കരിമണൽ കമ്പനിക്കായി വഴിവിട്ട നീക്കം: 51 ഏക്കർ ഇളവിന് ശുപാർശ; തടയിട്ട് റവന്യു വകുപ്പ്

Mail This Article
കൊല്ലം ∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്സാലോജിക് കമ്പനിക്കും സാമ്പത്തിക ബന്ധം ഉണ്ടായിരുന്ന കരിമണൽ കമ്പനിക്കു ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ മറികടന്നു കോടികൾ വില മതിക്കുന്ന ഭൂമി കൈവശം വയ്ക്കാൻ അനുവാദം നൽകാനുള്ള ശുപാർശ റവന്യു വകുപ്പു വെട്ടി. പരിധിയിലധികം ഭൂമി കൈവശം വയ്ക്കാൻ അനുവദിക്കേണ്ടതില്ലെന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിപിഐയുടെ റവന്യു മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഫയലിൽ എഴുതിയിട്ടും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും കമ്പനിയെ സഹായിക്കാൻ നീക്കം നടന്നു. അതിനും റവന്യു വകുപ്പ് ഉടക്കിട്ടു.

വീണാ വിജയനും എക്സാലോജിക്കിനും സിഎംആർഎൽ കമ്പനി 1.72 കോടി രൂപ നൽകിയെന്ന വിവാദത്തിനു പിന്നാലെയാണ് ‘ഭൂമിദാന’ നീക്കവും പുറത്തായത്. സിഎംആർഎൽ കമ്പനി രൂപീകരിച്ച കേരള റെയർ എർത്‌സ് ആൻഡ് മിനറൽസ് ലിമിറ്റഡിന് (കെആർഇഎംഎൽ) ആലപ്പുഴ തൃക്കുന്നപ്പുഴയിലുള്ള 51 ഏക്കർ (20.84 ഹെക്ടർ) ഭൂമി കൈവശം വയ്ക്കാൻ ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവു തേടിയാണു കമ്പനി സർക്കാരിനെ സമീപിച്ചത്. ഈ ഭൂമിക്ക് 75 കോടിയെങ്കിലും വില വരും.

കരിമണൽ വ്യവസായ കോംപ്ലക്സ് സ്ഥാപിക്കുന്നതിനാണ് കെആർഇഎംഎൽ തൃക്കുന്നപ്പുഴയിൽ 20.84 ഹെക്ടറും ആറാട്ടുപുഴയിൽ 3.67 ഹെക്ടറും ഭൂമി വാങ്ങിയത്. കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളൂവെന്നു കേന്ദ്രനിയമത്തിൽ ഭേദഗതി വന്നതോടെ പദ്ധതി നടക്കാതെ പോയി. തുടർന്നാണു തൃക്കുന്നപ്പുഴയിലെ ഭൂമിക്ക് ഇളവ് ആവശ്യപ്പെട്ടു 2019 മേയിൽ സർക്കാരിനെ സമീപിച്ചത്. കലക്ടർ ചെയർമാനായ ജില്ലാതല സമിതി ഇളവിനു ശുപാർശ െചയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി 2021 മേയിൽ റവന്യു വകുപ്പ് അപേക്ഷ നിരസിച്ചു. ഈ ഫയലിൽ അന്നത്തെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകും ഒപ്പിട്ടു.
രണ്ടാം പിണറായി സർക്കാർ വന്നതോടെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രി പി.രാജീവിനും കമ്പനി വീണ്ടും അപേക്ഷ നൽകി. പിന്നാലെ, ജില്ലാതല സമിതി 2022 ജൂൺ 15 ന് യോഗം ചേർന്ന് ഇളവു നൽകാൻ ശുപാർശ ചെയ്തു. ലാൻഡ് ബോർഡിൽ കേസ് നിലവിലുള്ളത് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി റവന്യു വകുപ്പു വീണ്ടും തടയിട്ടു.
കൈവശം വയ്ക്കാവുന്നത് 15 ഏക്കർ മാത്രം
ഭൂപരിഷ്കരണ നിയമപ്രകാരം കമ്പനിക്കു കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. വാങ്ങിയ ആവശ്യത്തിനു നിശ്ചിത കാലയളവിനുള്ളിൽ ഭൂമി വിനിയോഗിച്ചില്ലെങ്കിൽ കൂടുതലുള്ള ഭൂമി സർക്കാരിന് ഏറ്റെടുക്കാം. പൊതുതാൽപര്യം മുൻനിർത്തി സർക്കാരിന് ഇളവ് അനുവദിക്കാമെന്ന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കെആർഇഎംഎലിന്റെ അപേക്ഷ.
പരിധിക്കു മുകളിൽ വരുന്ന ഓരോ ഏക്കറിനും 10 കോടി രൂപ വീതം നിക്ഷേപം നിർബന്ധമാക്കണമെന്നും 20 വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നുമാണു വ്യവസ്ഥ. പരിധിയിലധികം ഭൂമി കൈവശം വച്ചാൽ അതുസംബന്ധിച്ചു 3 മാസത്തിനകം ലാൻഡ് ബോർഡിൽ റിട്ടേൺ ഫയൽ ചെയ്യണം. ഇതു സംബന്ധിച്ചാണു ലാൻഡ് ബോർഡിൽ കേസ് നിലവിലുള്ളത്.