ബിജെപി നേതൃനിര അഴിച്ചുപണിയും

Mail This Article
തിരുവനന്തപുരം ∙ രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായി ചുമതലയേൽക്കുന്നതിനു പിന്നാലെ ബിജെപി സംസ്ഥാന ഭാരവാഹി നിരയിൽ പകുതിയോളം പേർ പുതുതായെത്തും. അതേസമയം സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ പരമാവധി ഉൾക്കൊണ്ടുപോകണമെന്ന നിർദേശമാണു രാജീവ് ചന്ദ്രശേഖറിനു നൽകിയിട്ടുള്ളത്.മുതിർന്ന നേതാക്കളായ എം.ടി.രമേശിനും ശോഭ സുരേന്ദ്രനും കൂടുതൽ പരിഗണന നൽകിയേക്കും. വി.മുരളീധരൻ ദേശീയ ജനറൽ സെക്രട്ടറിയാകുമെന്ന സൂചനയുമുണ്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ പദവി പ്രതീക്ഷിക്കാം.
സംഘടനാ ജനറൽ സെക്രട്ടറിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്കും പുതിയ ആളെ ആർഎസ്എസ് നിയോഗിക്കും. ജൂണിൽ സംസ്ഥാനത്തെ ആർഎസ്എസ് പ്രചാരകരുടെ വാർഷികയോഗത്തിൽ തീരുമാനമുണ്ടാകും.കർണാടകയിൽ പരീക്ഷിച്ചു വിജയം കണ്ടതുപോലെ കേരളത്തിലും 30 സംഘടനാ ജില്ലകൾ രൂപീകരിച്ച് പുതിയ പരീക്ഷണത്തിനും ബിജെപി തുടക്കംകുറിച്ചിരുന്നു. ജില്ലാ ഭാരവാഹി പട്ടികയുണ്ടാക്കുന്നത് സംസ്ഥാന പ്രസിഡന്റിനോടു കൂടി ആലോചിച്ചാകണമെന്നതിനാൽ ആദ്യം അതിലേക്കായിരിക്കും രാജീവ് ചന്ദ്രശേഖറിന്റെ ശ്രദ്ധ. ഇതിനോടൊപ്പം സംസ്ഥാന ഭാരവാഹികളെയും നിശ്ചയിക്കുമെന്നാണു വിവരം.