കാരുണ്യത്തണൽ
Mail This Article
പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ 1497–ാം ജന്മദിനം ഇന്ന് നബിദിനമായി വിശ്വാസികൾ ആഘോഷിക്കുന്നു. ഹിജ്റ കലണ്ടറിലെ റബീഉൽ അവ്വൽ മാസം 12–ാം തീയതിയാണ് നബിദിനം. റബീഉൽ അവ്വൽ എന്നാൽ ആദ്യ വസന്തം എന്നാണർഥം. പ്രവാചകസ്നേഹത്തിന്റെ ശതകോടി പൂക്കൾ ഭൂമിയിലെങ്ങും നിറയുന്ന വസന്തമാണിത്.
നിത്യജീവിതത്തിലെ ഓരോ ചലനവും സൽക്കർമമാക്കാനുള്ള മാർഗമാണു പ്രവാചകൻ നിർദേശിച്ചത്. സൽസ്വഭാവത്തിനു മതപരമായ പുണ്യവും പ്രതിഫലവും വാഗ്ദാനം ചെയ്തതിലൂടെ മനുഷ്യരിൽ മനുഷ്യത്വം പുനഃസൃഷ്ടിക്കുക എന്ന നിയോഗമാണു പ്രവാചകൻ നിർവഹിച്ചത്. മതം എന്താണ് എന്ന് ഒരാൾ ചോദിച്ചപ്പോൾ ‘സ്വഭാവമഹിമ’ എന്നാണു പ്രവാചകൻ നൽകിയ മറുപടി. ആറാം നൂറ്റാണ്ടിലെ തികച്ചും പിന്തിരിപ്പന്മാരായ സമൂഹത്തിലേക്കാണു പ്രവാചകൻ നിയോഗിക്കപ്പെട്ടത്. പെൺകുഞ്ഞു പിറക്കുന്നത് അപമാനമായി കാണുകയും പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നവർ ആ സമൂഹത്തിലുണ്ടായിരുന്നു. ഉച്ചനീചത്വം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. അടിമ സമ്പ്രദായം വ്യാപകമായിരുന്നു. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം സങ്കൽപാതീതമായിരുന്നു. അവരെയാണ് പ്രവാചകൻ മാനവികതയിലേക്കു തിരിച്ചെത്തിച്ചത്.
ആരാധനയും സത്യസാക്ഷ്യപ്രഖ്യാപനവും കൊണ്ടുമാത്രം ഒരാൾ പൂർണവിശ്വാസി ആകില്ല എന്നാണു പ്രവാചകൻ പഠിപ്പിച്ചത്. ‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയ്ക്കുന്നവൻ വിശ്വാസിയല്ല’ എന്ന പ്രവാചകവചനം നൽകുന്ന സന്ദേശം അതാണ്. നടപ്പാതയിലെ ചെറിയൊരു കല്ലോ മുള്ളോ നീക്കുന്നതുപോലും ദൈവസന്നിധിയിൽനിന്നു പ്രതിഫലാർഹമായ പുണ്യമാണ് എന്നാണു പ്രവാചകാധ്യാപനം.
എല്ലാവരും നിർബന്ധമായും ദാനം ചെയ്യണമെന്നു പറഞ്ഞപ്പോൾ നിർധനരായ അനുചരർക്ക് ആധിയായി. ‘ഞങ്ങളുടെ കൈവശം ഒന്നുമില്ലെങ്കിൽ എന്തു ദാനം ചെയ്യും പ്രവാചകരേ’ എന്ന് അവർ ചോദിച്ചു. മറ്റുള്ളവരോടു പ്രസന്നതയോടെ പെരുമാറാമല്ലോ, അതൊരു ദാനമാണ് എന്നാണു പ്രവാചകൻ മറുപടി നൽകിയത്. പുഞ്ചിരി പോലും ദാനമാണ് എന്ന വലിയ സന്ദേശം. ഏറ്റവും ഉത്തമനായ വ്യക്തി ആരാണെന്ന ചോദ്യത്തിന് ‘വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റൊരാളെ ദ്രോഹിക്കാത്തവൻ’ എന്ന മറുപടിയാണു പ്രവാചകൻ നൽകിയത്.
ആരാണു ശക്തൻ എന്ന ചോദ്യത്തിനു പ്രവാചകവചനങ്ങളിൽ കാണുന്ന ഉത്തരം നമ്മുടെ സ്വഭാവരൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്നതാണ്. ‘മല്ലയുദ്ധത്തിലെ ജേതാവല്ല ശക്തൻ; കോപം വരുമ്പോൾ അതു നിയന്ത്രിക്കാൻ കഴിയുന്നവനാണ്’ എന്നാണു പ്രവാചകൻ പഠിപ്പിച്ചത്. ഗുരുതരമായ പല സംഘർഷങ്ങളുടെയും കലാപങ്ങളുടെയും മൂലകാരണം അന്വേഷിച്ചുപോയാൽ മിക്കപ്പോഴും ഒരാളുടെയോ ഏതാനും പേരുടെയോ കോപത്തിൽനിന്നാണ് അതിന്റെ തുടക്കം എന്നു കാണാം. കോപത്തിനെതിരെ പലതവണ പ്രവാചകൻ താക്കീതു നൽകിയിട്ടുണ്ട്.
