ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അറബിക്കടലിൽ വലയെറിഞ്ഞു കാത്തിരിക്കുന്ന ക്ഷമ വേണം. തോട്ടണ്ടി പൊട്ടിച്ചു പരിപ്പെടുക്കുന്ന സൂക്ഷ്മത വേണം. കിഴക്കൻ മലയിൽ നിന്നുള്ള കാറ്റിന്റെ ദിശ നേരത്തേ കണ്ടുവയ്ക്കുകയും വേണം. ചെറുതായൊന്നു പിഴച്ചാൽ കൊല്ലം കോട്ടയിൽ പണി പാളും.

വന്നു ചേർന്നവരെയൊക്കെ തോളിലേറ്റി നടന്നിട്ടുള്ള നാടാണ്. പണ്ട്, അമ്പലപ്പുഴയിൽ നിന്നു വന്ന എൻ. ശ്രീകണ്ഠൻ നായരെ 5 തവണ വൻ ഭൂരിപക്ഷത്തിൽ ഡൽഹിക്കയച്ചു. അങ്ങനെ കൊല്ലം ആർഎസ്പിയുടെ മണ്ണായി. തിരുവനന്തപുരത്തു നിന്നു കോൺഗ്രസിലെ എസ്. കൃഷ്ണകുമാർ വന്നപ്പോൾ കണ്ണുമടച്ചു 3 തവണ ജയിപ്പിച്ചുവിട്ടു. 1952 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിലെ വിജയികളിൽ ഒരാളൊഴികെ എല്ലാവരും അയൽ ജില്ലക്കാരെന്നു കൂടി അറിയുക. 16 തിരഞ്ഞെടുപ്പുകളിൽ പകുതിയിലും കൊല്ലം വരിച്ചതു ആർഎസ്പിയെയാണ്; 5 തവണ കോൺഗ്രസിനെയും.

ശ്രീകണ്ഠൻ നായരുടെ പിൻഗാമിയായി വന്നു 2 തവണ മണ്ഡലം കാത്ത പ്രേമചന്ദ്രനെ വെട്ടി 1999 ൽ സിപിഎം സീറ്റ് പിടിച്ചെടുത്തതു ചരിത്രം. മനസ്സ് നൊന്ത ആർഎസ്പിയെ കൂടെ നിർത്തി 2 തവണ സിപിഎം ജയിച്ചെങ്കിലും 2009ൽ കോൺഗ്രസ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണയും തഴയപ്പെട്ട പ്രേമചന്ദ്രനെയും ആർഎസ്പിയെയും യുഡിഎഫ് കൊത്തിക്കൊണ്ടുപോയി. വലിയ വ്യത്യാസത്തിൽ പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഇടറി വീണതോടെ കനലെരിഞ്ഞതു സിപിഎമ്മിന്റെ മനസ്സിലാണ്.

ആർഎസ്പിയുടെയും സിപിഎമ്മിന്റെയും ഉള്ളിലെ കനലടങ്ങാത്ത മണ്ണിലാണ് ഇക്കുറി പോര്. മത്സരിച്ചപ്പോഴൊക്കെ വൻ ഭൂരിപക്ഷം നേടിയ എൻ.കെ. പ്രേമചന്ദ്രൻ മണ്ഡലം കാക്കാൻ വീണ്ടും; പിബി അംഗത്തിനു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാലിനെ ഇറക്കി സിപിഎമ്മിന്റെ അഭിമാനപ്പോരാട്ടം. സസ്പെൻസിനൊടുവിൽ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിനെ കൊണ്ടുവന്ന് ആകാംക്ഷയേറ്റുന്നു ബിജെപി. 3 പേരും നിയമ ബിരുദധാരികൾ.

വിരുന്ന് അയൽക്കാർക്ക്

പതിവുപോലെ വിരുന്നുകാരുടെ പോരാട്ടമാണ് ഇക്കുറിയും. തിരുവനന്തപുരം നാവായിക്കുളത്തു നിന്നു വന്നു കൊല്ലംകാരനായി മാറിയ പ്രേമചന്ദ്രൻ, കൊല്ലം തട്ടകമാക്കിയ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ബാലഗോപാൽ, എറണാകുളം തൃപ്പൂണിത്തുറ സ്വദേശി കെ.വി. സാബു. തൊട്ടതെല്ലാം പൊന്നാക്കിയ ജനകീയ എംപിയായാണു പ്രേമചന്ദ്രൻ കളം നിറയുന്നത്. മികച്ച ലോക്സഭാംഗത്തിനുള്ള 2017 ലെ സ്പെഷൽ സൻസദ് രത്ന അവാർഡ് പ്രേമചന്ദ്രനായിരുന്നെങ്കിൽ, മികച്ച രാജ്യസഭാംഗത്തിനുള്ള ഇതേ അവാർഡ് ബാലഗോപാലിനായിരുന്നു.

