‘200 കോടിയുടെ തട്ടിപ്പിൽ ലീനയ്ക്ക് സജീവ പങ്കാളിത്തം’; കസ്റ്റഡി നീട്ടി
Mail This Article
ന്യൂഡൽഹി ∙ ബിസിനസുകാരന്റെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഡൽഹി കോടതി ഒക്ടോബർ 23 വരെ നീട്ടി. കുറ്റകൃത്യത്തിൽ ലീനയ്ക്കു സജീവ പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ വ്യക്തമാക്കിയതിനെ തുടർന്നാണു നടപടി.
‘കുറ്റകൃത്യത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഗുണഭോക്താവ് മാത്രമല്ല, മുഖ്യപ്രതിയും ഭർത്താവുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പം കുറ്റകൃത്യത്തിലും ലീനയ്ക്കു സജീവ പങ്കാളിത്തമുണ്ട്’– ഇഡി ചൂണ്ടിക്കാട്ടി. പണം എങ്ങനെ, എവിടെനിന്നു വന്നു എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചില്ലെങ്കിൽ കേസന്വേഷണം തണുത്തുപോകുമെന്നും ഇഡി പറഞ്ഞു.
കസ്റ്റഡിയിലും ചോദ്യം ചെയ്യലിലും ലീനയ്ക്കു കോവിഡ് ബാധിക്കാതിരിക്കാൻ കൃത്യമായ അകലം ഉറപ്പാക്കാൻ ശ്രദ്ധിക്കും. ലീനയുടെ മൂന്ന് മൊബൈൽ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ വീണ്ടെടുക്കാനുണ്ട്. ജോൺ എബ്രഹാം അഭിനയിച്ച മദ്രാസ് കഫെ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ലീന, കുറ്റകൃത്യത്തിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങൾ മനഃപൂർവം മറച്ചുവയ്ക്കുന്നുവെന്നും ഇഡി ആരോപിച്ചു.
ഫോർട്ടിസ് ഹെൽത്ത്കെയർ മുൻ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ ദമ്പതികൾ വഞ്ചിച്ചെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ജൂണിൽ നിയമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാൾ, ജയിലിലായിരുന്ന തന്റെ ഭർത്താവിനു ജാമ്യം ഉറപ്പാക്കാമെന്നു വാഗ്ദാനം ചെയ്തു പണം ചോദിച്ചെന്ന് ഡൽഹി പൊലീസിൽ അദിതി പരാതി നൽകിയിരുന്നു. 2019ൽ റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡിലെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു ശിവിന്ദർ അറസ്റ്റിലായത്.
English Summary: Actor Leena Paul Played "Active Role" In Money Laundering Case: Agency