എസ്.ഹരീഷിന് വയലാർ അവാർഡ്; പുരസ്കാരം ‘മീശ’ നോവലിന്
Mail This Article
തിരുവനന്തപുരം ∙ നാൽപത്തിയഞ്ചാമത് വയലാർ അവാർഡ് എസ്.ഹരീഷിന്. മീശ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവുമടങ്ങുന്ന പുരസ്കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമൻ കുട്ടി എന്നിവരായിരുന്നു പുരസ്കാര നിർണയ സമിതി.
ജഡ്ജിങ് കമ്മിറ്റി ഒരേ സ്വരത്തിലാണ് വയലാർ പുരസ്കാരത്തിനായി എസ്. ഹരീഷിനെ തിരഞ്ഞെടുത്തതെന്ന് വയലാർ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മലയാളം ഐച്ഛിക വിഷയമായെടുത്ത് പത്താം ക്ലാസ് ഉയർന്ന മാർക്കോടെ വിജയിക്കുന്ന വിദ്യാർഥിക്കുള്ള സ്കോളർഷിപ്പിന് (5000 രൂപ) ആഗ്ന എസ്.കുമാർ അർഹയായി.
സമകാല മലയാളസാഹിത്യത്തിൽ എണ്ണം പറഞ്ഞ ചെറുകഥകൾ കൊണ്ട് ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് മീശ. കുട്ടനാടിന്റെ ജീവിതം പറയുന്ന, സവിശേഷമായ ഭാഷയും ആഖ്യാനശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ രചനയിലെ ചില പരാമർശങ്ങളുടെ പേരിൽ വിവാദമുയർന്നിരുന്നു. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള, അതിസങ്കീർണമായ ഉള്ളടക്കമുള്ള മീശ വ്യത്യസ്തമായ രചനാ മികവ് പുലർത്തിയ കൃതിയാണെന്ന് പുരസ്കാരസമിതി നിരീക്ഷിച്ചു.
രസവിദ്യയുടെ ചരിത്രം, ആദം, അപ്പൻ (കഥാസമാഹാരങ്ങൾ), ആഗസ്റ്റ് 17 (നോവൽ), ഗൊഗോളിന്റെ കഥകൾ (വിവർത്തനം) തുടങ്ങിയവയാണ് ഹരീഷിന്റെ മറ്റു കൃതികൾ. മാവോയിസ്റ്റ് എന്ന കഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമ. ഏദൻ എന്ന ചിത്രത്തിന് സഞ്ജു സുരേന്ദ്രനുമായി ചേർന്നെഴുതിയ തിരക്കഥയ്ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽനേരത്തു മയക്കം എന്നിവയാണ് മറ്റു തിരക്കഥകൾ.
കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവൽ പുരസ്കാരങ്ങൾ, ജെസിബി പുരസ്കാരം, സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
English Summary: Vayalar Award for S Hareesh