രക്തസമ്മർദം നിയന്ത്രിക്കാനുള്ള മരുന്ന് ലഹരിക്ക്; യുവാവ് എക്സൈസ് പിടിയിൽ

Mail This Article
പാലാ ∙ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നിന്റെ ശേഖരവുമായി ഉള്ളനാട് ചിറയ്ക്കൽ ജിതിൻ ജോസ് (കണ്ണൻ-32) എക്സൈസിന്റെ പിടിയിലായി. ഹൃദയശസ്ത്രക്രിയാ സമയത്ത് രക്തസമ്മർദം താഴ്ന്നു പോകാതിരിക്കാൻ നൽകുന്ന ഈ മരുന്ന് ലഹരിമരുന്നായി ദുരുപയോഗം ചെയ്യാനാണു കൊണ്ടുവന്നതെന്ന് എക്സൈസ് അറിയിച്ചു. കുറിയറിലൂടെ എത്തിച്ച മരുന്നിന്റെ 300 വയലുകളാണു പിടികൂടിയത്.
കഞ്ചാവ് അടക്കമുള്ള ലഹരിക്കു ബദലായി ഞരമ്പുകളിൽ കുത്തിവച്ചാണ് ഇത് ഉപയോഗിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു. മെഡിക്കൽ സ്റ്റോറുകളിൽ 140 രൂപ വരുന്ന മരുന്ന് 500 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നതെന്നും അറിയിച്ചു. ഞരമ്പുകളിൽ കുത്തിവയ്ക്കുന്നതിനാൽ എച്ച്ഐവി ഉണ്ടാകാൻ ഇതിന്റെ ഉപയോഗം കാരണമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത മരുന്ന് ഡ്രഗ്സ് ഡിപ്പാർട്മെന്റിനു കൈമാറി.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി.ദിനേശ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, ഡ്രഗ് ഇൻസ്പെക്ടർമാരായ ബബിത കെ.വാഴയിൽ, താരാ എസ്.പിള്ള എന്നിവരുടെ നേതൃത്വത്തിലാണു റെയ്ഡ് നടത്തിയത്.