അമിതമായി ഉറക്കഗുളിക ഉള്ളിൽച്ചെന്ന നിലയിൽ കലാഭവൻ മണിയുടെ സഹോദരൻ ആശുപത്രിയിൽ
Mail This Article
തൃശൂർ ∙ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി.രാമകൃഷ്ണനെ (42) അമിത അളവിൽ ഉറക്ക ഗുളിക ഉള്ളിൽചെന്ന നിലയിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാഭവൻ മണിയുടെ സഹോദരനും കുന്നിശേരി പരേതനായ രാമന്റെ മകനുമാണ്. കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ശനിയാഴ്ച രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയിൽ ഉറക്കഗുളികയാണെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആർഎൽവി രാമകൃഷ്ണനു ബോധം തെളിഞ്ഞതായും നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കേരള സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ അനുമതി തേടിയിരുന്നു. എന്നാൽ അനുമതി നിഷേധിച്ച അധികൃതർ ഇദ്ദേഹത്തെ അധിക്ഷേപിച്ചെന്നാരോപിച്ചു വിവിധ സംഘടനകളുടെ സമരപരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: RLV Ramakrishan Hospitalized