മൂലമറ്റം വെടിവയ്പ്: പ്രതിയുടേത് ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക്, വാങ്ങിയത് ഒരു ലക്ഷത്തിന്

Mail This Article
മൂലമറ്റം ∙ തട്ടുകടയിലെ തർക്കത്തെത്തുടർന്ന് യുവാവു വെടിയേറ്റുമരിച്ച സംഭവത്തിൽ പ്രതി ഫിലിപ്പ് മാർട്ടിനെ (26) തെളിവെടുപ്പിനുശേഷം കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണു സംഭവം. മരിച്ച കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ സനൽ സാബു (34)വിന്റെ സംസ്കാരം ഇന്ന് 11ന്.
ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണു ഫിലിപ് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സനലിന്റെ ഒപ്പമുണ്ടായിരുന്ന കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
അശോക കവലയിലെ തട്ടുകടയിൽ എത്തിയ ഫിലിപ്പും ബന്ധുവും ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും തീർന്നുപോയെന്ന് അറിയിച്ചതോടെ വാക്കേറ്റമുണ്ടായി. തട്ടുകടയിലുള്ളവരുമായി നടന്ന ബഹളത്തിനിടെ ഫിലിപ്പിനു സാരമായി പരുക്കേറ്റു. ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ മടങ്ങിയ ഫിലിപ് പിന്നീടു വീട്ടിൽനിന്നു കാറിൽ തോക്കുമായി എത്തി തട്ടുകടയുടെ നേരെ വെടിയുതിർത്തു. അതിനുശേഷം മൂലമറ്റം ഭാഗത്തേക്കു മടങ്ങുന്നതിനിടെ ഫിലിപ്പിന്റെ മാതാവ് എകെജി കവലയിൽ കാർ തടഞ്ഞ് മകനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

ഈ സമയം പിന്നാലെ എത്തിയവർ ഫിലിപ്പിന്റെ കാർ തകർക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. കാർ മുന്നോട്ടെടുത്ത ഫിലിപ് നിമിഷങ്ങൾക്കുളളിൽ തിരിച്ചെത്തി എകെജി കവലയിൽ നിർത്തി ഓട്ടോയ്ക്കു നേരെ നിറയൊഴിച്ചു. ഇതിനിടെ ഈ വഴി സ്‌കൂട്ടറിലെത്തിയ സനലിനും പ്രദീപിനും വെടിയേൽക്കുകയായിരുന്നു. കീരിത്തോട് പാട്ടത്തിൽ സാബുവിന്റെയും വൽസലയുടെയും മകനാണു മരിച്ച സനൽ സാബു. അവിവാഹിതനാണ്.സഹോദരി: സബിത.
സനലിന്റെ വേർപാട്; കുടുംബത്തിന് ഇരട്ടിനോവ്
ചെറുതോണി ∙ ഇസ്രയേലിൽ കഴിഞ്ഞ മേയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മാതാവിന്റെ സഹോദരപുത്രനാണു മൂലമറ്റത്ത് കഴിഞ്ഞ ദിവസം വെടിവയ്പിൽ മരിച്ച സനൽ സാബു. കുടുംബത്തിൽ ഒരു ദുരന്തത്തിന്റെ വേദന മാറുംമുൻപേ അപ്രതീക്ഷിതമായി അടുത്തതും വന്നതോടെ ബന്ധുക്കളും നാട്ടുകാരും നടുക്കത്തിലാണ്.
ബസ് കണ്ടക്ടറായ സനലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒന്നര സെന്റ് ഭൂമിയിലെ പഴയ വീടു മാത്രമാണ് കുടുംബത്തിന്റെ സമ്പാദ്യം. പിതാവ് സാബു രോഗബാധിതനായി ഏറെ നാളായി കിടപ്പിലാണ്. ഒരു വർഷമായി മൂലമറ്റത്തുള്ള ബസുടമയുടെ കീഴിലായിരുന്നു ജോലി. കല്യാണ ആലോചനകൾ നടക്കുന്നതിനിടെയാണു മരണം.

ഫിലിപ് തോക്ക് വാങ്ങിയത് ഒരു ലക്ഷത്തിന്
മൂലമറ്റം∙ പ്രതി ഫിലിപ്പിൽ നിന്നു പിടികൂടിയ തോക്ക് 2014ൽ കരിങ്കുന്നം പ്ലാന്റേഷനിലെ ഇരുമ്പു പണിക്കാരനിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി വാങ്ങിയതാണെന്നു പൊലീസ്. ഇരുമ്പു പണിക്കാരൻ മരിച്ചുപോയെന്നാണു പൊലീസിനു ലഭിച്ച വിവരം. തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തു.
English Summary: Moolamattom gun shoot