പോരാട്ടം തനിയാവർത്തനം; ആരു പിടിക്കും കണ്ണൂർ കോട്ട?
Mail This Article
കണ്ണുതെറ്റിയാൽ കൈവിട്ടുപോകുന്ന മണ്ഡലമാണു കണ്ണൂർ. ഇക്കുറി വയനാടും വടകരയും പോലെ ട്വിസ്റ്റോ മാസ് എൻട്രിയോ ഇല്ലെങ്കിലും ക്ലൈമാക്സിൽ മാരക ട്വിസ്റ്റ് വരുമോ എന്ന ആകാംക്ഷയിലാണു കേരളം. ജയിച്ചയാളുടെ ഭൂരിപക്ഷത്തെക്കാൾ നോട്ടയും അപരന്മാരും വോട്ട് പിടിച്ചിട്ടുള്ള മണ്ഡലത്തിൽ അപ്രതീക്ഷിത ക്ലൈമാക്സുകൾ പുത്തരിയല്ല.
1952ലെ ആദ്യ തിരഞ്ഞെടുപ്പിൽ എകെജിയെ ലോക്സഭയിലെത്തിച്ച മണ്ഡലം അടുത്ത തിരഞ്ഞെടുപ്പോടെ പുനർനിർണയത്തിൽ തലശ്ശേരിക്കു വഴിമാറിയിരുന്നു.
1977ലാണു തലശ്ശേരി പോയി, വീണ്ടും കണ്ണൂർ തിരിച്ചുവന്നത്. അന്നു കോൺഗ്രസ് മുന്നണിലായിരുന്ന സിപിഐയിലെ സി.കെ. ചന്ദ്രപ്പൻ സിപിഎമ്മിലെ ഒ. ഭരതനെ തോൽപിച്ചു. കേരളത്തിൽ കോൺഗ്രസ് രണ്ടായി മത്സരിച്ച 1980ൽ കോൺഗ്രസ് (യു) സ്ഥാനാർഥി കെ. കുഞ്ഞമ്പുവിനെ വിജയിപ്പിച്ച് ഇടതുമുന്നണിയുടെ മധുരപ്രതികാരം. എന്നാൽ 1984ൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വരവോടെ കോൺഗ്രസ് നേടിയ മണ്ഡലം 1998 വരെ ഒപ്പം നിന്നു. 1999ൽ മുല്ലപ്പള്ളിയെ അട്ടിമറിച്ച് സിപിഎമ്മിന്റെ എ.പി. അബ്ദുല്ലക്കുട്ടി അദ്ഭുതക്കുട്ടിയായി. 2004ലും അബ്ദുല്ലക്കുട്ടി. 2009ൽ അബ്ദുല്ലക്കുട്ടി മറുകണ്ടം ചാടിയതോടെ മണ്ഡലവും അപ്പുറത്ത്. വിജയിച്ചതു കോൺഗ്രസിന്റെ കെ. സുധാകരൻ. 2014ൽ സിപിഎം പി.കെ.ശ്രീമതിയെ കളത്തിലിറക്കി സുധാകരനെ തോൽപിച്ചു. അപ്രതീക്ഷിതമായി ഇടത്തും വലത്തും മാറിച്ചവിട്ടുന്ന മണ്ഡലത്തിന് ഒരു കളിനിയമവും ബാധകമല്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനം പോലെ ഇക്കുറിയും ശ്രീമതിയും സുധാകരനും ഏറ്റുമുട്ടുന്നു. ഫലത്തിലും എൽഡിഎഫ് ഈ തനിയാവർത്തനം പ്രതീക്ഷിക്കുമ്പോൾ പഴയ തോൽവിക്കു പകരം വീട്ടി സുധാകരൻ വിജയിക്കുമെന്ന ആത്മവിശ്വാസമാണു യുഡിഎഫിന്. മുൻ സംസ്ഥാന പ്രസിഡന്റും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്റെ വ്യക്തിപ്രഭാവമാണു ബിജെപിയുടെ ആശ്രയം.
നിയമസഭാ മണ്ഡലങ്ങളിൽ കണ്ണൂർ, തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ എന്നിവ എൽഡിഎഫിനൊപ്പവും ഇരിക്കൂർ, അഴീക്കോട്, പേരാവൂർ എന്നിവ യുഡിഎഫിനൊപ്പവും. മണ്ഡലങ്ങളിലെ മേൽക്കൈ എൽഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും നിസ്സാര വോട്ടിനു കൈവിട്ട കണ്ണൂർ നിയമസഭാ മണ്ഡലത്തെ ഇപ്പോഴും തങ്ങളുടെ കണക്കിൽതന്നെയാണു യുഡിഎഫ് കൂട്ടുന്നത്.
