‘ദാവൂദ് പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും; 5 മക്കളുണ്ട്, എല്ലാവരും വിവാഹിതർ’
Mail This Article
മുംബൈ ∙ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മാസംതോറും 10 ലക്ഷം രൂപ വീതം ഇന്ത്യയിലെ കുടുംബാംഗങ്ങൾക്ക് അയയ്ക്കുന്നതായി വെളിപ്പെടുത്തൽ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹാരാഷ്ട്രയിലെ എൻസിപി മന്ത്രി നവാബ് മാലിക്കിനെതിരായ സാക്ഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പറഞ്ഞു.
പാക്കിസ്ഥാനിലുള്ള ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്. ദാവൂദ് ഭായ് അയച്ചതാണെന്നു പറഞ്ഞു ധാരാളം നോട്ടുകെട്ടുകൾ തനിക്ക് ഇഖ്ബാൽ കാണിച്ചുതന്നിട്ടുണ്ടെന്നും ഇയാൾ ഇഡിയോടു വിശദീകരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
‘ദാവൂദ് പാക്കിസ്ഥാനിലുണ്ട്. മെഹ്ജാബീൻ എന്നാണു ഭാര്യയുടെ പേര്. അഞ്ചു മക്കളുണ്ട്. മോയിൻ എന്നാണ് ഒരു മകന്റെ പേര്. എല്ലാ പെൺമക്കളുടെയും കല്യാണം കഴിഞ്ഞു. മകനും വിവാഹിതനാണ്.’– ഇഖ്ബാൽ കസ്കർ പറഞ്ഞു. ഖാലിദിന്റെ സഹോദരൻ ഇഖ്ബാലിന്റെ ബാല്യകാല സുഹൃത്താണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇഖ്ബാൽ, ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ തുടങ്ങിയ സാക്ഷികളും ദാവൂദിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തൽ ഏജൻസിയോടു നടത്തി.
English Summary: Witnesses: Dawood is in Pakistan, sends Rs 10 lakh per to siblings