പോക്സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം
Mail This Article
കൊച്ചി∙ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ റോയ് ജെ.വയലാറ്റ് (49), സൈജു എം.തങ്കച്ചൻ (41) എന്നിവർക്ക് എറണാകുളം പോക്സോ കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലുമാണു കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.
കേസിൽ കുറ്റപത്രം സമർപ്പിക്കും വരെ എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ രണ്ടു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണം, കേസിലെ പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്, പരാതിക്കാർ താമസിക്കുന്ന കോഴിക്കോട് ജില്ലയിൽ പ്രതികൾ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഇവരുടെ കൂട്ടുപ്രതിയായ അഞ്ജലി റീമദേവിനു മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ ഇതുവരെ പൂർത്തിയായിട്ടില്ല.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ കാര്യം ചൂണ്ടിക്കാണിച്ചാണു പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയത്. മിസ് കേരള ജേതാക്കളായ രണ്ടു മോഡലുകൾ അടക്കം 3 പേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ റോയിക്കും സൈജുവിനും ജാമ്യം ലഭിച്ചിരുന്നു. പോക്സോ കേസിൽ 2 പേരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഘട്ടത്തിൽ മോഡലുകൾ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
English Summary: Bail for Roy J. Vayalat and Saiju Thankachan in pocso case