പൊതുവിദ്യാഭ്യാസ മേഖല: 2 വർഷത്തെ കേന്ദ്ര കുടിശിക 794 കോടി

Mail This Article
തിരുവനന്തപുരം ∙ പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി കഴിഞ്ഞ 2 അധ്യയന വർഷം കേന്ദ്രം കേരളത്തിനു നൽകാനുള്ള കുടിശിക 794 കോടി രൂപയെന്നു പൊതു വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷത്തേക്ക് 654.54 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രം അംഗീകരിച്ചെങ്കിലും മുൻവർഷങ്ങളിലെ വിഹിതം എന്നു കിട്ടുമെന്ന അനിശ്ചിതത്വത്തിലാണു സംസ്ഥാനം. ഇതുമൂലം സമഗ്രശിക്ഷ കേരളം (എസ്എസ്‌കെ) വഴിയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പു പ്രതിസന്ധിയിലായി.2023-24 ലെ കേന്ദ്രവിഹിതത്തിൽ 280.58 കോടി രൂപയും ഈ അധ്യയന വർഷം 513.54 കോടി രൂപയും കുടിശികയാണെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
അടുത്ത അധ്യയന വർഷത്തേക്കുള്ള വിഹിതം കൂടിയാകുമ്പോൾ സംസ്ഥാനത്തിന് ആകെ കിട്ടാനുള്ളത് 1186.84 കോടി രൂപയാണ്. കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളിൽ 60% കേന്ദ്രത്തിന്റെയും 40% സംസ്ഥാനത്തിന്റെയും വിഹിതമാണ്.ഒളിംപിക്സ് മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേളയിൽ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തിയതു കേന്ദ്രം വലിയ മാതൃകയായി പ്രശംസിക്കുമ്പോൾ തന്നെ ആ വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്തുണയ്ക്കുള്ള ഫണ്ട് പോലും തടഞ്ഞുവയ്ക്കുകയാണെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സങ്കുചിതമായ രാഷ്ട്രീയ താൽപര്യം മാറ്റിവച്ച് കേരളത്തിന് അർഹമായ ഫണ്ട് ഉടൻ അനുവദിക്കാൻ കേന്ദ്രം തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.