ADVERTISEMENT

നൂറു കിലോമീറ്ററിലേറെ നീളമുള്ള മണ്ഡലം; നീളമേയുള്ളൂ, വീതി കാര്യമായില്ല. വെള്ളത്തിന്റെ കരയിലൊരു മണ്ണിര കിടക്കുന്ന പോലെയാണു ഭൂപടം. പ്രളയത്തിൽ മുങ്ങിക്കയറിയ നാടാണ്. വിപ്ലവ, ജനാധിപത്യ, നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രം പത്തായം നിറയെയുണ്ട്. ആകയാൽ രാഷ്ട്രീയമാണ് പന്തിയിൽ ഒന്നാമത്. രാഷ്ട്രീയത്തിനപ്പുറത്തുള്ള ‘സമ’വാക്യങ്ങളും ‘സൂത്ര’വാക്യങ്ങളുമൊക്കെ പ്രയോഗിക്കുന്നവരുടെ വഴിക്കണക്കുകളെ ഇവിടത്തെ രാഷ്ട്രീയം പലതവണ തെറ്റിച്ചിട്ടുമുണ്ട്.

കോൺഗ്രസിന്റെ ഉന്നത ചുമതലകളേറ്റ സിറ്റിങ് എംപി കെ.സി. വേണുഗോപാൽ ഇത്തവണ മത്സരിക്കില്ലെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയപ്പോൾ ആലപ്പുഴ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ‘പിന്നെയാര്’ എന്ന ചോദ്യത്തിനു താഴെ പല പേരുകൾ മായ്ച്ചെഴുതി നോക്കി. നാട്ടുകാരിയായ ഷാനിമോളുടെ പേര് ഒടുവിൽ തെളിഞ്ഞു. അരൂർ എംഎൽഎ എ.എം. ആരിഫിനെ എൽഡിഎഫ് നേരത്തേ പ്രഖ്യാപിച്ചതാണ്. വേണുഗോപാലാവും അപ്പുറത്തെന്നു കണക്കാക്കി എൽഡിഎഫും പലരെയും ആലോചിച്ചു. രണ്ടായാലും തീരുമാനം വൈകരുതെന്നതിനാൽ ആലോചന ആരിഫിലേക്കു വേഗം ചുരുങ്ങി.

എൻഡിഎയിലായിരുന്നു നീണ്ട ആലോചന. ബിഡിജെഎസിനു താൽപര്യമില്ലായിരുന്നു. ബിജെപിയിൽ മാത്രമായി തിരച്ചിൽ. പ്രഖ്യാപനം വന്നപ്പോൾ, വലുതല്ലെങ്കിലും ഒരു ട്വിസ്റ്റുമുണ്ടായി. കോൺഗ്രസ് സഹയാത്രികനായി അറിയപ്പെട്ടിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ ബിജെപിയിലെത്തി, ആലപ്പുഴയിലിറങ്ങി.

ആലപ്പുഴ ജില്ലയിലെ 6 പടിഞ്ഞാറൻ നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ കരുനാഗപ്പള്ളിയും ചേർന്നാണു ലോക്സഭാ മണ്ഡലം നിവർന്നു കിടക്കുന്നത്. കഴിഞ്ഞ തവണ ഉശിരൻ പോരാട്ടമായിരുന്നു. ഒടുവിൽ കെ.സി. വേണുഗോപാൽ ജയിച്ചു; ഇരുപതിനായിരത്തോളം വോട്ടിന്.

ആലപ്പുഴയുടെ അജൻഡ

ലോക്സഭാ തിരഞ്ഞെടുപ്പല്ലേ, ദേശീയ രാഷ്ട്രീയം തന്നെ പ്രധാനം എന്നു യുഡിഎഫ് അജൻഡ വച്ചിട്ടുണ്ട്. വർഗീയതയുടെയും അഴിമതിയുടെയും വക്താക്കളായ കേന്ദ്രസർക്കാരിനെ ഇറക്കണം. കെ.സി. വേണുഗോപാലിന്റെ വികസന മാസ്റ്റർ പ്ലാൻ പിന്തുടരണം. സംസ്ഥാന രാഷ്ട്രീയത്തിൽ കൊലപാതക രാഷ്ട്രീയം, വിശ്വാസ സംരക്ഷണം എന്നിവ ആയുധങ്ങൾ. യുഡിഎഫ് സ്ഥാനാർഥി വനിതയാണ്. അതിനാൽ സ്ത്രീപീഡനങ്ങൾ, പെൺകുട്ടികളുടെ അരക്ഷിതാവസ്ഥ തുടങ്ങിയവയെപ്പറ്റി കൂടുതൽ പറയുന്നു.

ബിജെപിക്കെതിരെ എൽഡിഎഫിനു വോട്ട് ചെയ്തിട്ടെന്തു ഫലം എന്ന ചോദ്യത്തിന് എൽഡിഎഫിന്റെ മറുപടി ചില കണക്കുകളാണ്. ഈ വിഷയം വാജ്പേയി സർക്കാർ ജനവിധി തേടിയ 2004 ലും വന്നിട്ടുണ്ട്. അന്നു കേരളം ഒരു കോൺഗ്രസ് സ്ഥാനാർഥിയെയും ജയിപ്പിക്കാതെ മറുപടി പറഞ്ഞു. ഇത്തവണ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘കണ്ണഞ്ചിപ്പിക്കുന്ന’ വികസനത്തിനു കേന്ദ്രസർക്കാരിന്റെ പിന്തുണയും നേടുന്ന എംപിയാകാനാണ് ആരിഫിന്റെ ശ്രമമെന്നു നേതാക്കൾ.

