ADVERTISEMENT

തൃശൂർ ∙‘പൂരം ഇല്ലാതെ തൃശൂരില്യ, പൂരം ഇല്ലാതെ നമ്മളൊന്നൂല്യടോ... ’ അദ്ദേഹം ഇത് ഒരുവട്ടമല്ല, പലവട്ടം പറ‍ഞ്ഞു. തേക്കിൻകാടിനെയും പൂരത്തെയും സ്നേഹിക്കുന്ന തനി തൃശൂരുകാരനാണു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. തൃശൂരിന്റെ കച്ചവടഹൃദയമായ എരിഞ്ഞേരി അങ്ങാടിയിലായിരുന്നു വീട്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു, ‘ഞാനിവിടെയാണു കളിച്ചുവളർന്നത്. ചുമട്ടുതൊഴിലാളികളും ഉന്തുവണ്ടി വലിക്കുന്നവരും വലിയ കച്ചവടക്കാരും ചായക്കാരുമെല്ലാം എന്റെ സുഹൃത്തുക്കളാണ്, അന്നും, ഇന്നും.’ 2010ൽ ബിഷപ്പായി നിയോഗിക്കപ്പെട്ടപ്പോഴായിരുന്നു ഇത്.

തൃശൂരിലെ പൂരത്തിനും ഉത്സവത്തിനും പെരുന്നാളിനുമെല്ലാം അദ്ദേഹം ജനക്കൂട്ടത്തിൽ ഒരാളായി അലിഞ്ഞുനിന്നു. വലിയ കൂട്ടം സുഹൃത്തുക്കൾ അദ്ദേഹത്തെ തേടിയെത്തി. ബിഷപ്പായപ്പോൾ അദ്ദേഹം പറഞ്ഞു... ‘ഇതുവരെ എന്നെ കണ്ടതുപോലെ ഇനിയും എല്ലാവരും എന്നെ കാണണം. അവരിൽ ഒരാളായി അവർക്കിടയിൽ എനിക്ക് ഇറങ്ങിനടക്കണം. ’

എല്ലാംകൊണ്ടും അദ്ദേഹം ജനകീയനായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖവുമായി അദ്ദേഹം ഇറങ്ങിനടന്നു. കാറിൽ പോകുമ്പോൾ പലയിടത്തും നിർത്തി സൗഹൃദം പുതുക്കി. പ്രഭാതസവാരിപോലും ഈ സ്നേഹം പുതുക്കാനുള്ള യാത്രകളായിരുന്നു. കുട്ടിക്കാലം മുതൽ തേക്കിൻകാടു മൈതാനിയിൽ കളിക്കുമായിരുന്നെന്നും വന്നിരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തിനിടയിലും കുട്ടിക്കാലം സുഹൃത്തുക്കളാൽ സമൃദ്ധമായിരുന്നു. തട്ടിലിന്റെ വീട് സ്കൂളിനടുത്താണ്. അതുകൊണ്ടുതന്നെ കൂട്ടുകാർക്ക് ഏതു സമയത്തും കയറിവരാനുള്ള വീടായിരുന്നു അത്.

കുട്ടിക്കാലത്തു താൻ തീരെ പാവമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ സ്കൂളിൽ ശത്രുക്കളില്ലായിരുന്നു. പിന്നീടു വളർച്ചയുടെ പടവുകൾ കയറുമ്പോഴും ശത്രുക്കൾ ഇല്ലാതെ എല്ലാവർക്കും വേണ്ടപ്പെട്ടവനായി യാത്ര തുടർന്നു. ഷംഷാബാദ് ബിഷപ്പിന്റെ ചുമതലയേറ്റു പോകുമ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇടയ്ക്കു വരുമ്പോൾ എനിക്ക് ഇതുപോലെ നടക്കാനാകണം.’

English Summary:

Bishop Raphael Thattil

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com