ഇടതിന് അഭിമാനപ്പോരാട്ടം
കേരളത്തിനു പുറത്തു സിപിഎമ്മിന്റെ മേൽവിലാസമാണു കണ്ണൂർ. സംസ്ഥാന മന്ത്രിസഭയിലെ ഒന്നാമന്റെയും രണ്ടാമന്റെയും മണ്ഡലം. ആ നിലയ്ക്ക് അഭിമാനപ്പോരാട്ടം. സിറ്റിങ് എംപിയെ മാറ്റി പരീക്ഷണത്തിനു മുതിരാത്തതും അതുകൊണ്ടുതന്നെ. പി. ജയരാജനെ വടകരയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു രണ്ടാംദിവസം കണ്ണൂരിൽ പുതിയ സെക്രട്ടറിയെ തീരുമാനിച്ചതും ചടുല നീക്കം.
പി.കെ. ശ്രീമതി തന്നെ സ്ഥാനാർഥിയെന്നു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപേ പാർട്ടി ഉറപ്പിച്ചിരുന്നു. ശ്രീമതി നേരത്തേ പ്രചാരണത്തിനുമിറങ്ങി. പാർട്ടി വോട്ടുകൾക്കു പുറമേ, കഴിഞ്ഞ 5 വർഷം മണ്ഡലത്തിലുണ്ടാക്കിയ വ്യക്തിബന്ധങ്ങളിലും ശ്രീമതി പ്രതീക്ഷയർപ്പിക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലടക്കം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറയുന്നു.
സുധാകരൻ റീലോഡഡ്
സുധാകരൻ പഴയ സുധാകരനല്ലെന്നു യുഡിഎഫ് പറയുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ സംഘടനാരംഗത്തും ശബരിമലവിഷയത്തിൽ ആദ്യമേ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ച കോൺഗ്രസ് നേതാവ് എന്ന നിലയ്ക്കു പൊതുസമൂഹത്തിലും കരുത്തൻ. കഴിഞ്ഞതവണ മൽസരിച്ചതു മടിച്ചുമടിച്ചാണെങ്കിൽ ഇക്കുറി സുധാകരന്റെ ശരീരഭാഷയിലടക്കമുണ്ട് ജയിക്കാനുള്ള വാശി. കണ്ണൂരിൽ സുധാകരൻ മതിയെന്ന അഭിപ്രായം മുസ്‌ലിം ലീഗിനുമുണ്ടായിരുന്നു. ആവേശത്തോടെ ലീഗും ഇറങ്ങുമ്പോൾ സുധാകരനു ഭൂരിപക്ഷ–ന്യൂനപക്ഷ വോട്ടുകൾ ഒരു പോലെ സമാഹരിക്കാൻ കഴിയുമെന്നാണു യുഡിഎഫ് പ്രതീക്ഷ.
വോട്ട് ഇരട്ടിയാക്കാൻ ബിജെപി
ഇതുവരെയുള്ള തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവുമധികം വോട്ട് നേടിയതു 2014ലാണ്– 51,636. പല മണ്ഡലങ്ങളിലും ശബരിമലയാണു ബിജെപിയുടെ മുഖ്യ പ്രചാരണായുധമെങ്കിൽ, ആചാരസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായി ഇവിടെ സുധാകരൻ തന്നെ രംഗത്തുണ്ടെന്നതാണ് അവരുടെ വെല്ലുവിളി. വിജയിക്കുമെന്ന അവകാശവാദമില്ലെങ്കിലും 2014ലേതിനെക്കാൾ ഇരട്ടി വോട്ട് നേടാമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.
വികസനം മുതൽ ഹരിത രാഷ്ട്രീയം വരെ
എന്തു വികസനം നടപ്പാക്കി എന്നതായിരുന്നു 2014ൽ സുധാകരൻ നേരിട്ട ചോദ്യം. അതേ ചോദ്യം ഇപ്പോൾ സുധാകരനും കൂട്ടരും ശ്രീമതിക്കു നേരെ ഉയർത്തുന്നു. 2103 കോടി രൂപയുടെ വികസനമെത്തിച്ചെന്നാണു ശ്രീമതിയുടെ അവകാശവാദം. എംപിയായിരിക്കേ സുധാകരൻ അനുമതി വാങ്ങിയെടുത്ത പദ്ധതികളും കേന്ദ്രം സ്വന്തം നിലയ്ക്കു നടപ്പാക്കിയവയും സംസ്ഥാന സർക്കാരിന്റെ പദ്ധതികളും ചേർന്നാണിതെന്നു യുഡിഎഫ് തിരിച്ചടിക്കുന്നു.
