കാലാവധി തീരാറായിട്ടും കമ്മിറ്റിയിൽ ആളെയെടുക്കാതെ യൂത്ത് കോൺഗ്രസ്

Mail This Article
കോഴിക്കോട് ∙ രണ്ടര വർഷമായിട്ടും പൂർത്തിയാകാതെ യൂത്ത് കോൺഗ്രസ് പുനഃസംഘടന. കമ്മിറ്റികളുടെ കാലാവധി തീരാൻ 5 മാസം മാത്രം ബാക്കി നിൽക്കുമ്പോഴും 5 ജില്ലാ കമ്മിറ്റികളിലും ഒട്ടേറെ നിയമസഭാ മണ്ഡലം, മണ്ഡലം കമ്മിറ്റികളിലും ഭാരവാഹികളുടെ നിയമനം പൂർത്തിയായിട്ടില്ല. ഭാരവാഹിത്വം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണു കാരണം. കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടനയാണു ബാക്കിയുള്ളത്.
2020 മാർച്ചിലാണു യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ സംസ്ഥാന, ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നത്. രണ്ടു വർഷമായിരുന്നു കാലാവധി. ദേശീയ കമ്മിറ്റി ഇത് മൂന്നു വർഷമായി നീട്ടി നൽകി. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കു പുറമേ സംസ്ഥാന കമ്മിറ്റിയിലേക്ക് 75 പേരെ നാമനിർദേശം ചെയ്തിരുന്നു. ജില്ലാ കമ്മിറ്റികളിലേക്ക് അംഗത്വം അനുസരിച്ച് 12 മുതൽ 25 വരെ ഭാരവാഹികളെ നാമനിർദേശം ചെയ്യാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എന്നാൽ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലി മൂലം ഇതു നീണ്ടുപോയി. നേരത്തേ എ,ഐ ഗ്രൂപ്പുകൾ തമ്മിലുള്ള വീതം വയ്പായിരുന്നു കമ്മിറ്റികളിൽ നടന്നിരുന്നത്.
ആ ഗ്രൂപ്പുകളിലെ പലരും പുതിയ ഗ്രൂപ്പുകളുടെ ഭാഗമായതോടെ പഴയ മാനദണ്ഡം അനുസരിച്ചുള്ള വീതം വയ്പ് അസാധ്യമായി. ഈ തർക്കം പരിഹരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെടുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
English Summary: Youth congress reorganisation Kerala