മധുരയിൽ കണ്ണൂർ തനിയാവർത്തനം?; കണ്ണൂർ പാർട്ടി കോൺഗ്രസിൽ കണ്ടത് കേരളഘടകത്തിന്റെ ആധിപത്യം

Mail This Article
മധുര ∙ കേരളം കാത്തിരിക്കുന്ന പല ചോദ്യങ്ങൾക്ക് നാളെ ആരംഭിക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് ഉത്തരം നൽകും. കേരളഘടകത്തിന്റെയും പിണറായി സർക്കാരിന്റെയും നിലപാടുകൾ ആധിപത്യമുറപ്പിച്ച കഴിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ തനിയാവർത്തനമാകുമോ മധുര എന്ന ആകാംക്ഷയ്ക്കും 5 നാൾ നീളുന്ന പാർട്ടി കോൺഗ്രസിൽ ഉത്തരമാകും.
75 വയസ്സ് പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും ഇളവു നൽകുമോയെന്നതാണ് ആദ്യചോദ്യം. പാർട്ടിയുടെ ഏക മുഖ്യമന്ത്രി മേൽഘടകത്തിൽ വേണമെന്നു തീരുമാനിച്ചാണു കണ്ണൂർ പാർട്ടി കോൺഗ്രസ് ഇളവു നൽകിയത്. പിണറായിക്കു വീണ്ടും ഇളവ് നൽകുന്നതു ചർച്ച ചെയ്യുമെന്നു പൊളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം വ്യക്തമാക്കി. പിണറായിക്കു പുറമേ പിബിയിലെ 6 പേർ 75 പിന്നിട്ടവരാണ് – പ്രകാശ് കാരാട്ട്, മണിക് സർക്കാർ, വൃന്ദ കാരാട്ട്, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, ജി.രാമകൃഷ്ണൻ. ‘പിണറായി മാതൃക’യിൽ ഇവരിൽ ആർക്കെങ്കിലും ഇളവു വേണമെന്ന ആവശ്യവും ഉയരാം. കേന്ദ്ര കമ്മിറ്റിയിൽ പ്രായപരിധി പിന്നിടുന്നവർ വേറെയുമുണ്ട്. പിണറായിയെ സ്ഥിരം ക്ഷണിതാവ് ആക്കുമെന്ന അഭ്യൂഹമുണ്ടെങ്കിലും കേരളഘടകം അനുകൂലിക്കാൻ സാധ്യതയില്ല.
കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ കേന്ദ്രനേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്താൻ കേരളഘടകം ഇക്കുറിയും തുനിയുമോ എന്നതാണു മറ്റൊരു ചോദ്യം. അങ്ങനെയെങ്കിൽ, കോൺഗ്രസുമായി രാഷ്ട്രീയസഖ്യം വേണ്ടെന്ന നിലപാടുള്ള കേരളഘടകവും മറിച്ചു നിലപാടുള്ള ബംഗാൾ ഘടകവും തമ്മിലുള്ള ബലാബലത്തിനും മധുര വേദിയാകും.
കേരളഘടകത്തിന്റെ രാഷ്ട്രീയ ലൈൻ ഏതാണ്ട് അതേപടി അംഗീകരിക്കുന്നതാണു കണ്ണൂർ പാർട്ടി കോൺഗ്രസിൽ കണ്ടത്. ഇക്കുറി, സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേളയിൽ കോൺഗ്രസിനെ നിശിതമായി വിമർശിച്ചു പിണറായി വിജയൻ പാർട്ടി പത്രത്തിലെഴുതിയ ലേഖനം മുന്നറിയിപ്പുമാണ്.
അധിക വിഭവസമാഹരണത്തിനായി സെസും ഫീസും ചുമത്തണമെന്നതടക്കം നിർദേശമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിലെ നവകേരളരേഖയ്ക്കു പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടുമോയെന്ന ചോദ്യവുമുണ്ട്. കേന്ദ്ര നേതൃത്വം ഈ യാഥാർഥ്യത്തോട് ഏതാണ്ടു ‘പൊരുത്തപ്പെട്ടിട്ടുണ്ടെങ്കിലും’ ബംഗാൾ ഉൾപ്പെടെ മറ്റു സംസ്ഥാനഘടകങ്ങളിൽനിന്ന് എതിർപ്പുയരാനാണു സാധ്യത.