ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്കും അന്തേവാസികൾക്കും മാത്രം

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് ഇത്തവണയും ഉണ്ടാകുമെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ചില വിഭാഗം റേഷൻ കാർഡുകൾക്കു മാത്രമായി പരിമിതപ്പെടുത്തും. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കും വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അൻപതിനായിരത്തോളം വരുന്ന അന്തേവാസികൾക്കും കിറ്റ് നൽകുന്നതാണു സർക്കാർ പരിഗണിക്കുന്നത്.
500 രൂപ വില മതിക്കുന്ന സാധനങ്ങളാകും കിറ്റിൽ. സാധനങ്ങളും അളവും തീരുമാനമായിട്ടില്ല. ഇതിനു മാത്രം 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മുൻഗണനാ വിഭാഗത്തിൽ വരുന്ന 35.52 ലക്ഷം പിങ്ക് കാർഡ് ഉടമകളെ കൂടി ഉൾപ്പെടുത്തിയാൽ ചെലവ് 300 കോടിയോളം രൂപയാകും.
കഴിഞ്ഞ ഓണക്കാലത്ത് എല്ലാ കാർഡ് ഉടമകൾക്കുമായി 13 ഇനങ്ങൾ അടങ്ങിയ കിറ്റാണു നൽകിയത്. ഇതിന് 425 കോടി രൂപ ചെലവായി. അന്ന് 90 ലക്ഷം ആയിരുന്ന കാർഡ് ഉടമകളുടെ എണ്ണം ഇപ്പോൾ 93.76 ലക്ഷമായി.
English Summary: Onam kit distribution