സുധാകരൻ ബിജെപിയിലേക്കു ചേക്കേറുമെന്നാണ് ഇടതുമുന്നണിയുടെ പ്രചാരണം. മരിക്കുന്നതു കോൺഗ്രസ് പതാക പുതച്ചുതന്നെയായിരിക്കുമെന്നു സുധാകരന്റെ മറുപടി. പെരിയ ഇരട്ടക്കൊലപാതകം, മട്ടന്നൂർ ഷുഹൈബ് വധം, അരിയിൽ ഷുക്കൂർ വധം എന്നിവയെല്ലാം സിപിഎമ്മിനെതിരെ കോൺഗ്രസ് പ്രയോഗിക്കുന്നു. വയൽക്കിളികളും തുരുത്തി ബൈപാസ് വിരുദ്ധ സമിതിക്കാരും പാപ്പിനിശ്ശേരി കണ്ടൽപാർക്ക് വിരുദ്ധ സമിതിയും ഉയർത്തുന്ന ഹരിത രാഷ്ട്രീയവും സിപിഎമ്മിനെതിരെയുള്ള ആയുധങ്ങളാണ്.
ഡൽഹി ഫ്ലൈറ്റിൽ ആര്
കഴിഞ്ഞതവണ ശ്രീമതിയുടെ ഭൂരിപക്ഷം 6566. സുധാകരന്റെ 2 അപരന്മാർ ചേർന്നു നേടിയത് 6985 വോട്ട്. നോട്ടയ്ക്കു ലഭിച്ചത് 7026 വോട്ട്. 19,170 വോട്ട് നേടിയ എസ്ഡിപിഐ ഇക്കുറിയും മൽസരിക്കുന്നു. പരിസ്ഥിതി രാഷ്ട്രീയം ഉയർത്തി എസ്‌യുസിഐയും മൽസരരംഗത്തുണ്ട്. ചിതറിപ്പോകുന്ന ഈ വോട്ടുകൾ നിർണായകമാകും. കണ്ണൂരിൽ വിമാനമിറങ്ങിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. ഡൽഹി ഫ്ലൈറ്റിൽ വോട്ടർമാർ ആർക്കു ടിക്കറ്റെടുത്തു നൽകുമെന്നതിലാണ് ഉദ്വേഗം.
പി.കെ.ശ്രീമതി (69)
സിപിഎം (എൽഡിഎഫ്)
അനുകൂലം
∙ സിറ്റിങ് എംപിയെന്ന നിലയിൽ 5 വർഷം മണ്ഡലത്തിലെ വോട്ടർമാരുമായുണ്ടാക്കിയ വ്യക്തിബന്ധം.
∙ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കൂടി ഉയർത്തിക്കാണിക്കാൻ കഴിയുന്നു.
പ്രതികൂലം
∙ മണ്ഡലത്തിൽ സ്വന്തമായി വലിയ വികസന പദ്ധതികൾ അവതരിപ്പിക്കാനില്ല.
∙ പി. ജയരാജൻ വടകരയിൽ കടുത്ത പോരാട്ടത്തിലാണ് എന്നതിനാൽ കണ്ണൂരിലെ സംഘടനാ സംവിധാനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവിടെ.
കെ. സുധാകരൻ (70)
കോൺഗ്രസ് (യുഡിഎഫ്)
അനുകൂലം
∙ പാർട്ടിയിലും മുന്നണികളിലെ മുഴുവൻ ഘടകകക്ഷികളിലും ഒരുപോലെ സ്വീകാര്യൻ.
∙ ശബരിമല വിഷയത്തിൽ സ്വീകരിച്ച ഉറച്ച നിലപാട്.
പ്രതികൂലം
∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ നിയമസഭാമണ്ഡലങ്ങളിൽ എൽഡിഎഫ് നേടിയ വൻ ഭൂരിപക്ഷം.
∙ ഇടതു സ്ഥാനാർഥിയെ അപേക്ഷിച്ച് പ്രചാരണരംഗത്തു സജീവമാകാൻ വൈകി.
സി.കെ.പത്മനാഭൻ (70)
ബിജെപി (എൻഡിഎ)
അനുകൂലം
∙ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കണ്ണൂരിൽ ബിജെപിയുടെ ശക്തനായ സ്ഥാനാർഥി.
∙ കമ്യൂണിസ്റ്റ് കുടുംബ പാരമ്പര്യമുള്ളതിനാൽ ബിജെപിക്കു പുറത്തുള്ള വോട്ടിലും കണ്ണ്.
പ്രതികൂലം
∙ സിപിഎമ്മും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടം. ബിജെപിക്ക് അരലക്ഷത്തിലധികം വോട്ട് ലഭിച്ചത് ഒരുവട്ടം മാത്രം.