വികസനത്തിന്റെ താരതമ്യത്തിൽ ആലപ്പുഴ പിന്നിലാണെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. മുഖ്യമന്ത്രിമാരെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരെയും സൃഷ്ടിച്ച നാടായിട്ടും വളർന്നില്ല. എല്ലാ വിഭാഗങ്ങളുടെയും സുരക്ഷയ്ക്കു മോദി സർക്കാരിന്റെ പദ്ധതികൾ തുടരണമെന്നതിലാണ് ഊന്നൽ.

മൂന്നു കന്നിക്കാർ

3 മുന്നണി സ്ഥാനാർഥികളും ആദ്യമായാണു ലോക്സഭയിലേക്കു മത്സരിക്കുന്നത്. ആരിഫ് അരൂരിൽ നിന്നു 3 തവണ എംഎൽഎയായിട്ടുണ്ട്. ഷാനിമോൾ ഉസ്മാൻ 2 തവണ നിയമസഭയിലേക്കു മത്സരിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ ആദ്യ തിരഞ്ഞെടുപ്പ്. എംഎൽഎയായിരിക്കുമ്പോഴാണു കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് ആദ്യം എംപിയായത്. ആ തന്ത്രത്തിന് ഇത്തവണ സിപിഎമ്മിന്റെ ഊഴം.

രാഷ്ട്രീയം മാത്രം പോരാ

രാഷ്ട്രീയ ശക്തിയിൽ മാത്രം വിശ്വസിക്കരുതെന്നു 3 മുന്നണിയിലുമുള്ളവർക്കറിയാം. അതിനാൽ അവർ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി നടേശനെ കണ്ടു മടങ്ങിക്കൊണ്ടിരിക്കുന്നു. സന്ദർശകരുടെ എണ്ണത്തിൽ പിന്നിൽ യുഡിഎഫാണ്. വി.എം. സുധീരൻ വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സന്ദർശകരിലെ വിഐപികൾ. കുമ്മനം രാജശേഖരനും വന്നു. വെള്ളാപ്പള്ളി നടേശൻ എൽഡിഎഫ് അനുകൂല നിലപാടിലാണ്. മകൻ തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് എൻഡിഎയിലും. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ നേതാക്കളും സ്ഥാനാർഥികളും ഇപ്പോഴും കണിച്ചുകുളങ്ങരയിലേക്കു യാത്ര നടത്തുന്നു. ചങ്ങനാശേരിയിലെ എൻഎസ്എസ് ആസ്ഥാനത്തേക്കും ആൾസഞ്ചാരമുണ്ട്.

വിപ്ലവ വിജയം പകുതിയിൽ താഴെ

പുന്നപ്രയുടെയും വയലാറിന്റെയുമൊക്കെ നാടാണെങ്കിലും ഇവിടെ നടന്ന 16 ലോക്സഭാ തിരഞ്ഞെടുപ്പിൽ 7 തവണയേ കമ്യൂണിസ്റ്റ് സ്ഥാനാർഥികൾ ജയിച്ചിട്ടുള്ളൂ. 2 തവണ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും 5 തവണ സിപിഎമ്മും ജയിച്ചു. കോൺഗ്രസ് 8 വട്ടം ജയിച്ചു. ഒരു തവണ സിപിഎമ്മിനെതിരെ ആർഎസ്പി ജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കിൽ എൽഡിഎഫിനു വലിയ മേൽക്കൈയുണ്ട്: 7 മണ്ഡലങ്ങളിൽ ആറും നേടി.

ജയം അത്യാവശ്യം

മുന്നണിയിലോ പാർട്ടിയിലോ കെട്ടുറപ്പിനു കോട്ടമൊന്നുമില്ലെന്നാണു യുഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസം. വേണുഗോപാൽ മത്സരിക്കാത്തത് അണികളിൽ ആദ്യം നിരാശയുണ്ടാക്കിയെങ്കിലും നാട്ടുകാരിയും മണ്ഡലത്തിൽ പരിചിതയുമായ ഷാനിമോൾ വന്നപ്പോൾ ചിത്രം മാറി. ആരിഫിലൂടെ എൽഡിഎഫ് ഉന്നമിട്ട അനുകൂല ഘടകങ്ങൾ ഷാനിമോൾ വന്നതോടെ അസാധുവായെന്നും യുഎഡിഎഫ് വിശ്വസിക്കുന്നു.

ദേശീയ തലത്തിലേക്കു വളർന്ന കെ.സി. വേണുഗോപാലിനെ തോൽപിക്കുക സിപിഎമ്മിന്റെ ശപഥം പോലെയായിരുന്നു. അതിനു യോജിച്ച സ്ഥാനാർഥിക്കായി നല്ല ഗവേഷണവും പാർട്ടി നടത്തി. പല വമ്പൻമാരുടെയും പേരുകൾ ആലോചിച്ചു. വേണുഗോപാലിനെത്തന്നെ പ്രതീക്ഷിച്ച് ഇറങ്ങിയ തങ്ങൾക്ക് ഇപ്പോൾ കുറെക്കൂടി എളുപ്പമായെന്നാണു പ്രവർത്തകരുടെ അവകാശവാദം. എൻഡിഎ പ്രവർത്തകർ ആവേശത്തിലാണ്. സ്ഥാനാർഥിയെപ്പറ്റി നേതാക്കൾക്ക് അഭിമാനമുണ്ട്. വെറും രാഷ്ട്രീയക്കാരനല്ല, അക്കാദമിക് രംഗങ്ങളിൽ പ്രവർത്തിച്ചയാളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com