പുതിയ എമ്പുരാൻ വരും, ഒരു നാൾ വൈകി; മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുന്നു

Mail This Article
കൊച്ചി ∙ വിവാദഭാഗങ്ങൾ മുറിച്ചു നീക്കിയ ‘എമ്പുരാൻ’ തിയറ്ററുകളിലെത്താൻ ഒരു ദിവസം കൂടിയെടുത്തേക്കും. ചിത്രത്തിന്റെ റീ സെൻസറിങ് ഞായറാഴ്ച പൂർത്തിയായെങ്കിലും എഡിറ്റിങ്ങും മാസ്റ്ററിങ്ങും പൂർത്തിയാക്കാൻ സമയമെടുക്കുന്നതാണു കാരണം. എഡിറ്റിങ്ങിനുശേഷം ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിൽ മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇത് ഇന്നു പൂർത്തിയായേക്കും.
തുടർന്നു തിയറ്ററുകളിലേക്ക് അപ്‌ലോഡ് ചെയ്യും. ഇന്നലെ വൈകിട്ടോടെ റീ സെൻസർ ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ ആദ്യം അറിയിച്ചിരുന്നത്. ചിത്രത്തിൽ നിന്നു 2.3 മിനിറ്റ് ആണു നീക്കം ചെയ്തിട്ടുള്ളത്.
മാസ്റ്ററിങ് പൂർത്തിയാക്കി അപ്‌ലോഡ് ചെയ്യുന്ന പ്രിന്റ് 90% തിയറ്ററുകളുടെയും സെർവറിലേക്ക് അതിവേഗ ഇന്റർനെറ്റ് മുഖേനയാണ് എത്തുക. സിനിമയുടെ ദൈർഘ്യം എത്ര മണിക്കൂറാണോ ഏതാണ്ട് അത്ര തന്നെ സമയം ഇതു ഡൗൺലോഡ് ചെയ്തെടുക്കാനും വേണ്ടി വരും. എങ്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യമുള്ള തിയറ്ററുകൾക്ക് നാലോ അഞ്ചോ മണിക്കൂർ കൊണ്ടു ജോലികളെല്ലാം പൂർത്തിയാക്കി ചിത്രം പ്രദർശനസജ്ജമാക്കാനാകും.
അതിവേഗ ഇന്റർനെറ്റ് സൗകര്യമില്ലാത്ത തിയറ്ററുകളിലേക്കു സിനിമ കോപ്പി ചെയ്ത ഹാർഡ് ഡിസ്ക് വാഹനത്തിൽ എത്തിക്കുകയാണു ചെയ്യുക. ഇത്തരം തിയറ്ററുകളിൽ പുതിയ പ്രിന്റ് എത്താൻ കുറച്ചുകൂടി സമയം വേണ്ടി വന്നേക്കും.
അതേസമയം, സിനിമ 200 കോടി ക്ലബിലേക്ക് എത്തുന്ന വിവരം നായകൻ മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരും ഇതു പങ്കുവച്ചു. 5 ദിവസം കൊണ്ടാണു ചിത്രം 200 കോടി നേടുന്നത്. 48 മണിക്കൂർ കൊണ്ട് 100 കോടി ക്ലബിൽ കയറിയിരുന്നു.