സ്വപ്നയ്ക്കെതിരായ കേസ്: പരാതിയും പ്രഥമവിവര മൊഴിയും ഹാജരാക്കണം

Mail This Article
കൊച്ചി ∙ സ്വപ്ന സുരേഷിനെതിരെ റജിസ്റ്റർ ചെയ്ത കലാപശ്രമ കേസിലെ പരാതിയുടെ പകർപ്പും പ്രഥമവിവര മൊഴിയും ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചു. സ്വർണക്കടത്തു കേസിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോടു നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ കേസ് എടുത്തതു റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജിയിലാണു ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി. കേസ് 21നു വീണ്ടും പരിഗണിക്കും.
സർക്കാരിനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കലാപം ഉണ്ടാക്കുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്നും ആരോപിച്ചാണു കേസ് എടുത്തതെന്നു സ്വപ്നയുടെ അഭിഭാഷകനായ ആർ.കൃഷ്ണരാജ് അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു കേസിലുള്ളതെന്നും ഹർജിയിൽ വിശദീകരണം നൽകാമെന്നും സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി.എ.ഷാജി വ്യക്തമാക്കി. എന്നാൽ, കേസിലെ പ്രഥമ വിവര മൊഴിയുടെയും പരാതിയുടെയും പകർപ്പു കൂടി വേണമെന്നു കോടതി വ്യക്തമാക്കി. കെ.ടി. ജലീലിന്റെ പരാതിയിലാണു ഗൂഢാലോചന, കലാപ ശ്രമം എന്നീ കുറ്റങ്ങൾക്കു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് എടുത്തത്.
23 ന് സരിതയുടെ മൊഴിയെടുക്കും
തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ 23 ന് സോളർ കേസ് പ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂദനൻ ഇതിനായി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. അതു സ്വീകരിച്ച കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് അനീസയ്ക്കു കേസ് കൈമാറി.
സ്വപ്‌നയ്ക്കു പുറമേ മുൻ എംഎൽഎ പി.സി.ജോർജിനെയും പ്രതിയാക്കിയാണു കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നിരുന്നു. ഈ സംഭാഷണമാണു ഗൂഢാലോചനയ്ക്കു തെളിവായി പരാതിയിൽ പറയുന്നത്. കെ.ടി.ജലീലിന്റെ മൊഴി തിങ്കളാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തി. സരിതയുടെ മൊഴിയെടുത്ത ശേഷമാകും സ്വപ്നയെയും ജോർജിനെയും ചോദ്യം ചെയ്യുക.
English Summary: Case against Swapna Suresh