കൊല്ലത്തെ ജയന്തി റിപ്പബ്ലിക് പരേഡിലെ ‘ബുള്ളറ്റ് റൈഡർ’
Mail This Article
ന്യൂഡൽഹി ∙ ഇക്കുറി രാജ്യം റിപ്പബ്ലിക് ദിന പരേഡിനു കയ്യടിക്കുമ്പോൾ അതിലൊരോഹരി കൊല്ലത്തേക്കുള്ളതാണ്. കാരണം, ബിഎസ്എഫിലെ സമ്പൂർണ ബൈക്കർ സംഘമായ ‘സീമ ഭവാനി സംഘത്തിന്റെ’ അഭ്യാസം മുന്നേറുക കൊല്ലംകാരി ജയന്തിയുടെ കൂടി കരുത്തിലാണ്. പിരമിഡ് രീതിയിൽ ബൈക്കോടിച്ചും അഭ്യാസമുറകൾ കാട്ടിയും വിസ്മയം തീർക്കുന്ന 110 അംഗ സംഘത്തിലെ ഏകമലയാളി.
പരേഡിന്റെ താളത്തിനൊപ്പം ബുള്ളറ്റ് ബൈക്ക് നീങ്ങുമ്പോൾ എഴുന്നേറ്റു നിന്നോടിച്ചും 7 പേർ ചേർന്നോടിച്ചുമെല്ലാം കാഴ്ചയുടെ വിസ്മയം പിറക്കും. കഴിഞ്ഞ നാലരവർഷമായി ബിഎസ്എഫിൽ ജോലി ചെയ്യുന്ന ജയന്തി കോൺസ്റ്റബിളാണ്. 7 മാസമായി സീമ ഭവാനി സംഘത്തിനൊപ്പം പരിശീലനം നടത്തുന്നു.
കുട്ടിക്കാലം മുതൽ സേനയിൽ ചേരാൻ ആഗ്രഹിച്ച ജയന്തി, കൊല്ലം ഫാത്തിമ മാതാ കോളജിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നത്. ബിഎസ്എഫിൽ ഇൻസ്പെക്ടറായ കർണാടക സ്വദേശി സംഗീത് രാജാണ് ഭർത്താവ്. മഹാരാഷ്ട്ര ലാത്തൂരിലെ ട്രെയിനിങ് ക്യാംപിലായതിനാൽ സംഗീതിന് പരേഡിന് എത്താനാകില്ല. അച്ഛൻ ജയദേവൻ പിള്ളയും അമ്മ പത്മിനിയും സഹോദരൻ ജയകൃഷ്ണനും പവിലിയനിലുണ്ടാകും.
Content highlights: Bullet rider jayanthi, Republic day