കോപം നിയന്ത്രണാതീതമാകുമ്പോൾ അംഗസ്നാനം (വുളു) നിർവഹിക്കാനാണു പ്രവാചകൻ നിർദേശിച്ചത്. മുഖവും കൈകളും കാലുകളും കഴുകുന്നതാണ് അംഗസ്നാനം. മുഖം തണുക്കുമ്പോൾ മനസ്സും പതുക്കെ തണുക്കും. വ്യക്തിയുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലേക്കു മാറുകയും ചെയ്യും. കോപം നിയന്ത്രിക്കാൻ മനഃശാസ്ത്രജ്ഞരും ഇപ്പോൾ നിർദേശിക്കുന്ന കാര്യങ്ങളിലൊന്നാണിത്.‘സർവലോകർക്കും അനുഗ്രഹമായിട്ടാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്’ എന്നാണു പ്രവാചകനെക്കുറിച്ചു ഖുർആനിൽ അല്ലാഹു പറയുന്നത്. ഇതേ ആശയത്തിന്റെ പ്രതിഫലനം മലയാളത്തിന്റെ മഹാകവി വള്ളത്തോൾ നാരായണമേനോൻ എഴുതിയ വരികളിൽ കാണാം.
‘പെരുത്തു നൂറ്റാണ്ടിനിടയ്ക്കൊരിക്കലീ
മരുപ്പറമ്പാമുലകത്തിലീശ്വരൻ
ഒരുറ്റ വൃക്ഷത്തൈ നടുന്നു പാന്ഥരായ്
വരുന്നവർക്കുത്തമ വിശ്രമത്തിനായ്’.
‘ജാതകം തിരുത്തി’ എന്ന കവിതയിൽ വള്ളത്തോൾ എഴുതിയ ഈ വരികളിൽ നബിയെ മരുഭൂമിയിലെ തണൽവൃക്ഷമായിട്ടാണു വാഴ്ത്തുന്നത്. സഹജീവികൾക്കു തണലും താങ്ങുമാകുക എന്നതാണു പ്രവാചകൻ നൽകിയ സന്ദേശം. ഒരു തണൽമരം നടുന്നതുപോലും പുണ്യമാണെന്നു പ്രവാചകൻ പഠിപ്പിച്ചു. അനാവശ്യമായി ഒരു ഇലപോലും പറിച്ചുകളയരുത് എന്നും ഓർമപ്പെടുത്തി. ‘നാളെ ലോകാവസാനമാണ് എന്ന് അറിഞ്ഞാൽപോലും ഇന്നൊരു വൃക്ഷത്തൈ നടുക’ എന്നാണു പ്രവാചകവചനം. പരിസ്ഥിതിസ്നേഹത്തിന്റെ പ്രാധാന്യം ഈ വരികളിൽ കാണാം.
മനുഷ്യരോടു മാത്രമല്ല, സർവ ജീവജാലങ്ങളോടും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളോടും അങ്ങേയറ്റത്തെ കാരുണ്യമാണു പ്രവാചകൻ കാണിച്ചത്. ‘നിങ്ങൾ ഭൂമിയിലുള്ളവരോടു കരുണ കാണിക്കുക, എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോടു കരുണ കാണിക്കും’ എന്നാണു പ്രവാചകവചനം. ‘ഏറ്റവും ഉന്നതമായ സ്വഭാവത്തിന്റെ നേർപകർപ്പ്’ എന്നാണ് പ്രവാചകനെ ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ചത്. കുടുംബനാഥൻ എന്ന നിലയിലെ പ്രവാചകനെക്കുറിച്ച് പത്നി ആയിഷ പറഞ്ഞത് ഇങ്ങനെയാണ്: ‘സാധാരണ ഒരാൾ തന്റെ വീട്ടിൽ ചെയ്യുന്ന എല്ലാ ജോലിയും പ്രവാചകനും ചെയ്യുമായിരുന്നു – ചെരിപ്പു തുന്നൽ വരെ’. ഏകാധിപത്യ ഭരണമല്ല, പങ്കുവയ്പും സഹവർത്തിത്വവുമാണ് കുടുംബനാഥന്റെ കടമ എന്ന ഓർമപ്പെടുത്തലായിരുന്നു പ്രവാചകജീവിതം. തിരുപ്പിറവിയുടെ ആഹ്ലാദത്തിനൊപ്പം പ്രവാചകൻ പ്രപഞ്ചത്തിനു നൽകിയ മഹദ്‌സന്ദേശങ്ങൾ ജീവിതത്തിൽ പകർത്താനുള്ള അവസരം കൂടിയാണ് ഓരോ നബിദിനവും.
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ പ്രസിഡന്റും മമ്പഉൽ ഉലൂം അക്കാദമി വൈസ് ചെയർമാനുമാണ് ലേഖകൻ)