നടൻ റിസബാവ അന്തരിച്ചു; മറഞ്ഞത് മലയാളികളുടെ ജോണ്‍ ഹോനായി

Mail This Article
കൊച്ചി∙ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസബാവ (61) അന്തരിച്ചു. 1990-ല്‍ റിലീസായ സിദ്ദിഖ്- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് റിസബാവ മലയാള സിനിമയില്‍ ശ്രദ്ധേയനായത്.
ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നു മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾക്കു ചികിത്സയിലായിരുന്നു. നാലു ദിവസം മുൻപു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. റിസബാവയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനാൽ പൊതുദർശനം ഒഴിവാക്കി. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഖബറടക്കും.
നാടക വേദികളിലൂടെ അഭിനയ രംഗത്തെത്തിയ ഇദ്ദേഹം 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിനു വേണ്ടി ആദ്യം കാമറയ്ക്കു മുന്നിലെത്തി. ചിത്രം റിലീസായില്ലെങ്കിലും 1990ൽ ഷാജി കൈലാസിന്റെ ഡോക്ടർ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി എത്തി. പക്ഷേ മലയാളികളുടെ മനസിൽ ഇടം പിടിച്ചത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു.

പിന്നീട്, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, 'ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്‌റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി, തുടങ്ങി മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും വിവിധ ചാനലുകളിലായി ഇരുപതിലധികം സീരിയലുകളിലും അഭിനയിച്ചു. അഭിനയം കൂടാതെ നിരവധി സീരിയലുകളിലും സിനിമകളിലും അദ്ദേഹം ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്.

തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലാണ് താമസിച്ചിരുന്നത്. പരേതരായ കെ.ഇ.മുഹമ്മദ് ഇസ്മായിൽ, സൈനബ ഇസ്മായിൽ എന്നിവരാണ് മാതാപിതാക്കൾ. ജമീല ബീവിയാണ് ഭാര്യ. മകൾ: ഫിറൂസ സഹൽ, മരുമകൻ: സഹൽ.
English Summary: Actor Rizabawa passes away