അലക്സേജിനെ കുടുക്കിയത് ഭാര്യയുടെ ഫെയ്സ്ബുക് ചിത്രം; ഇന്റർപോളിന്റെ കണ്ണിലുടക്കി ‘ടാഗിങ്’

Mail This Article
തിരുവനന്തപുരം ∙ യുഎസ് രഹസ്യാന്വേഷണ ഏജൻസികളും ഇന്റർപോളും വർഷങ്ങളായി തിരയുകയായിരുന്ന ലിത്വേനിയൻ പൗരൻ അലക്സേജ് ബെസിക്കോവിനെ കുടുക്കിയത് ഭാര്യ യൂലിയ വർക്കല ബീച്ചിലെത്തിയപ്പോൾ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ്. ഇതിലെ ഫോട്ടോയിൽ യൂലിയ സുഹൃത്തിനെ ടാഗ് ചെയ്തത് ഇന്റർപോളിന്റെ കണ്ണിലുടക്കി. ഉടൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ടു വാറന്റ് തയാറാക്കി സിബിഐക്കു കൈമാറുകയും പിന്നാലെ കേരള പൊലീസ് അലക്സേജിനെ പിടികൂടുകയുമായിരുന്നു.
അന്വേഷണ ഏജൻസികളുടെ നിരീക്ഷണമുള്ളതിനാൽ അലക്സേജ് വർഷങ്ങളായി ‘സീറോ കോൺടാക്ട്’ തന്ത്രമാണു പ്രയോഗിച്ചത് – പരിചയമില്ലാത്ത ഒരാളോടും ഇടപെടില്ല. വർക്കലയിലെത്തിയാൽ താമസിക്കുന്ന വീടിന്റെ മുറ്റത്തെ പുല്ലുചെത്താൻപോലും ആൾക്കാരെ ഏർപ്പെടുത്താതെ സ്വയം ചെയ്യുമായിരുന്നു.
ദിവസവേതനക്കാരനല്ല, പ്രധാനി
റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദയുടെ ഗാരന്റെക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിൽ താൻ ദിവസം 20 ഡോളറിനു ജോലി ചെയ്യുകയായിരുന്നുവെന്നാണു പൊലീസിന്റെ ചോദ്യംചെയ്യലിൽ അലക്സേജ് ആദ്യം പറഞ്ഞത്. എന്നാൽ, അലക്സേജിനെപ്പറ്റി ഇന്റർപോൾ കൈമാറിയ വിവരങ്ങൾ മുഴുവനും മൊഴിക്കു വിരുദ്ധമാണ്. ഗാരന്റെക്സിന്റെ പ്രധാന അഡ്മിനിസ്ട്രേറ്റീവ് തലവനായിരുന്നു അലക്സേജ്. ഇയാൾ എല്ലാ ദിവസവും തന്റെ ബിറ്റ്കോയിൻ ട്രാൻസാക്‌ഷൻ ഐഡി മാറ്റിക്കൊണ്ടിരുന്നു.
ലഹരിവിൽപന സംഘങ്ങൾ ഉൾപ്പെടെ ക്രിപ്റ്റോ ട്രാൻസാക്‌ഷൻ നടത്തുമ്പോൾ നിക്ഷേപത്തിലേക്കു മാറ്റിനൽകുന്നതിന്റെ ചുമതലയും ഇയാൾക്കായിരുന്നു. അലക്സേജിന്റെ ഇന്ത്യയിലെ ഇടപാടുകൾ അന്വേഷിക്കാൻ സിബിഐയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും (എഫ്ഐയു) നടപടി തുടങ്ങി. വർക്കലയിലെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും അലക്സേജ് കേരളത്തിൽ ബന്ധപ്പെട്ടവരുടെ കാര്യങ്ങളും അവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസിൽനിന്ന് എഫ്ഐയു തേടിയിട്ടുണ്ട്.