിച്ച് അവലോകനത്തിൽ പറയുന്നുണ്ട്. എന്തൊക്കെയാണു പോരായ്മകളെന്നും എന്തുകൊണ്ടാണു നടപ്പാക്കാൻ കഴിയാത്തതെന്നും പരിശോധിച്ചിട്ടുണ്ട്.’ – പ്രകാശ് കാരാട്ട് (സിപിഎം കോഓർഡിനേറ്റർ)