ലോക്സഭയിലെ മികച്ച പാർലമെന്റേറിയനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് അവാർഡിനു പ്രേമചന്ദ്രനെ തിരഞ്ഞെടുത്ത ജൂറിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അംഗമായിരുന്നു. വിഎസ് സർക്കാരിൽ മന്ത്രിയായിരുന്ന പ്രേമചന്ദ്രനും വിഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ബാലഗോപാലിനും വേണ്ടി സമൂഹ മാധ്യമങ്ങളിൽ പോരടിക്കുന്നവരുടെ ആവേശം കണ്ടാലറിയാം, അവാർഡ് സിനിമ പോലെ ശാന്തമല്ല അവാർഡ് ജേതാക്കളുടെ പോരാട്ടം. ബാലഗോപാലിന്റെ പേരിനൊപ്പമുള്ള കെ.എൻ. ‘കൊല്ലത്തിന്റെ നന്മ’ എന്നു സഖാക്കൾ വിപുലീകരിച്ചപ്പോൾ പ്രേമചന്ദ്രന്റെ എൻ.കെയെ ‘നാടിന്റെ കരളാ’ക്കി യുഡിഎഫ് സൈബർ സേന തിരിച്ചടിക്കുന്നു.

മുന്നണി വിട്ട് അപ്പുറത്തുപോയി പാർട്ടി പിബി അംഗത്തെ മലർത്തിയടിച്ച പ്രേമചന്ദ്രനു നേരെ എല്ലാ അമ്പുകളും തൊടുക്കുകയാണു സിപിഎം. പ്രേമചന്ദ്രനെതിരെ കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാർഥിയെന്ന മുഖവുരയോടെ ബാലഗോപാലിനെ അവതരിപ്പിച്ച സിപിഎം സാമുദായിക വോട്ടുകളിൽ കണ്ണുവയ്ക്കുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ സംഘടനയിലുടനീളം ഉറപ്പിച്ച സ്വാധീനമാണു ബാലഗോപാലിന്റെ മിടുക്ക്. എം.എ.ബേബി മത്സരിച്ചപ്പോൾ പ്രേമചന്ദ്രനെതിരെ വിവാദ പരാമർശം നടത്തിയ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ഇക്കുറി പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നേരിട്ട് ഇടപെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പിറവത്തും (2006) തൃപ്പൂണിത്തുറയിലും (2011) ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിലും (2009) ഇടുക്കിയിലും (2014) പോരാടാനിറങ്ങിയ കെ.വി. സാബുവിലൂടെ പുതിയ പരീക്ഷണത്തിനു കളമൊരുക്കുകയാണു ബിജെപി. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ വോട്ട് വർധനയിലും ശബരിമലയിലുമാണു പാർട്ടിയുടെ പ്രതീക്ഷ.

‘ബൈപാസ്’ വഴി

കൊല്ലം ബൈപാസ് മുതൽ പുൽവാമ ഭീകരാക്രമണം വരെ പയറ്റാൻ ആയുധങ്ങളേറെയുണ്ടെങ്കിലും കൊല്ലത്തു പ്രധാന മത്സരം പ്രേമചന്ദ്രൻ- ബാലഗോപാൽ വ്യക്തിത്വങ്ങൾ തമ്മിലാണ്. പ്രേമചന്ദ്രൻ ‘സംഘി’യാണെന്ന് ആരോപിച്ചു ഭീകരമായ ആക്രമണമാണു സിപിഎം അഴിച്ചുവിട്ടത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്ന കൊല്ലം ബൈപാസ് തുറന്നുകൊടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നതാണു പ്രകോപനം. മോദിയെ ക്ഷണിച്ചത് പ്രേമചന്ദ്രനാണെന്നാണ് ആരോപണം. മുത്തലാഖ് ബില്ലിനെതിരെ ലോക്സഭയിൽ നിരാകരണ പ്രമേയം അവതരിപ്പിക്കുന്നതു വരെ സിപിഎമ്മിനു പ്രേമചന്ദ്രൻ സംഘിയായിരുന്നില്ലെന്നു യുഡിഎഫ് തിരിച്ചടിക്കുന്നു.

പ്രേമചന്ദ്രന്റെ വോട്ട്ബാങ്കുകളിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കത്തിനെതിരെ കനത്ത ജാഗ്രതയിലാണു യുഡിഎഫ്. പ്രേമചന്ദ്രന്റെ ജനകീയ പരിവേഷവും ശബരിമല വിഷയവും അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടികളും തീരദേശത്തെ വറുതിയുമൊക്കെ ചൂണ്ടിക്കാട്ടി യുഡിഎഫ് രണ്ടാം റൗണ്ടിലേക്കു കടക്കുമ്പോൾ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേടിയ മികച്ച വിജയത്തിലാണു സിപിഎമ്മിന്റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കൊല്ലം മാറിച്ചിന്തിക്കുന്നതു പതിവാണല്ലോയെന്നു യുഡിഎഫ്. പതിവിലും 5-6 ഡിഗ്രി ചൂട് കൂടുതലാണു കൊല്ലത്ത്. രാഷ്ട്രീയ കാലാവസ്ഥയിൽ അതിലേറെ വരും. പ്രതീക്ഷകൾ പൊള്ളാതിരിക്കാൻ ആവതു വെള്ളം കുടിക്കേണ്ടി വരും മുന്നണികൾ.

English summary: Kollam loksabha election 2019

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com