എംടിക്ക് മലങ്കരയുടെ തീരത്ത് പിറന്നാൾ; ‘ഓളവും തീരവും’ ലൊക്കേഷനിൽ മോഹൻലാലിലും പ്രിയദർശനുമൊപ്പം
Mail This Article
തൊടുപുഴ ∙ മലങ്കര ജലാശയത്തിലെ ഓളങ്ങൾക്ക് അഭിമുഖമായി ഇന്ന് കസവുകരയുള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച എം.ടി.വാസുദേവൻ നായർ പിറന്നാൾ സദ്യയുണ്ടു. ‘ഓളവും തീരവും’ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു 89-ാം പിറന്നാൾ ആഘോഷം. അരനൂറ്റാണ്ടിനുശേഷം സംവിധായകൻ പി.എൻ.മേനോന്റെ സ്ഥാനത്തു പ്രിയദർശനും നായകൻ ബാപ്പുട്ടിയായി മധുവിന്റെ സ്ഥാനത്തു മോഹൻലാലും എത്തിയ തലമുറമാറ്റത്തിനു എംടി നേർസാക്ഷിയായി.
നവതി വർഷത്തിൽ തന്റെ പത്തു കഥകൾ സിനിമയാകുമ്പോൾ 1970ൽ പുറത്തിറങ്ങിയ ഓളവും തീരവും പുനഃസൃഷ്ടിക്കപ്പെടുന്നതു നേരിൽ കാണാനാണു എംടി തൊടുപുഴ കുടയത്തൂരിലെ സെറ്റിലെത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ എംടി പിറന്നാൾ കേക്ക് മുറിച്ചു. ആദ്യമധുരം മകൾ അശ്വതി അച്ഛനു നൽകി.
ഉച്ചയ്ക്കു 12 നു സെറ്റിലെത്തിയ എംടി ഒന്നര മണിക്കൂറോളം സെറ്റിൽ ചെലവഴിച്ചു. മകൾ അശ്വതിക്കൊപ്പം കോഴിക്കോട് നിന്ന് കാറിൽ യാത്ര ചെയ്താണു എംടി കുടയത്തൂരിലെത്തിയത്. ഉച്ചയ്ക്കു രണ്ടു മണിയോടെ മടങ്ങി. ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ, നടിമാരായ ദുർഗ കൃഷ്ണ, സുരഭി ലക്ഷ്മി എന്നിവരും സെറ്റിലുണ്ടായിരുന്നു.
English Summary: M. T. Vasudevan Nair's Birthday Celebration