ഒഎൻവി സാഹിത്യ പുരസ്കാരം സ്വീകരിക്കില്ല : വൈരമുത്തു

Mail This Article
തിരുവനന്തപുരം∙ ഒഎൻവി സാഹിത്യ പുരസ്കാരം സ്വീകരിക്കില്ലെന്നു തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു തീരുമാനം. പുരസ്കാരം തിരികെ നൽകുകയാണെന്നും സമ്മാനത്തുകയായ 3 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നും അദ്ദേഹം ഒഎൻവി കൾചറൽ അക്കാദമിയോട് അഭ്യർഥിച്ചു.
മലയാള മണ്ണിനോടും മലയാളികളോടുമുള്ള സ്നേഹത്തിന്റെ അടയാളമായി തന്റെ വകയായും 2 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും അറിയിച്ചു.
വൈരമുത്തുവിന്റെ നിർദേശം ചർച്ച ചെയ്തു തീരുമാനം എടുക്കുമെന്ന് അക്കാദമി അറിയിച്ചു. വിഡിയോ സന്ദേശത്തിലൂടെയാണു വൈരമുത്തു നിലപാടു വ്യക്തമാക്കിയത്.
ലൈംഗിക പീഡന ആരോപണം നേരിടുന്ന വൈരമുത്തുവിനു പുരസ്കാരം നൽകുന്നതിനെതിരെ ഏതാനും സിനിമാ താരങ്ങളും എഴുത്തുകാരും പ്രതിഷേധം ഉയർത്തിയിരുന്നു.
English Summary: Vairamuthu declined ONV award after controversy