‘ഈ ആഴ്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കും’; സൈറ്റ് തകരാറിൽ നിർമലയോട് നിലേകനി
Mail This Article
ന്യൂഡൽഹി ∙ ആദായനികുതി അടയ്ക്കാനുള്ള പുതിയ പോർട്ടൽ സജ്ജമായതിനു പിന്നാലെയുണ്ടായ സാങ്കേതിക തകരാറും പണിമുടക്കും പരിഹരിക്കണമെന്ന് ഇൻഫോസിസിനോട് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സൈറ്റ് തയാറാക്കിയ ഇൻഫോസിസിനെയും സഹസ്ഥാപകൻ നന്ദൻ നിലേകനിയെയും ട്വിറ്ററിൽ ടാഗ് ചെയ്തായിരുന്നു നിർമല പരാതിപ്പെട്ടത്. നികുതിദായകർക്കു നൽകിവരുന്ന മികച്ച സേവനത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും നിർമല വ്യക്തമാക്കി.
നികുതിദായകർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തിയെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച പോർട്ടൽ ആദ്യ മണിക്കൂറുകളിൽതന്നെ പണിമുടക്കിയതിനെതിരെ വ്യാപക വിമർശനമാണു സർക്കാർ നേരിട്ടത്. സമൂഹമാധ്യമങ്ങളിൽ സ്ക്രീൻഷോട്ട് സഹിതമായിരുന്നു ചിലർ വിമർശനം ഉന്നയിച്ചത്. നിലവിലെ പോർട്ടലിനു പകരമായി തിങ്കളാഴ്ച രാത്രി എട്ടേമുക്കാലോടെയാണു പുതിയത് ലോഞ്ച് ചെയ്തത്. സൈറ്റ് തകരാറിലായതിൽ ഇൻഫോസിസ് ഖേദം പ്രകടിപ്പിക്കുകയും ഈ ആഴ്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
നിർമലയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു നന്ദൻ നിലേകനി മറുപടി നൽകിയത്. ഇതിനു താഴെയും നിരവധി കമന്റുകളുണ്ട്. www.incometax.gov.in എന്നതാണ് പുതിയ പോർട്ടൽ. പൂർണമായി പ്രവർത്തനസജ്ജമാകാൻ ഏതാനും ദിവസമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. നികുതി അടയ്ക്കാനുള്ള സംവിധാനം ഈ മാസം 18 മുതലാണ് ഏർപ്പെടുത്തുക. സ്വതന്ത്ര റിട്ടേൺ തയാറാക്കൽ സോഫ്റ്റ്‌വെയറും ഐടിആർ 1, 4 (ഓൺലൈൻ, ഓഫ്‌ലൈൻ), ഐടിആർ 2 (ഓഫ് ലൈൻ) ഫോമുകൾ പൂരിപ്പിക്കാനുള്ള സഹായ ചോദ്യങ്ങളുമുണ്ടാകും. ഐടിആർ 3 മുതൽ 7 വരെയുള്ളവയ്ക്കു സംവിധാനങ്ങൾ പിന്നീടാകും ലഭ്യമാകുക.
നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി വഴി നികുതി അടയ്ക്കാം. നികുതിദായകന്റെ വ്യക്തിഗത വിവരങ്ങൾ നോക്കാതെ റിട്ടേണുകൾ വിലയിരുത്തി ഉടൻ റീഫണ്ട് ലഭ്യമാകുന്ന രീതിയിലാകും പ്രവർത്തനം. നികുതിദായകനു ശമ്പളം സംബന്ധിച്ച വിവരങ്ങൾ, വരുമാന മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രൊഫൈൽ തയാറാക്കാം. റിട്ടേൺ നൽകുന്ന സമയത്ത് ഈ വിവരങ്ങൾ പ്രീഫില്ലിങ് ആയി ഫോമിൽ ഉൾപ്പെടുത്താം.
ഫോം പൂരിപ്പിക്കേണ്ട മാർഗങ്ങൾ, സംശയ നിവാരണം എന്നിവ മുഖപേജിൽത്തന്നെ ലഭ്യമാക്കും. പാൻ–ആധാർ ബന്ധിപ്പിക്കാനുള്ള പേജിലേക്കുള്ള ലിങ്ക് ലഭ്യമാണ്. നികുതി സംബന്ധമായ ഓർമപ്പെടുത്തലുകൾ പോർട്ടലിലുണ്ടാകും. റിട്ടേൺ നൽകിക്കഴിഞ്ഞാൽ അവശേഷിക്കുന്ന നടപടി ക്രമങ്ങൾ സന്ദേശങ്ങളായി ലഭിക്കും. മൊബൈൽ ആപ്പും 24 മണിക്കൂർ കോൾ സെന്ററും വൈകാതെ ആരംഭിക്കും. റിട്ടേൺ വിവരങ്ങളും പുരോഗതിയും ഡാഷ്ബോർഡിൽ ലഭ്യമാകും. ചാറ്റ് ബോട്ട്, എഫ്എക്യു, യൂസർ മാന്വലുകൾ, ഡെമോ വിഡിയോ എന്നിവയുമുണ്ടാകും.
English Summary: Nandan Nilekani Responds After Nirmala Sitharaman Flags New Tax Site Glitches